Connect with us

National

പത്മ പുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു: മൂഴിക്കല്‍ പങ്കജാക്ഷിക്കും സത്യനാരായണന്‍ മുണ്ടയൂരിനും പത്മശ്രീ

Published

|

Last Updated

ന്യൂഡല്‍ഹി | 71-ാം റിപ്പബ്ലിക് ദിനാഘോഷത്തിന് മുന്നോടിയായി പത്മപുരസ്‌കാരങ്ങള്‍ പ്രഖ്യാപിച്ചു. രണ്ട് മലയാളികള്‍ പത്മശ്രീപുരസ്‌കാരത്തിന് അര്‍ഹരായി. നോക്കുവിദ്യാ പാവകളി കലാകാരി മൂഴിക്കല്‍ പങ്കജാക്ഷി, സാമൂഹിക പ്രവര്‍ത്തകന്‍ സത്യനാരായണന്‍ മുണ്ടയൂര്‍ എന്നിവരാണ് പുരസ്‌കാരത്തിന് അര്‍ഹരായത്.

അന്യം നിന്നു പോകുന്ന നോക്കുവിദ്യ പാവകളിയുടെ പ്രചാരണത്തിന് നല്‍കിയ നിര്‍ണായകസംഭാവനകള്‍ പരിഗണിച്ചാണ് പങ്കജാക്ഷിക്ക് പത്മപുരസ്‌കാരം നല്‍കിയിരിക്കുന്നത്.കോട്ടയം മോനിപ്പള്ളി സ്വദേശിനിയാണ് പങ്കജാക്ഷി.കൈകള്‍ കൊണ്ട് പാവകളെ നിയന്ത്രിക്കുന്ന തോല്‍പ്പാവകളിയില്‍ നിന്നും തീര്‍ത്തും വ്യത്യസ്തമാണ് നോക്കുവിദ്യ പാവകളി. മൂക്കിനും മേല്‍ച്ചുണ്ടിനും ഇടയിലുള്ള ഇത്തിരി സ്ഥലത്ത് കുത്തി നിര്‍ത്തിയ ഒരു വടിയിലാണ് നോക്കുവിദ്യ പാവകളിയില്‍ പാവകളെ നിയന്ത്രിക്കുന്നത്.

കേരളത്തില്‍ ജനിച്ച സത്യനാരായണന്‍ കഴിഞ്ഞ നാല്‍പ്പതുവര്‍ഷമായി അരുണാചല്‍ പ്രദേശിലാണ് പ്രവര്‍ത്തിക്കുന്നത്. വിദ്യാഭ്യാസ പ്രവര്‍ത്തനത്തിനും ഗ്രാമീണമേഖലയില്‍ വായനശാലകള്‍ വ്യാപിപ്പിച്ചതിനുമാണ് സത്യനാരായണന് പുരസ്‌കാരം ലഭിച്ചത്.21 പേര്‍ക്കാണ് ഇക്കുറി പത്മശ്രീ പുരസ്‌കാരം ലഭിച്ചിരിക്കുന്നത്. ജഗദീഷ് ജല്‍ അഹൂജ, മുഹമ്മദ് ഷരീഫ്, തുളസി ഗൗഡ(പരിസ്ഥിതി പ്രവര്‍ത്തക കര്‍ണാടക), മുന്ന മാസ്റ്റര്‍ തുടങ്ങിയവരാണ് പത്മശ്രീ പുരസ്‌കാരം ലഭിച്ച മറ്റു ചിലര്‍.