Connect with us

Kerala

വികസന, പുനര്‍ നിര്‍മാണ രംഗത്ത് സംസ്ഥാനത്തിന്റെ നേട്ടങ്ങള്‍ നിരത്തി ഗവര്‍ണറുടെ നയപ്രഖ്യാപനം

Published

|

Last Updated

തിരുവനന്തപുരം | പിണറായി വിജയന്റെ നേതൃത്വത്തിലുള്ള സംസ്ഥാന സര്‍ക്കാര്‍ കൈവരിച്ച നേട്ടങ്ങള്‍ വിവരിച്ചും ഭാവി വികസന ലക്ഷ്യങ്ങള്‍ ഉണര്‍ത്തിയും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സുസ്ഥിര വികസന രംഗത്ത് വിപ്ലവകരമായ നേട്ടം സര്‍ക്കാര്‍ കൈവരിച്ചതായി ഗവര്‍ണര്‍ നയപ്രഖ്യാപനത്തില്‍ പറഞ്ഞു. പ്രളയ പുനര്‍നിര്‍മാണ രംഗത്തെ പ്രവര്‍ത്തനങ്ങളും ഗവര്‍ണര്‍ വിവരിച്ചു. തുടര്‍ച്ചയായി രണ്ടാം വര്‍ഷവും സുസ്ഥിര വികസനത്തില്‍ നീതി ആയോഗിന്റെ ഒന്നാം സ്ഥാനം കേരളത്തിന് ലഭിച്ചു. ജില്ലാ സഹകരണ ബേങ്കുകളെ സംയാജിപ്പിച്ചുകൊണ്ട് കേരള സംസ്ഥാന സഹകരണ ബേങ്ക് രൂപവത്കരണം വലിയ നേട്ടമാണ്. വ്യവസായം, വാണിജ്യം, ഭവന നിര്‍മാണം, ആഭ്യന്തരം, ഉന്നതവിദ്യാഭ്യാസം, ആയുഷ്, ആരോഗ്യം , വിവരസാങ്കേതിക വിദ്യ തുടങ്ങിയ മേഖലകളില്‍ വളരെയേറെ സര്‍ക്കാര്‍ മുന്നോട്ട് പോയതായും ഗവര്‍ണര്‍ പറഞ്ഞു.

കിഫ്ബിയിലൂടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്ക് വരുമാനത്തിന്റെ ഒരു ഭാഗം മാറ്റിവെക്കാന്‍ സര്‍ക്കാറിനായി. 50000 കോടി രൂപയുടെ പദ്ധതികള്‍ക്ക് കിഫ്ബി ഇതിനകം അംഗീകാരം നല്‍കി. ലൈഫ് മിഷന്‍ പദ്ധതിയില്‍ രണ്ട് ലക്ഷം വീടുകളാണ് ഉപഭോക്താക്കള്‍ക്ക് കൈമാറുന്നത്. പൊതു വിദ്യാഭ്യാസത്തിലും പൊതുജനാരോഗ്യത്തിലും വലിയ മാറ്റങ്ങള്‍ കൊണ്ടുവരാനായി. ആര്‍ദ്രം പദ്ധതി, ഹരിതമിഷന്‍, നദികളുടെ പുന രുജ്ജീവനം എന്നിവ എടുത്തു പറയേണ്ടതാണ്. കമ്മ്യൂണിറ്റി വോളണ്ടിയര്‍ കോര്‍, യുവ നേതൃത്വ അക്കാദമി എന്നിവ അടിയന്തര സാഹചര്യങ്ങളില്‍ സംസ്ഥാനത്തിന്റെ രക്ഷയ്ക്കായി സജജരാകും.രാത്രികാല അഭയകേന്ദ്രം, സ്ത്രീകള്‍ക്ക് സുരക്ഷിതമായി സഞ്ചരിക്കാനുള്ള സംവിധാനങ്ങള്‍ എന്നിവയും നടപ്പാക്കിവരുന്നു. മുഖ്യമന്ത്രിയുടെ ദുരിതശ്ര്വാസ നിധിയില്‍നിന്നു 961കോടി ചിലവിട്ട് നടത്തുന്ന ചീഫ് മിനിസ്റ്റേഴ്സ് ലോക്കല്‍ റോഡ് റിബില്‍ഡ് പ്രോജക്റ്റ് വലിയ മാറ്റമാണ് കൊണ്ടുവരുന്നത്.

വലിയ വികസന നേട്ടങ്ങള്‍ നടപ്പാക്കുമ്പോഴും സാമ്പത്തികമായി മുമ്പെങ്ങുമില്ലാത്ത മാന്ദ്യമാണ് അഭിമുഖീകരിക്കുന്നത്. സംസ്ഥാനങ്ങളുടെ വരുമാനശേഷി കുറഞ്ഞുവരികയാണ്. എന്നാല്‍ കേന്ദ്രം അതു മനസിലാക്കുന്നില്ല. അതില്‍ സര്‍ക്കാറിന് വലിയ ആശങ്കയുണ്ട്. 10000 കോടിയുടെ പൊതു വായ്പയെടുക്കാന്‍ സംസ്ഥാനത്തിന് മുമ്പ് അര്‍ഹതയുണ്ടായിരുന്നു. എന്നാല്‍ 1900 കോടിക്ക് മാത്രമാണ് കേന്ദ്രം അനുമതി നല്‍കിയത്.

അപ്രതീക്ഷിതമായ കാലവസ്ഥാ വ്യതിയാനം മൂലം കര്‍ഷകര്‍ക്ക് വന്‍ നഷ്ടമാണുണ്ടായത്. പ്രകൃതിക്ഷോഭങ്ങളെ ചെറുക്കുന്ന വിളയിനങ്ങള്‍ വികസിപ്പിക്കുവാന്‍ ഊന്നല്‍ നല്‍കിയിട്ടുണ്ട്. പോഷക സുരക്ഷ ഉറപ്പുവരുത്തുന്നതിനായി ഗോത്രവര്‍ഗ പ്രദേശങ്ങളില്‍ പ്രത്യേക പദ്ധതി രൂപീകരിക്കും. കന്നുകാലികള്‍ക്ക് വേണ്ടി സമഗ്ര ഇന്‍ഷുറന്‍സ് വാഗ്ദാനം ചെയ്തിട്ടുണ്ട്. മൊബൈല്‍ വെറ്ററിനറി യൂണിറ്റുകളും ക്ലിനിക്കുകളും സജ്ജമാക്കിയിട്ടുണ്ട്.