കെ പി സി സി ഭാരവാഹി പട്ടികയില്‍ നിന്ന് പിന്‍മാറി പ്രതാപനും സതീശനും; വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കിയേക്കും

Posted on: January 23, 2020 8:16 pm | Last updated: January 24, 2020 at 10:07 am

തിരുവനന്തപുരം |  കെ പി സി സി പുനഃസംഘടനക്കായി തയ്യാറാക്കിയിരിക്കുന്നത് ജംബോ പട്ടികയാണെന്ന റിപ്പോര്‍ട്ടുകള്‍ക്കിടെ തങ്ങളെ ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് വി ഡി സതീശനും ടി എന്‍ പ്രതാപനും
ഹൈക്കമാന്‍ഡിന് കത്തയച്ചു. ഒരാള്‍ക്ക് ഒരു പദവി മതി. കെ പി സി സിക്ക് വലിയ കമ്മിറ്റി ആവശ്യമില്ല. ഇപ്പോള്‍ തയ്യാറാക്കിയിരിക്കുന്ന ജംബോ പട്ടിക പൊതുജന മധ്യത്തില്‍ പാര്‍ട്ടിയെ അപഹാസ്യരാക്കിയിരിക്കുകയാണ്. ഇതിനാല്‍ സംസ്ഥാന ഭാരവാഹിത്വത്തില്‍ നിന്നും ഒഴിവാക്കണമെന്ന് ഇരുവരും കത്തിലൂടെ ആവശ്യപ്പെട്ടു.

എന്നാല്‍ കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റ് സ്ഥാനത്ത് തുടരുന്ന കൊടിക്കുന്നേല്‍ സുരേഷ് പരോക്ഷമായി തന്റെ പദവിയെ ന്യായീകരിച്ച് രംഗത്തെത്തി. തന്നേയും കെ സുധാകരനെയും കെ പി സി സി വര്‍ക്കിംഗ് പ്രസിഡന്റുമാരായി നിയമിച്ചത് ഹൈക്കമാന്‍ഡാണെന്നും കേരളത്തിലെ ഗ്രൂപ്പ് നേതാക്കള്‍ക്ക് ഇതില്‍ പങ്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഹൈക്കമാന്‍ഡ് ആവശ്യപ്പെട്ടാല്‍ രാജിവെക്കാന്‍ തയ്യാറാണെന്നും കൊടിക്കുന്നേല്‍ സുരേഷ് തിരുവനന്തപുരത്ത് പറഞ്ഞു.

അതിനിടെ ജംബോ പട്ടിക സംബന്ധിച്ച പരാതികളും പരിഹാസങ്ങളും രൂക്ഷമായതോടെ ഇത് വെട്ടിക്കുറിക്കാന്‍ ഹൈക്കമാന്‍ഡ് നടപടി തുടങ്ങിയതായാണ് ഏറ്റവും ഒടുവിലെ റിപ്പോര്‍ട്ട്. കേരളത്തെപ്പോലെ ചെറിയ ഒരു സംസ്ഥാനത്ത് ഇത്രയും ഭാരവാഹികള്‍ ആവശ്യമില്ലെന്നും നേരത്തെ ജനപ്രതിനിധി ആയവരെ ഒഴിവാക്കണമെന്നുമാണ് സോണിയാ ഗാന്ധിയുടെ നിലപാട്. എന്നാല്‍ കേരള ഗ്രൂപ്പ് നേതാക്കള്‍ സ്മ്മര്‍ദം തുടരുന്നുണ്ടെങ്കിലും പട്ടിക വെട്ടികുറക്കുമെന്ന് ദേശീയ നേതൃത്വം ഇവരെ അറിയിച്ച് കഴിഞ്ഞു. വര്‍ക്കിംഗ് പ്രസിഡന്റുമാരെ ഒഴിവാക്കിയേക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇത് മുന്നില്‍കണ്ടാണ് പാര്‍ട്ടി പറഞ്ഞാല്‍ രാജി വെക്കാന്‍ തയ്യാറാണെന്ന് കൊടിക്കുന്നേല്‍ പ്രതികരിച്ചതെന്നാണ് റിപ്പോര്‍ട്ട്. പുതിയ പട്ടിക പ്രകാരം ശൂരനാട് രാജശേഖരന്‍, ജോസഫ് വാഴക്കന്‍, പത്മജ വേണുഗോപാല്‍, ശരദ്ചന്ദ്ര പ്രസാദ്, ടി സിദ്ദീഖ്, കെ റോസക്കുട്ടി, പി സി വിഷ്ണുനാഥ്, മണ്‍വിള രാധാകൃഷ്ണന്‍, മോഹന്‍ ശങ്കര്‍ തുടങ്ങിയവര്‍ വൈസ് പ്രസിഡന്റുമാരാകുമെന്നാണ് വിവരം.