Connect with us

Kerala

ഇനിമുതല്‍ സംസ്ഥാനത്തെ ഏത് പോലീസ് സ്‌റ്റേഷനിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാം; പഴയ ചട്ടം എടുത്തുകളയുമെന്ന് ഡിജിപി

Published

|

Last Updated

തിരുവനന്തപുരം | ഇനിമുതല്‍ സംസ്ഥാനത്തെ ഏതു പോലീസ് സ്റ്റേഷനിലും പ്രഥമവിവര റിപ്പോര്‍ട്ട് (എഫ്‌ഐആര്‍) രജിസ്റ്റര്‍ ചെയ്യാം. എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത ശേഷം, ബന്ധപ്പെട്ട പോലീസ് സ്റ്റേഷനിലേയ്ക്ക് ഇത് അയച്ചുകൊടുത്താല്‍ മതിയാകും. അതതു സ്ഥലത്തെ പോലീസ് സ്റ്റേഷനില്‍ തന്നെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്ന ചട്ടം എടുത്തുകളയാന്‍ തീരുമാനിച്ചതായി ഡിജിപിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കി.

ക്രിമിനല്‍ നടപടി നിയമസംഹിതയിലെ വകുപ്പ് 170 പ്രകാരം ഇതുവരെ കുറ്റകൃത്യം നടന്നാല്‍ അതേ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ത്തന്നെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്യണമെന്നത് നിര്‍ബന്ധമായിരുന്നു. ഇത് പലപ്പോഴും യാത്ര ചെയ്യുന്നവര്‍ക്ക് അടക്കം വലിയ ബുദ്ധിമുട്ടാണുണ്ടാക്കിയിരുന്നത്.

പോലീസിന് നേരിട്ട് കേസ് എടുക്കാവുന്ന കുറ്റകൃത്യത്തെക്കുറിച്ച് അറിവ് ലഭിക്കുന്ന പോലീസ് ഉദ്യോഗസ്ഥന്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യാത്തപക്ഷം അദ്ദേഹത്തിന് രണ്ടുവര്‍ഷം വരെ തടവും പിഴയും ശിക്ഷ നല്‍കാന്‍ ഇന്ത്യന്‍ ശിക്ഷാ നിയമത്തില്‍ വകുപ്പുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തന്റെ അധികാരപരിധിയുടെ പുറത്ത് നടന്ന കുറ്റകൃത്യമാണെങ്കിലും എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്ത് ബന്ധപ്പെട്ട സ്റ്റേഷനിലേയ്ക്ക് അയച്ചുകൊടുക്കാന്‍ ഡിജിപി നിര്‍ദ്ദേശിച്ചത്. നിര്‍ദ്ദേശം പാലിക്കുന്നതില്‍ വീഴ്ച വരുത്തിയാല്‍ പോലീസുദ്യോഗസ്ഥര്‍ക്കെതിരെ വകുപ്പുതലത്തിലും നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം അറിയിച്ചു.

Latest