Connect with us

National

എന്‍ പി ആറിലെ വിവാദ ചോദ്യങ്ങള്‍ക്കെതിരെ ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍

Published

|

Last Updated

പാട്ന |  സംസ്ഥാനത്ത് എന്‍ ആര്‍ സി നടപ്പാക്കില്ലെന്ന് അറിയിച്ച ബിഹാര്‍ മുഖ്യമന്ത്രിയും എന്‍ ഡി എ നേതാവുമായ നിതീഷ് കുമാര്‍ എന്‍ പി ആറിലെ ചോദ്യങ്ങള്‍ക്കെതിരേയും രംഗത്ത്. എന്‍ പി ആര്‍ വിവരശേഖരണത്തിനായി പുതുതായി കൂട്ടിച്ചേര്‍ത്ത ചോദ്യങ്ങള്‍ സംശയമുളവാക്കുന്നതാണെന്നും ഇത് പിന്‍വലിക്കണമെന്നും നിതീഷ് കുമാര്‍ പറഞ്ഞു.

നിലവിലെ ചോദ്യങ്ങളുമായി എന്‍ പി ആര്‍ നടപ്പാക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങളുടെ മേല്‍ സമ്മര്‍ദം ചെലുത്തുന്നതിന്റെ ഇടയിലാണ് എന്‍ ഡിയിലെ പ്രബല കക്ഷിയുടെ നേതാവ് വിയോജിപ്പ് അറിയിച്ചിരിക്കുന്നത്.
എന്‍ പി ആര്‍ 2011ലെ ചോദ്യങ്ങള്‍വെച്ച് നടത്തിയാല്‍ മതി. ആവശ്യമെങ്കില്‍ മാത്രം പൂരിപ്പിച്ചാല്‍ മതിയെന്ന തരത്തിലുള്ള ചോദ്യങ്ങള്‍ ഒഴിവാക്കാവുന്നതാണല്ലോ. എങ്കില്‍ അതെന്തിനാണ് എന്‍ പി ആറിനായി ഉള്‍പ്പെടുത്തുന്നത്. 2011ല്‍ എന്‍ പി ആര്‍ ഉണ്ടായിട്ടുണ്ട്. 2015ല്‍ എന്‍ പി ആര്‍ അവലോകനം ചെയ്തിട്ടുമുണ്ട്. അത് 2020ലും നടക്കും. പക്ഷെ പുതിയ ചില ചോദ്യങ്ങള്‍ ആശയക്കുഴപ്പമുണ്ടാക്കുന്നതാണ്.

ജനനസ്ഥലവും ജനനത്തിയതിയും എല്ലാവര്‍ക്കും അറിയാന്‍ സാധ്യതയില്ലെന്നിരിക്കെ ആ ചോദ്യം ഉള്‍പ്പെടുത്തേണ്ടതില്ല. ആധാറിലും മറ്റ് രേഖകളിലും ഇത് ഉണ്ടാകുമെന്നിരിക്കെ വീണ്ടും ആവര്‍ത്തിക്കേണ്ടതില്ലെന്നും നിതീഷ് പറഞ്ഞു.

 

 

Latest