Connect with us

Kerala

ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയം; രാഷ്ട്രപതിയുടെ അധികാര പരിധിയില്‍ സര്‍ക്കാര്‍ ഇടപെടരുതെന്ന് രാജഗോപാല്‍

Published

|

Last Updated

തിരുവനന്തപുരം | ഗവര്‍ണര്‍ക്കെതിരായ പ്രതിപക്ഷ പ്രമേയത്തിന് സ്പീക്കര്‍ അനുമതി നല്‍കിയാല്‍ എതിര്‍ക്കുമെന്ന് ഒ രാജഗോപാല്‍ എം എല്‍ എ. പ്രമേയത്തിന് അനുമതി നല്‍കുന്നത് രാഷ്ട്രപതിയുടെ അധികാര പരിധിയിലുള്ള സര്‍ക്കാറിന്റെ ഇടപെടലാകുമെന്നും അത് അംഗീകരിക്കാനാകില്ലെന്നും രാജഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിന്റെ താത്പര്യമാണ് ഗവര്‍ണര്‍ക്ക് എതിരായ പ്രമേയം. അതിനെ സര്‍ക്കാര്‍ പിന്തുണക്കില്ലെന്നാണ് താന്‍ പ്രതീക്ഷിക്കുന്നത്.

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രമേയത്തെ താന്‍ പിന്തുണച്ചുവെന്ന പ്രതിപക്ഷ പ്രചാരണം വസ്തുതാ വിരുദ്ധമാണെന്നും രാജഗോപാല്‍ വ്യക്തമാക്കി. അങ്ങനെയുണ്ടായിട്ടില്ല. ഗവര്‍ണറുടെ സത്കാരത്തില്‍ പങ്കെടുത്തതിന് പ്രതിപക്ഷം മുഖ്യമന്ത്രിയെ വിമര്‍ശിക്കുന്നത് ഇടുങ്ങിയ ചിന്താഗതിയാണ്. ജനാധിപത്യത്തില്‍ രാഷ്ട്രീയ എതിര്‍പ്പുകള്‍ ശത്രുതയിലേക്ക് നീങ്ങരുത്. മനുഷ്യ മഹാശൃംഖലയില്‍ മറ്റ് പാര്‍ട്ടിക്കാരും പങ്കെടുത്തിട്ടുണ്ടെന്നും ഒ രാജഗോപാല്‍ പറഞ്ഞു.

പ്രതിപക്ഷം നല്‍കിയ പ്രമേയ നോട്ടീസ് അംഗീകരിക്കില്ലെന്ന് സര്‍ക്കാര്‍ രാജ്ഭവനെ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച ചേരുന്ന കാര്യോപദേശക സമിതി നോട്ടീസ് തള്ളാനാണ് സാധ്യത. അതേസമയം, നോട്ടീസ് തള്ളിയാല്‍ നിയമസഭക്കകത്തും പ്രതിഷേധിക്കുമെന്നും പ്രമേയം പരാജയപ്പെട്ടാല്‍ നിയമനടപടികളുമായി മുന്നോട്ട് പോവുമെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. സി എ എക്കെതിരായ സമരത്തില്‍ ആത്മാര്‍ഥത ഉണ്ടെങ്കില്‍ സര്‍ക്കാര്‍ പ്രതിപക്ഷത്തെ പിന്തുണക്കുമെന്നാണ് കരുതുന്നതെന്നും ചെന്നിത്തല പറഞ്ഞു.

Latest