Connect with us

Articles

‘ലൗ ജിഹാദ്': സിനഡ് മറച്ചുപിടിക്കുന്നതെന്ത്?

Published

|

Last Updated

കോടതി നിരാകരിക്കുകയും ആഭ്യന്തര വകുപ്പ് തള്ളുകയും ചെയ്ത ലൗ ജിഹാദ് ഉയര്‍ത്തിക്കാട്ടി സീറോ മലബാര്‍ സഭയുടെ സിനഡ് പുറത്തിറക്കിയ ഔദ്യോഗിക പത്രക്കുറിപ്പിനെ ചുറ്റിപ്പറ്റിയുള്ള വിവാദങ്ങള്‍ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. ഏത് സാഹചര്യത്തിലാണ് ഇങ്ങനെയൊരു പ്രമേയം പാസ്സാക്കിയത് എന്ന കാര്യം ഇപ്പോള്‍ വലിയ ചര്‍ച്ചയായിട്ടുമുണ്ട്. പൗരത്വ നിയമ ഭേദഗതി സംബന്ധിച്ച് രാജ്യമൊട്ടാകെ പ്രതിഷേധം നിലനില്‍ക്കെ ലൗ ജിഹാദ് വീണ്ടും ഉയര്‍ത്തിക്കൊണ്ടുവരാനുള്ള തീരുമാനത്തിന് പിന്നിലെ വികാരം എന്താണെന്നത് വീണ്ടും ചര്‍ച്ച ചെയ്യേണ്ടിയിരിക്കുന്നു.

സീറോ മലബാര്‍ സഭ ഇങ്ങനെയൊരു പ്രസ്താവന ഇറക്കി എന്നുള്ളത് ഗൗരവതരമായി കാണേണ്ട കാര്യമാണ്. കേരളത്തില്‍ നിരവധി സഭകളുണ്ട്. ഇവരാരും ഇങ്ങനെയൊരു ആശങ്ക പ്രകടിപ്പിച്ചിട്ടില്ല. അതേസമയം സീറോ മലബാര്‍ സഭ മാത്രം ഇത്തരമൊരു പ്രസ്താവന ഇറക്കിയതിനു പിന്നിലെ പൊള്ളത്തരം കാണാതിരിക്കാനുമാകില്ല. സഭ നേരിടുന്ന നിരവധി ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഒന്നിനെയും അഭിസംബോധന ചെയ്യാതെ “ലൗ ജിഹാദ്” ഒരു വലിയ സംഭവമായി പൊതുസമൂഹത്തില്‍ അവതരിപ്പിക്കുക വഴി സഭാ സിനഡ് സ്വയം ചെറുതാകുകയാണ് ചെയ്തതെന്നതില്‍ തര്‍ക്കമുണ്ടാകില്ല. സഭയില്‍ ഒരു കാലഘട്ടത്തിലും കണ്ടിട്ടില്ലാത്തവിധം അഴിമതി, സാമ്പത്തിക ക്രമക്കേട്, ചിലര്‍ക്കെതിരെയുള്ള ലൈംഗിക ആരോപണങ്ങള്‍ ഇതെല്ലാമുയര്‍ന്ന സാഹചര്യത്തിലാണ് ലൗ ജിഹാദ് പോലുള്ള കാര്യങ്ങള്‍ ഉയര്‍ന്നുവരുന്നതെന്നതാണ് ശ്രദ്ധേയം. ആരോപണങ്ങളുയര്‍ന്ന പശ്ചാത്തലത്തില്‍ കുറ്റാരോപിതര്‍ ഇവിടുത്തെ പ്രാദേശിക സര്‍ക്കാറിന് നേരത്തേ അകമഴിഞ്ഞ സഹായമാണ് നല്‍കിയിരുന്നതെന്നതും കാണാതിരുന്നുകൂടാ.

