Connect with us

National

മുന്‍കൂര്‍ ജാമ്യത്തിന് സമയ പരിധി നിശ്ചയിക്കാനാകില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി | മുന്‍കൂര്‍ ജാമ്യത്തിന് സമയ പരിധി നിശ്ചയിക്കാനാവില്ലെന്ന് ജസ്റ്റിസ് അരുണ്‍ മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ച് വ്യക്തമാക്കി. വിചാരണ നടപടികള്‍ ആരംഭിക്കുന്നതിന്റെ ഭാഗമായി കുറ്റം ആരോപിക്കപ്പെടുന്ന വ്യക്തിക്കു സമന്‍സ് അയച്ചാലും കുറ്റം ചുമത്തപ്പെടുന്ന ഘട്ടത്തിലുമൊന്നും മുന്‍കൂര്‍ ജാമ്യത്തിന്റെ കാലാവധി അവസാനിക്കില്ല. വിചിത്രമായ കേസുകളിലും പ്രത്യേക സാഹചര്യങ്ങളിലും അനിവാര്യമായ അവസരങ്ങളിലും മാത്രമേ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാവൂ. എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്യുന്നതിനു മുമ്പ് കോടതിയെ സമീപിക്കുന്നതില്‍ തടസമില്ലെന്നും കോടതി പറഞ്ഞു.

അതേസമയം, മുന്‍കൂര്‍ ജാമ്യാപേക്ഷ പരിഗണിക്കുമ്പോള്‍ കുറ്റകൃത്യത്തില്‍ പ്രതികളുടെ പങ്ക്, തെളിവുകള്‍ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനുമുള്ള സാധ്യത തുടങ്ങിയവ കണക്കിലെടുക്കണമെന്നും പരമോന്നത കോടതി പറഞ്ഞു. കേസിന്റെ സ്വഭാവമനുസരിച്ച് കോടതികള്‍ക്ക് ജാമ്യ വ്യവസ്ഥകള്‍ നിശ്ചയിക്കാം. മുന്‍കൂര്‍ ജാമ്യം അനുവദിക്കുന്നത് കേസ് അന്വേഷിക്കാനുള്ള പോലീസിന്റെ അധികാരത്തെ ചുരുക്കാനുള്ളതല്ലെന്നും കുറ്റാരോപിതനു കിട്ടുന്ന പരിപൂര്‍ണ സംരക്ഷണമല്ലെന്നും ബഞ്ച് വ്യക്തമാക്കി.
രാജ്യത്തെ പൗരന്മാരുടെ അവകാശങ്ങള്‍ വെട്ടിച്ചുരുക്കാന്‍ പാര്‍ലിമെന്റ് ശ്രമിക്കരുതെന്നും അത്തരം അധികാരങ്ങള്‍ ഉപയോഗിക്കുന്നത് അപകടകരമായ സ്ഥിതിവിശേഷമുണ്ടാക്കുമെന്നും ഉത്തരവില്‍ പറയുന്നു. പൗരന്റെ മൗലികാവകാശങ്ങള്‍ക്കാണ് വിചാരണ നടപടികളില്‍ പ്രാമുഖ്യം നല്‍കേണ്ടത്.

Latest