Connect with us

National

മുസ്ലിം പ്രദേശങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തില്ല: വര്‍ഗീയ വിഷം ചീറ്റി കര്‍ണാടകയിലെ ബി ജെ പി നേതാവ്

Published

|

Last Updated

ബെംഗളൂരു |  മുസ്ലിംങ്ങള്‍ക്കെതിരെ വര്‍ഗീയ വിദ്വേഷം ചൊരിഞ്ഞ് കര്‍ണാടക ബി ജെ പി എം എല്‍ എയും മുഖ്യമന്ത്രി ബി എസ് യെദ്യൂരപ്പയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുമായ എം പി രേണുകാചാര്യ രംഗത്ത്. മുസ്ലിംങ്ങള്‍ രാജ്യ സ്‌നേഹികളല്ല. അവര്‍ ബി ജെ പിക്ക് വോട്ട് ചെയ്യാറില്ല. ഇതിനാല്‍ തന്റെ മണ്ഡലത്തിലെ മുസ്ലിം പ്രദേശങ്ങളില്‍ ഒരു വികസന പ്രവര്‍ത്തനവും നടത്തില്ലെന്ന് അദ്ദേഹം പറഞ്ഞു. തന്റെ മണ്ഡലമായ ഹൊന്നാലി പൂര്‍ണമായും കാവിവത്കരിക്കുമെന്നും അദ്ദേഹം പറഞ്ഞു. പൗരത്വ നിയമത്തെ അനുകൂലിച്ച് മണ്ഡലത്തില്‍ നടന്ന ബി ജെ പി സമ്മേളനത്തിലാണ് അദ്ദേഹത്തിന്റെ അറപ്പുളവാക്കുന്ന വിദ്വേഷ പ്രസംഗം.

ഞാന്‍ മുസ്‌ലിങ്ങളെ താക്കിത് ചെയ്യുകയാണ്. നിങ്ങളുടെ പ്രദേശങ്ങളില്‍ യാതൊരു വികസന പ്രവര്‍ത്തനവും നടത്തുകയില്ല. 2018 നിയമസഭ തിതരഞ്ഞെടുപ്പില്‍ അവര്‍ എനിക്ക് വോട്ട് ചെയ്തിട്ടില്ല. അടുത്ത തിരഞ്ഞെടുപ്പില്‍ അവരുടെ വോട്ട് ചോദിക്കുകയുമില്ല. ന്യൂനപക്ഷ സമുദായ അംഗങ്ങള്‍ പള്ളികളില്‍ ആയുധങ്ങള്‍ സൂക്ഷിച്ചിട്ടുണ്ട്. അവര്‍ക്ക് രാഷ്ട്ര നിര്‍മാണത്തില്‍ യാതൊരു പങ്കുമില്ലെന്നും രേണുകാചാര്യ പറഞ്ഞു.

ദേശഭക്തിയുള്ള സംഘടനയാണ് ആര്‍ എസ് എസ്. ആര്‍ എസ് എസിനെ ചോദ്യം ചെയ്യുകയോ, അതിനെ നിരോധിക്കണമെന്ന് പറയുകയോ ചെയ്താല്‍ അവരെ പാഠം പഠിപ്പിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.