ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും; അമിത് ഷായെ കടന്നാക്രമിച്ച് അനുരാഗ് കശ്യപ്

Posted on: January 27, 2020 12:56 pm | Last updated: January 27, 2020 at 3:44 pm

മുംബൈ | കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായെ വിമര്‍ശനങ്ങള്‍കൊണ്ട് മൂടി സംവിധായകനും നടനുമായ അനുരാഗ് കശ്യപ്. അമിത് ഷായെ മൃഗം എന്ന് വിശേഷിപ്പിച്ച കശ്യപ്, ചരിത്രം അയാളുടെ മേല്‍ കാര്‍ക്കിച്ച് തുപ്പുമെന്നും പറഞ്ഞു. ട്വിറ്ററിലൂടെ കശ്യപിന്റെ കടുത്ത വിമര്‍ശനം. ഡല്‍ഹിയില്‍ ബി ജെ പിയുടെ തിരഞ്ഞെടുപ്പ് യോഗത്തിനിടെ പ്രതിഷേധിച്ചയാളെ ആക്രമിച്ചതിലാണ് കശ്യപിന്റെ വിമര്‍ശം.

ഞങ്ങളുടെ ആഭ്യന്തരമന്ത്രി ഒരു ഭീരുവാണ്. അയാളുടെ പോലീസാകട്ടെ കൂലിക്കെടുത്ത കുറേ ക്രിമിനലുകളും. സൈന്യവരെയുണ്ടായിട്ടും അയാള്‍ സ്വന്തം സുരക്ഷ വര്‍ധിപ്പിക്കുകയും നിരായുധരായ പ്രതിഷേധക്കാരെ ആക്രമിക്കുകയും ചെയ്യുന്നു. അല്‍പ്പത്തരത്തിന്റെയും അപകര്‍ഷതയുടെയും പരിധി ലംഘിച്ച ആരെങ്കിലുമുണ്ടെങ്കില്‍ അത് അമിത് ഷാ ആണ്. ചരിത്രം ഈ മൃഗത്തിന് മേല്‍ കാര്‍ക്കിച്ച് തുപ്പും- അനുരാഗ് കശ്യപ് ട്വിറ്ററില്‍ കുറിച്ചു.

പ്രധാനമന്ത്രി നരേന്ദ്രമോദിയും അമിത് ഷായും അവരുടെ സംഘടനകളായ ബി ജെ പിയും എ ബി വി പിയും തീവ്രവാദികളാണെന്ന് ഈ മാസം ആദ്യം കശ്യപ് പറഞ്ഞിരുന്നു. ജെ എന്‍ യുവിലെ എ ബി വി പി ആക്രമണത്തെ തുടര്‍ന്നായിരുന്നു ഈ വിമര്‍ശം.