ഈഡനിൽ കിവികളെ പറത്തി രാഹുലും അയ്യറും; ഇന്ത്യൻ ജയം ആറ് വിക്കറ്റിന്

Posted on: January 24, 2020 2:36 pm | Last updated: January 24, 2020 at 5:39 pm

വെല്ലിങ്ടന്‍  | ന്യൂസീലൻഡ് മുന്നോട്ട് വച്ച 204 റൺസെന്ന കൂറ്റൻ ലക്ഷ്യം  ഒരോവർ ബാക്കി നിൽക്കെ മറികടന്ന് ആദ്യ ട്വന്റി20 യിൽ ഇന്ത്യക്ക് ത്രസിപ്പിക്കുന്ന ജയം. രാഹുൽ തുടങ്ങിവച്ച ഇന്ത്യൻ റൺ വേട്ട വിജയത്തിലെത്തിച്ച ശ്രേയസ് അയ്യരാണ് കളിയിലെ താരമായത്.

ഇന്ത്യൻ സ്കോർ 16 ൽ എത്തി നിൽക്കെ രോഹിത് ശർമ(7) യുടെ വിക്കറ്റ് വീണത് ഇന്ത്യക്ക് തിരിച്ചടിയായി. ഹിറ്റ്മാന്റെ വിടവ് നികത്തി കെ എൽ രാഹുൽ സൂപ്പർ ഹിറ്റായതോടെ ഇന്ത്യൻ സ്കോർ അതിവേഗം കുതിച്ചു. 26 പന്തിൽ 56 റൺസ് നേടിയ രാഹുലും 32 പന്തിൽ 45 റൺസ് നേടിയ കോലിയും  ചേർന്ന് ഇന്ത്യൻ സ്കോർ നൂറു കടത്തി. സ്കോർ 115 ൽ നിൽക്കെ രാഹുൽ മടങ്ങി. 121 റൺസിൽ നിൽക്കെ കോലിയും മടങ്ങിയതോടെ ഇന്ത്യയുടെ പതനമെന്നുറപ്പിച്ചു. എന്നാൽ, ശ്രേയസ്സ് അയ്യരെന്ന മുബൈ മലയാളി ഇന്ത്യയുടെ രക്ഷകനായെത്തുകയായിരുന്നു.

കിവീസ് ബൗളർമാർക്ക് കണക്കിനു പെരുമാറിയ അയ്യർ അഞ്ച് ഫോറും മൂന്നു സികസറുമടക്കം 29 പന്തിൽ 58 റൺസാണ് അടിച്ചു കൂട്ടിയത്. പുറത്താവാതെ ഇന്ത്യയെ വിജയ തീരത്തെത്തിച്ചതോടെ ആദ്യജയം ആതിഥേയരുടെ പേരിലായി. ശിവം ദുബെ (ഒമ്പത് പന്തിൽ 13) റൺസ് നേടി.  മനീഷ് പാണ്ഡെ 12 പന്തിൽ 14 റൺസുമായി പുറത്താകാതെ നിന്നു. ന്യൂസീലൻഡിനായി ഇഷ് സോധി രണ്ടും മിച്ചൽ സാന്റ്നർ, ബ്ലയർ ടിക്‌നർ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

3 അർധ ശതകം പിറന്ന ന്യൂസിലനൻഡ് ഇന്നിംഗ്സ്

ഓക്‌ലന്‍ഡിലെ ഈഡന്‍ പാര്‍ക്കില്‍ ഇന്ത്യക്കെതിരായ ട്വന്റി20 മത്സരത്തില്‍ ന്യൂസീലന്‍ഡിന് മികച്ച സ്‌കോര്‍. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ന്യൂസീലന്‍ഡ് നിശ്ചിത 20 ഓവറില്‍ അഞ്ചു വിക്കറ്റ് നഷ്ടത്തില്‍ നേടിയത് 203 റണ്‍സ്. ന്യൂസീലന്‍ഡിനായി ഓപ്പണര്‍ കോളിന്‍ മണ്‍റോ, ക്യാപ്റ്റന്‍ കെയ്ന്‍ വില്യംസന്‍, റോസ് ടെയ്‌ലര്‍ എന്നിവര്‍ അര്‍ധസെഞ്ചുറി നേടി. മണ്‍റോ 42 പന്തില്‍ ആറു ഫോറും രണ്ടു സിക്‌സും സഹിതം 59 റണ്‍സെടുത്തപ്പോള്‍, വില്യംസന്‍ 26 പന്തില്‍ നാലു വീതം സിക്‌സും ഫോറും സഹിതം 51 റണ്‍സെടുത്തും പുറത്തായി. ആറു വര്‍ഷത്തിനുശേഷം ട്വന്റി20യില്‍ അര്‍ധസെഞ്ചുറി നേടിയ റോസ് ടെയ്‌ലര്‍, 27 പന്തില്‍ മൂന്നു വീതം സിക്‌സും ഫോറും സഹിതം 54 റണ്‍സുമായി പുറത്താകാതെ നിന്നു.

ഇന്ത്യന്‍ നിരയില്‍ മൂന്ന് ഓവറില്‍ ഷാദുല്‍ താക്കൂര്‍ 44 റണ്‍സ് വഴങ്ങി. കിട്ടിയത് ഒരു വിക്കറ്റ്. മുഹമ്മദ് ഷമി നാല് ഓവറില്‍ 53 റണ്‍സ് വഴങ്ങിയെന്നു മാത്രമല്ല, വിക്കറ്റൊന്നും കിട്ടിയുമില്ല. നാല് ഓവറില്‍ 31 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്ര, നാല് ഓവറില്‍ 32 റണ്‍സ് വഴങ്ങി ഒരു വിക്കറ്റെടുത്ത യുസ്‌വേന്ദ്ര ചെഹല്‍ എന്നിവരാണ് ഭേദപ്പെട്ടുനിന്നത്. ശിവം ദുബെ മൂന്ന് ഓവറില്‍ 24 റണ്‍സ് വഴങ്ങിയും രവീന്ദ്ര ജഡേജ രണ്ട് ഓവറില്‍ 18 റണ്‍സ് വഴങ്ങിയും ഓരോ വിക്കറ്റ് വീഴ്ത്തി.