കഴിഞ്ഞ യു ഡി എഫ് സര്‍ക്കാറിന്റെ കാലത്ത് ഒരു ചെറിയ ബാര്‍ അനുവദിച്ചാല്‍പ്പോലും കേരളത്തിലെ സകല ക്രിസ്ത്യാനികളും തെരുവിലിറങ്ങി പ്രതിഷേധിക്കുമായിരുന്നു. എന്നാല്‍ നാടുനീളെ ബാര്‍ അനുവദിക്കുകയും പുതിയ പബ്ബുകള്‍ അനുവദിക്കുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തിട്ടു പോലും ഈ സര്‍ക്കാറിനെതിരെ സീറോ മലബാര്‍ സഭയുടെ മദ്യവിരുദ്ധ സമിതി ഒരക്ഷരം മിണ്ടിയിട്ടില്ല. ഈയൊരു കാര്യമെടുത്താല്‍ മാത്രം ഇവരുടെ നിലപാടുകളുടെ അടിസ്ഥാനം ബോധ്യപ്പെടും.
അതേസമയം, ഗുരുതരമായ ചില കേസുകളാണ് ഇനിയങ്ങോട്ട് ഇവരെ കാത്തിരിക്കുന്നതെന്നതും കാണേണ്ടിവരും. വരുമാന നികുതിയുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഇക്കാര്യത്തില്‍ സൂചിപ്പിക്കേണ്ടി വരും. കര്‍ദിനാള്‍ ആലഞ്ചേരിയുടെ വിദേശ സംഭാവന നിയന്ത്രണ നിയമ പ്രകാരമുള്ള അക്കൗണ്ടിന്റെ ബാലന്‍സ് ഷീറ്റില്‍ അപാകതയുണ്ടെന്ന് കാട്ടി നേരത്തേ ഒരു വിവരാവകാശ പ്രവര്‍ത്തകന്‍ പരാതി നല്‍കിയിരുന്നു.

അപാകത ബോധ്യപ്പെട്ടാല്‍ സി ബി ഐ അന്വേഷണം നടത്തണമെന്നാണ് ചട്ടം. അപാകത ബോധ്യപ്പെട്ടിട്ടും സി ബി ഐ അന്വേഷണം നടത്താത്തത് എന്തുകൊണ്ടാണെന്നാരാഞ്ഞ് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാക്ക് വീണ്ടും ഇക്കാര്യത്തില്‍ പരാതി നല്‍കി. ഇതിന്റെ മേല്‍ നടപടിക്കായി പരാതി ഡെപ്യൂട്ടി സെക്രട്ടറിക്ക് കൈമാറിയെന്ന് കഴിഞ്ഞ 24ന് അമിത് ഷായുടെ മന്ത്രാലയത്തില്‍ നിന്ന് അദ്ദേഹത്തിന് മറുപടി ലഭിക്കുകയും ചെയ്തിട്ടുണ്ട്. ഒരു സി ബി ഐ അന്വേഷണത്തിന് സാധ്യത നിലനില്‍ക്കുന്ന സാഹചര്യത്തില്‍ ബി ജെ പിയോടുള്ള അനുകൂല നിലപാടിന് പിന്നില്‍ രാഷ്ട്രീയമുണ്ടെന്ന് ആരെങ്കിലും പറഞ്ഞാല്‍ അത് എങ്ങനെ തള്ളിക്കളയാനാകും.

നേരത്തേ പി ഒ സിയില്‍ (കത്തോലിക്കാ ബിഷപ്പ് കൗണ്‍സില്‍ ആസ്ഥാനത്ത്) നടന്ന ഒരു സെമിനാറില്‍ മുഖ്യപ്രഭാഷണം നടത്താന്‍ ക്ഷണിച്ചത് ബി ജെ പി സഹയാത്രികനായ ടി പി സെന്‍കുമാറിനെയായിരുന്നുവെന്നതും ഇതോടൊപ്പം ചേര്‍ത്തു വായിക്കേണ്ടതുണ്ട്. കെ സി ബി സി വക്താവ് ഫാ വർഗീസ് വള്ളിക്കാട്ടില്‍ പൗരത്വ ഭേദഗതി ബില്ലും ചില പശ്ചാത്തല ചിന്തകളും എന്ന വിഷയത്തിലൂന്നി ബി ജെ പി മുഖപത്രത്തില്‍ ലേഖനമെഴുതിയതും വലിയ ചര്‍ച്ചയായിട്ടുണ്ട്. ഒരു പക്ഷേ, കേരളത്തിലാദ്യമായായിരിക്കും ഒരു വൈദികന്റെ ലേഖനം ഇത്തരത്തില്‍ പ്രസിദ്ധപ്പെടുത്തുന്നത്. പൗരത്വ നിയമത്തെ അനുകൂലിക്കുന്ന ലഘുലേഖ ബി ജെ പി നേതാക്കളില്‍ നിന്ന് കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി സ്വീകരിച്ചതും പുതിയ സാഹചര്യവുമായി കൂട്ടിവായിക്കേണ്ടതുണ്ട്.

