Connect with us

Sports

ഗോകുലം X ചർച്ചിൽ ആവേശപ്പോരാട്ടം ഇന്ന്

Published

|

Last Updated

കോഴിക്കോട് | ഐ ലീഗ് ഫുട്‌ബോളിൽ ഗോകുലത്തിന്റെ സ്വന്തം തട്ടകത്തിൽ ഇന്ന് ആവേശപ്പോരാട്ടം. വമ്പന്മാരായ ചർച്ചിൽ ബ്രദേഴ്‌സ് ഗോവയുമായാണ് ആതിഥേയരുടെ ഏറ്റുമുട്ടൽ. കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ രാത്രി ഏഴിന് നടക്കുന്ന മത്സരത്തിൽ ജയം ഉറപ്പിക്കാൻ ഇരുടീമും അരയും തലയും മുറുക്കി ഇന്ന് കളത്തിലിറങ്ങും. ഹെൻട്രി കിസേക്കയും ക്യാപ്റ്റൻ മാർക്കസ് ജോസഫും അവസരത്തിനൊത്തുയർന്നാൽ മറ്റൊരു ഹോം വിജയം നേടാനാകുമെന്നാണ് ഗോകുലത്തിന്റെ പ്രതീക്ഷ. പോയിന്റ് ടേബിളിൽ ചർച്ചിൽ നാലാംസ്ഥാനത്തും ഗോകുലം അഞ്ചാം സ്ഥാനത്തുമാണുള്ളത്.

കരുത്തരായ ഈസ്റ്റ്ബംഗാളിനെ അട്ടിമറിച്ച ആത്മവിശ്വാസവുമായി ലുധിയാനയിൽ മിനർവ പഞ്ചാബിനെ എതിരിട്ട ഗോകുലം ഒന്നിനെതിരെ മൂന്ന് ഗോളുകൾക്ക് പരാജയപ്പെട്ടിരുന്നു. കളിയുടെ അസാനഘട്ടങ്ങളിൽ വരുന്ന പിഴവാണ് പലപ്പോഴും ടീമിന് തോൽവി സമ്മാനിക്കുന്നത്. എന്നാൽ കളിമികവിൽ ഗോകുലം മുന്നിലായിരുന്നു. ഗോളി സി കെ ഉബൈദിന്റെ പിഴവാണ് പഞ്ചാബിന്റെ മൂന്നാം ഗോൾ പിറക്കാൻ കാരണമായത്.

ജയിക്കാവുന്ന മത്സരമായിരുന്നു ഇത്. മലബാറിയൻസിന്റെ സ്വതസിദ്ധമായ പാസിംഗ് ഗെയിം പുറത്തിറക്കാനായില്ലെന്നും ഇത് ടീം പ്രകടനത്തെ ബാധിച്ചെന്നും കോച്ച് സാന്റിയാഗോ വരേല വ്യക്തമാക്കി. അതേസമയം സെറ്റ്പീസുകളിലൂടെ ഗോൾവഴങ്ങുന്നതിന് പരിഹാരമായി ഇന്നലെ കൂടുതൽ സമയം സെറ്റ്പീസ്പരിശീലനം നടത്തി. പരുക്കിന്റെ പിടിയിലുള്ള ഷിബിൻ മുഹമ്മദും മുഹമ്മദ് റാഷിദും ഇന്ന് കളിക്കാനിടയില്ല. മറുവശത്ത് ട്രോ എഫ് സിയോട് തോറ്റാണ് ഗോവൻ ക്ലബിന്റെ വരവ്. വില്ലിസ് പ്ലാസയാണ് ചർച്ചിലിന്റെ പ്രധാനതാരം.

കളി വരുമാനം ധൻരാജിന്റെ കുടുംബത്തിന്

കോഴിക്കോട് | ഇന്ന് ഗോകുലം, ചർച്ചിൽ ബ്രദേഴ്‌സ് മത്സരത്തിൽ നിന്ന് ലഭിക്കുന്ന വരുമാനം ഫുട്‌ബോൾ മത്സരത്തിനിടെ കുഴഞ്ഞുവീണുമരിച്ച മുൻകേരള ഫുട്‌ബോൾതാരം ധൻരാജിന്റെ കുടുംബത്തിന്. ധൻരാജിന്റെ കുടുംബത്തെ സഹായിക്കാനായി നടത്തുന്ന മത്സരമെന്ന നിലയിൽ കോർപറേഷൻ സ്റ്റേഡിയത്തിലേക്ക് കൂടുതൽ ഫുട്‌ബോൾ പ്രേമികൾ എത്തുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതിനകം തന്നെ ടിക്കറ്റ് വിൽപ്പനക്ക് വൻപ്രതികരണമാണ് ലഭിച്ചത്. ഇന്നലെ വൈകുന്നേരത്തോടെ ഏഴായിരത്തോളം ടിക്കറ്റുകളാണ് വിറ്റുപോയത്.
ഗോകുലം കേരള എഫ് സി, ചർച്ചിൽ ബ്രദേഴ്‌സ് മത്സരത്തിന്റെ ടിക്കറ്റുകൾ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽഛേത്രിയും മുൻ ഫുട്‌ബോൾതാരം ഐ എം വിജയനും വാങ്ങിയിരുന്നു. ഫുട്‌ബോൾ താരം സന്ദേശ് ജിങ്കനും ആയിരം ടിക്കറ്റുകൾ വാങ്ങി. ഇത് അമ്പതിനായിരം രൂപ വരും. ഐ എസ് എൽ ടീമായ ചെന്നൈ എഫ് സി നൂറ് ടിക്കറ്റും വാങ്ങി. 220 ഗ്യാലറി ടിക്കറ്റുകളാണ് ഛേത്രി വാങ്ങിയത്. സുഹൃത്തിനുവേണ്ടി 250 ടിക്കറ്റുകളാണ് ഐ എം വിജയൻ സ്വന്തമാക്കിയത്. മത്സരത്തിൽ ടിക്കറ്റ് വിൽപനയിലൂടെ ലഭിക്കുന്ന വരുമാനം പൂർണമായി ധനരാജിന്റെ കുടുംബസഹായ ഫണ്ടിലേക്ക് നൽകുമെന്ന് ഗോകുലം മാനേജ്‌മെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു.

ബ്യൂറോ ചീഫ്, സിറാജ്, കോഴിക്കോട്

Latest