കൊറോണ ലക്ഷണങ്ങളുമായി സംസ്ഥാനത്ത് രണ്ടുപേര്‍ നിരീക്ഷണത്തില്‍; ആശങ്കപ്പെടേണ്ടതില്ലെന്ന് മന്ത്രി

Posted on: January 24, 2020 7:36 pm | Last updated: January 25, 2020 at 10:35 am

തിരുവനന്തപുരം | കൊറോണ വൈറസ് ബാധയുടെ ലക്ഷണങ്ങളുമായി സംസ്ഥാനത്ത് രണ്ടു പേര്‍ നിരീക്ഷണത്തില്‍. തിരുവനന്തപുരത്തും എറണാകുളത്തുമായി ഓരോ ആള്‍ വീതമാണ് നിരീക്ഷണത്തിലുള്ളത്. എന്നാല്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ആരോഗ്യമന്ത്രി കെ കെ ശൈലജ പറഞ്ഞു. വൈറസ് ബാധിച്ചതായി സംശയമുള്ളവരെ പ്രവേശിപ്പിക്കുന്നതിനായി സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളജുകളിലും ഐസൊലേഷന്‍ വാര്‍ഡുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. അടുത്ത ദിവസങ്ങളിലായി ചൈനയില്‍ നിന്നെത്തിയവര്‍ ജില്ലാ മെഡിക്കല്‍ ഓഫീസറുടെ മുന്നില്‍ ഹാജരായി പരിശോധനക്ക് വിധേയരാകണമെന്ന് സംസ്ഥാന ആരോഗ്യ വകുപ്പ് നിര്‍ദേശിച്ചിട്ടുണ്ട്.

അതേസമയം, കൊറോണ വൈറസ് ബാധിച്ച് സഊദിയില്‍ ചികിത്സയിലുള്ള കോട്ടയം ഏറ്റുമാനൂര്‍ സ്വദേശിനിയുടെ ആരോഗ്യനില മെച്ചപ്പെട്ടതായി ജിദ്ദ കോണ്‍സുലേറ്റ് അറിയിച്ചു. ഇവരെ രണ്ട് ദിവസത്തിനകം ആശുപത്രിയില്‍ നിന്ന് വിട്ടയക്കും. എന്നാല്‍ ഇവരെ ബാധിച്ചിട്ടുള്ളത് ചൈനയില്‍ നിന്നു പടരുന്ന കൊറോണ വൈറസല്ലെന്ന് നേരത്തെ സ്ഥിരീകരിച്ചിരുന്നു. അസീര്‍ ആശുപത്രിയില്‍ നിരീക്ഷണത്തിലുണ്ടായിരുന്ന മലയാളികള്‍ ഉള്‍പ്പടെയുള്ള നൂറോളം ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് കൊറോണയില്ലെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.