ശത്രുത പരത്തും വിധം ട്വീറ്റ്: ബിജെപി സ്ഥാനാര്‍ഥിക്ക് തിരഞ്ഞെടുപ്പ് പ്രചാരണ വിലക്ക്

Posted on: January 25, 2020 6:53 pm | Last updated: January 25, 2020 at 9:42 pm

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബിജെപി സ്ഥാനാര്‍ഥി കപില്‍ മിശ്രക്ക് തിരഞ്ഞെടുപ്പ് കമ്മീഷന്‍ 48 മണിക്കൂര്‍ പ്രചാരണവിലക്ക് ഏര്‍പ്പെടുത്തി. ശനിയാഴ്ച വൈകിട്ട് അഞ്ചുമണി മുതല്‍ വിലക്ക് നിലവില്‍വരും. വ്യത്യസ്ത വിഭാഗങ്ങള്‍ക്കിടയില്‍ ശത്രുത സൃഷ്ടിക്കും വിധം ട്വീറ്റുകള്‍ നടത്തിയതിനെതിരെയാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.

കപില്‍ മിശ്ര നടത്തിയ വിവാദ ട്വീറ്റുകള്‍ക്കെതിരെ വെള്ളിയാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷന്‍ രംഗത്തെത്തുകയും ട്വീറ്റുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്ററിനോട് ആവശ്യപ്പെടുകയും ചെയ്തിരുന്നു. തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ നിര്‍ദേശപ്രകാരം പോലീസ് കപിലിനെതിരെ കേസെടുക്കുകയും ചെയ്തിരുന്നു. മുമ്പ് ആം ആദ്മി പാര്‍ട്ടി അംഗമായിരുന്ന കപില്‍ മിശ്ര ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ബിജെപിയിലേക്ക് ചേക്കേറിയത്.