National
പൗരത്വ നിയമത്തിനെതിരെ ഡല്‍ഹിയിലും ഇടതുപക്ഷം മനുഷ്യ ശൃംഖല തീര്‍ക്കും

ന്യൂഡല്‍ഹി | പൗരത്വ നിയമത്തിനെതിരെ ചരിത്രത്തിലെ ഏറ്റവും വലിയ പ്രക്ഷോഭമായ മനുഷ്യമഹാ ശൃംഖല കേരളത്തില്‍ തീര്‍ത്ത ഇടതുപക്ഷം രാജ്യ തലസ്ഥാനത്തും ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നു. ജനുവരി 30 ഗാന്ധി രക്തസാക്ഷി ദിനത്തിലാണ് ഡല്‍ഹിയില്‍ ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. ഭരണഘടനയോടും ജനാധിപത്യത്തോടും മതേതരത്വത്തോടും ഐക്യദാര്‍ഢ്യം എന്ന മുദ്രാവാക്യം ഉയര്‍ത്തി ജന്‍ അധികാര്‍ ആന്തോളന്‍ എന്ന ബാനറിന്റെ കീഴിലാണ് ഇടതുപക്ഷ സംഘടനകള്‍ അണി നിരക്കുക.
പൗരത്വനിയമ ഭേദഗതിക്കെതിരേ റിപബ്ലിക് ദിനത്തില്‍ ജനലക്ഷങ്ങളെ അണിനിരത്തിയാണ് ഇടതുപക്ഷം മനുഷ്യ മഹാശൃംഖല തീര്‍ത്തത്. രാഷ്ട്രീയ, മത, സാമുദായിക, സാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ ഇതില്‍ അണിനിരന്നു. ഇടതുപക്ഷത്തിനെതിരെ നില്‍ക്കുന്ന സാമുദായിക സംഘടനകളും പ്രതിപക്ഷ രാഷ്ട്രീയ പാര്‍ട്ടി പ്രവര്‍ത്തകരുമെല്ലാം സമരത്തിന്റെ ഭാഗമായി. ദേശീയ മാധ്യമങ്ങളിലടക്കം വലിയ പ്രാധാന്യമാണ് ശൃംഖലക്ക് ലഭിച്ചത്. ഈ ഒരു സാഹചര്യത്തിലാണ് രാജ്യ തലസ്ഥാനത്ത് ഇത്തരത്തിലൊരു പ്രതിഷേധം സംഘടിപ്പിക്കുന്നത്. കേന്ദ്ര സര്‍ക്കാറിന്റെ വിമര്‍ശകരായ പല പ്രമുഖരേയും ഡല്‍ഹിയില്‍ അണിനിരത്താനാണ് ഇടതുപക്ഷത്തിന്റെ നീക്കം.