Kozhikode
'ഹലോ ഇന്ത്യ' ദേശീയ യാത്രക്ക് നാളെ തുടക്കം
കോഴിക്കോട് | 23 സംസ്ഥാനങ്ങളിൽ മർകസ് നടത്തിയ വിദ്യാഭ്യാസ സാംസ്‌കാരിക മുന്നേറ്റങ്ങൾ പരിചയപ്പെടുത്തി നടത്തുന്ന ദേശീയ യാത്ര “ഹലോ ഇന്ത്യ”ക്കു നാളെ തുടക്കമാവും.
മർകസ് 43ാം വാർഷിക സമ്മേളന ഭാഗമായി സംഘടിപ്പിക്കുന്ന യാത്രയിൽ ഓരോ സംസ്ഥാനങ്ങളിലെയും വ്യത്യസ്തമായ ചരിത്ര സാംസ്‌കാരിക ചുറ്റുപാടിൽ മർകസ് ഉണ്ടാക്കിയ വിജ്ഞാനകേന്ദ്രീകൃതവും ബഹുസ്വരത പ്രോത്സാഹിപ്പിക്കുന്നതുമായ വിവിധ കാഴ്ചകൾ പകർത്തും.
വിവിധ മെട്രോ നഗരങ്ങളിലും സാംസ്‌കാരിക കേന്ദ്രങ്ങളിലും ഹലോ ഇന്ത്യ സംഘത്തിന് സ്വീകരണവും ഒരുക്കിയിട്ടുണ്ട്.
“സുസ്ഥിര സമൂഹം സുഭദ്ര രാഷ്ട്രം” എന്ന പ്രമേയത്തിൽ മർകസ് നടത്തുന്ന സമ്മേളനത്തിന്റെ സന്ദേശം ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ 43 ലക്ഷം ജനങ്ങളിലേക്ക് എത്തിക്കുക എന്നതും ഹലോ ഇന്ത്യയുടെ ഭാഗമായി നടക്കും.
ഇതിനായി ഓരോ സംസ്ഥാനത്തെയും കാഴ്ചകൾ ഉറുദു, ഇംഗ്ലീഷ് ഭാഷകളിൽ പ്രസിദ്ധീകരിക്കും.
ഹലോ ഇന്ത്യ ഫ്ലാഗ് ഓഫ് നാളെ രാവിലെ 11ന് മർകസ് ക്യാമ്പസിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നിർവഹിക്കും. സി മുഹമ്മദ് ഫൈസി സന്ദേശപ്രഭാഷണം നടത്തും. മർകസ് സമ്മേളന സന്ദേശം മുദ്രണം ചെയ്ത വാഹനത്തിൽ നടക്കുന്ന യാത്ര രണ്ട് മാസം നീണ്ടുനിൽക്കും.



