Connect with us

Kerala

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ ഭേദഗതി നിയമത്തിനെതിരായ വിമര്‍ശനങ്ങള്‍ വായിച്ച് ഗവര്‍ണര്‍

Published

|

Last Updated

തിരുവനന്തപുരം |നയപ്രഖ്യാപന പ്രസംഗത്തിനായി നിയമസഭയിലേക്കെത്തിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെ നടുത്തളത്തിലിറങ്ങി പ്രതിപക്ഷം അംഗങ്ങള്‍ തടഞ്ഞു. ഭരണഘടനയെ അവഹേളിച്ച ഗവര്‍ണര്‍ തിരിച്ചുപോകണമെന്ന ബാനറുകളും സി എ എ വിരുദ്ധ പ്ലക്കാര്‍ഡുകളും ഉയര്‍ത്തിയാണ് പ്രതിപക്ഷം ഗവര്‍ണറെ തടഞ്ഞത്.

ഒടുവില്‍ വാച്ച് ആന്‍ഡ് വാര്‍ഡ് ബലംപ്രയോഗിച്ച് പ്രതിപക്ഷം അംഗങ്ങളെ മാറ്റിയാണ് നിയമസഭാ വേദിയിലേക്ക് ഗവര്‍ണറെ എത്തിച്ചത്. തുടര്‍ന്ന് ഗവര്‍ണറെ നയപ്രഖ്യാപന പ്രസംഗത്തിനായി സ്പീക്കര്‍ ക്ഷണിച്ചു. തുടര്‍ന്ന് ആദ്യം മലയാളത്തിലും തുടര്‍ന്ന് ഇംഗ്ലീഷിലും ഗവര്‍ണര്‍ നയപ്രഖ്യാപന പ്രസംഗം ആരംഭിച്ചു. ഇതിനിടയിലും പ്രതിപക്ഷം ഗവര്‍ണര്‍ക്കെതിരെ മുദ്രാവാക്യം മുഴക്കി. ഇതിന് പിറകെ പ്രതിപക്ഷം നിയമസഭ ബഹിഷ്‌കരിച്ചു

നയപ്രഖ്യാപന പ്രസംഗത്തില്‍ പൗരത്വ നിയമ ഭേദഗതിക്കെതിരായ വിമര്‍ശനങ്ങളും ഗവര്‍ണര്‍ വായിച്ചു. മുഖ്യമന്ത്രിയോടുള്ള ബഹുമാനപ്രകാരമാണ് വിയോജിപ്പുണ്ടെങ്കിലും വായിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

നിയമത്തിനെതിരായ വിമര്‍ശത്തെ ഗവര്‍ണര്‍ വായിച്ചപ്പോള്‍ ഡസ്‌കിലടിച്ച് ഭരണപക്ഷം സ്വാഗതം ചെയ്തു. അതേ സമയം മുഖ്യമന്ത്രി ഗവര്‍ണറുടെ കാല് പിടിച്ച് വിമര്‍ശം വായിപ്പിച്ചിരിക്കുകയാണെന്നും മുഖ്യമന്ത്രിയും ഗവര്‍ണറും നാടകം കളിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് നിയമസഭക്ക് പുറത്ത് ആരോപിച്ചു

അതേ സമയം പൗരത്വ നിയമത്തിനെതിരായ വിമര്‍ശമുള്ള 18-ാം പാരഗ്രാഫ് വായിക്കില്ലെന്നായിരുന്നു. ഗവര്‍ണറുടെ ആദ്യ നിലപാട്. എന്നാല്‍ മുഖ്യമന്ത്രിയുടെ അഭ്യര്‍ഥനയിലാണ് ഈ ഭാഗം വായിക്കാന്‍ ഗവര്‍ണര്‍ തീരുമാനിച്ചത്. വിയോജിപ്പുള്ള ഭാഗം ഗവര്‍ണര്‍മാര്‍ വായിക്കാറില്ലെങ്കിലും അക്കാര്യം മുന്‍കൂട്ടി അറിയിക്കാറില്ല. മുഖ്യമന്ത്രിയുടെ അഭ്യര്‍ഥന മാനിച്ചാണ് വ്യക്തിപരമായി തനിക്ക് വിയോജിപ്പുള്ള ഭാഗം താന്‍ വായിക്കുന്നതെന്ന് ആമുഖമായി പറഞ്ഞാണ് 18-ാം പാരഗ്രാഫ് ഗവര്‍ണര്‍ വായിച്ചത്.

.

---- facebook comment plugin here -----

Latest