ലൗ ജിഹാദ് ബി ജെ പിയുടെ പൂഴിക്കടകനാണെന്ന് ആര്‍ക്കാണറിയാത്തത്. സംഘ്പരിവാര്‍ രാഷ്ട്രീയത്തിനെതിരെ അതിശക്തമായ ജനവികാരമുയര്‍ന്ന സാഹചര്യത്തില്‍ അത്തരം ചര്‍ച്ചകളെ വഴിതിരിച്ചു വിടാനുള്ള ബോധപൂര്‍വമായ ശ്രമമാണ് ഇപ്പോള്‍ നടക്കുന്നത്. ലൗ ജിഹാദ് സംഘ്പരിവാര്‍ രാഷ്ട്രീയം ഫലപ്രദമായി ഉപയോഗിച്ച ആയുധം തന്നെയാണ്. 2009ല്‍ ലൗ ജിഹാദ് എന്ന വാക്ക് കേട്ട കാലം മുതല്‍ ഇക്കാര്യം അന്വേഷിക്കുന്നുണ്ട്. സഭയുടെ പാസ്റ്ററല്‍ ഓറിയന്റേഷന്‍ സെന്ററില്‍ (പി ഒ സി) വിജിലന്‍സ് ഓര്‍ സോഷ്യല്‍ ഹാര്‍മണി എന്നൊരു വിഭാഗമുണ്ട്. ഇത്തരം കേസുകള്‍ അന്വേഷിക്കലാണ് അവരുടെ ചുമതല. അതിന്റെ തലവന്‍ ഒരു വൈദികനാണ്.

പുതിയ വിവാദമുയര്‍ന്നതിന്റെ പശ്ചാത്തലത്തില്‍ ഇക്കാര്യം ബന്ധപ്പെട്ടവരോട് തിരക്കിയിരുന്നു. ഇത്രയും കാലത്തിനിടക്ക് ഒരു മതത്തിന്റെ പിന്തുണയോടെ ഇത്തരമൊരു കാര്യം നടന്നതായി അറിയില്ലെന്നായിരുന്നു മറുപടി. 10 കൊല്ലത്തെ അന്വേഷണത്തിനിടയിലും ഇങ്ങനെയൊരു കണ്ടെത്തല്‍ ഉണ്ടായിട്ടില്ല. ഈയൊരു സാഹചര്യത്തില്‍ ഒരു ഇല്ലാക്കഥയെ സിനഡിന്റെ ഔദ്യോഗിക രേഖയാക്കി അവതരിപ്പിച്ചതെന്തിനെന്ന ചോദ്യം ഇപ്പോള്‍ ഉയരുന്നുണ്ട്. ക്രിസ്ത്യാനികള്‍ക്കിടയില്‍ നുഴഞ്ഞുകയറാന്‍ ബി ജെ പി കൊണ്ടുവന്ന രാഷ്ട്രീയ അജന്‍ഡ തന്നെയാണ് ലൗ ജിഹാദ്. 2009ല്‍ ശ്രീരാമ സേന ലൗ ജിഹാദ് എന്ന ആശയം കൊണ്ടുവന്നപ്പോള്‍ ഒരൊറ്റ ക്രിസ്ത്യാനി പോലും ബി ജെ പിയിലേക്ക് കാലെടുത്തു വെച്ചിട്ടില്ലായിരുന്നു. പിന്നീട് ചെറിയൊരു ശതമാനം ആളുകള്‍ക്കിടയിലെങ്കിലും വേരോട്ടമുണ്ടാക്കാന്‍ ഇതവര്‍ രാഷ്ട്രീയ ആയുധമാക്കുകയായിരുന്നു.

ഒരു അന്തര്‍ദേശീയ പ്രശ്‌നമായ ഐ സി സിനെ ചൂണ്ടിക്കാട്ടി ദേശീയതലത്തില്‍ ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡനങ്ങളെ തമസ്‌കരിക്കാന്‍ കാണിക്കുന്ന സിനഡിന്റെ നടപടി വിശ്വാസികളില്‍ വലിയ ആശങ്ക തന്നെ ഉയര്‍ത്തിയിരുന്നു. ഈ സിനഡിനകത്തുള്ള, ഏറ്റവും കുറഞ്ഞത് പത്ത് പിതാക്കന്മാരെങ്കിലും രാജ്യത്തെ വിവിധ മിഷന്‍ രൂപതകളില്‍ സേവനമനുഷ്ഠിക്കുന്നവരാണ്. നിത്യേനയെന്നോണം ക്രിസ്ത്യാനികള്‍ അനുഭവിക്കുന്ന പീഡനങ്ങളും വേദനകളും അവര്‍ക്ക് നന്നായി അറിയാം. ക്രിസ്മസിന് വീടിനു മുന്നില്‍ നക്ഷത്രം അലങ്കരിക്കാനുള്ള സ്വാതന്ത്ര്യം പോലും ഇന്ത്യയുടെ പല ഭാഗങ്ങളിലും ക്രിസ്ത്യാനികള്‍ക്ക് ലഭിക്കാറില്ല. കുര്‍ബാനക്ക് ചെല്ലുകയാണെന്നറിഞ്ഞാല്‍ വൈദികരെ മരത്തില്‍ കെട്ടിയിടുന്ന നടപടികള്‍ പോലും പലയിടത്തുമുണ്ടാകാറുണ്ട്. ഇത്തരത്തില്‍ പീഡനം നടക്കുന്ന നിരവധി ഇടങ്ങള്‍ ഇന്ത്യയിലുണ്ട്. 2014 വരെയുള്ള കണക്കുകള്‍ പ്രകാരം രാജ്യത്ത് മതത്തിന്റെ പേരില്‍ പീഡിപ്പിക്കപ്പെടുന്ന ക്രിസ്ത്യാനികളുടെ എണ്ണം ഒരു വര്‍ഷം 48 ആയിരുന്നെങ്കില്‍ 2014ന് ശേഷം ഇത് 300ലധികമായി വര്‍ധിച്ചിട്ടുണ്ടെന്നാണ് വിലയിരുത്തല്‍. ഓരോ 40 മണിക്കൂറിലും ഒരു ക്രിസ്ത്യാനി പീഡിപ്പിക്കപ്പെടുന്നുവെന്ന് കണക്കുകള്‍ പറയുന്നു. മധ്യപ്രദേശിലെ സാത്‌ന രൂപതയിലെ സെമിനാരി വിദ്യാര്‍ഥികളില്‍ കുറച്ച് പേര്‍ ക്രിസ്മസ് കരോളിനായി പുറപ്പെട്ടപ്പോള്‍ സംഘ്പരിവാറുകാര്‍ അവരെ അടിച്ചോടിച്ച സംഭവം അടുത്ത കാലത്താണ് നടന്നത്. പരാതിപ്പെടാന്‍ പോയ അവരെ പ്രതിചേര്‍ത്ത് ജയിലിലടക്കുകയായിരുന്നു. പീഡിതരായ വിദ്യാര്‍ഥികളില്‍പ്പെട്ടവര്‍ സീറോ മലബാര്‍ സഭയില്‍പ്പെട്ടവരായിരുന്നുവെന്നതാണ് മറ്റൊരു വസ്തുത. അത്തരമൊരു ചുറ്റുപാടില്‍ പൗരത്വ നിയമ ഭേദഗതി ക്രിസ്ത്യന്‍ സമൂഹത്തിന് ഭീഷണിയാകുമെന്ന് കരുതുന്നുണ്ടോ എന്ന ചോദ്യം വളരെ പ്രസക്തവുമാണ്. ക്രിസ്ത്യാനിയെയും മുസ്‌ലിമിനെയും ഒരുമിച്ച് പുറത്താക്കിയാല്‍ വലിയ പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചേക്കാം. രണ്ടാം ഘട്ടമെന്ന നിലയില്‍ ക്രിസ്ത്യാനികള്‍ക്ക് നേരെയും ഇത്തരം നിയമം പ്രയോഗിച്ചാല്‍ അത്ഭുതപ്പെടേണ്ടതില്ല. ഇന്ത്യയെ ഹിന്ദുരാഷ്ട്രമാക്കുക എന്ന ഒറ്റ ലക്ഷ്യം മാത്രമാണ് സംഘ്പരിവാറിനുള്ളത്. അതിന് വേണ്ടി അവര്‍ ഏത് നടപടികളിലേക്ക് തിരിഞ്ഞാലും അതിശയപ്പെടേണ്ട കാര്യമില്ല.

(അല്‍മായ മുന്നേറ്റം കോര്‍കമ്മിറ്റിയംഗമാണ് ലേഖകന്‍)