അന്ത്യാഭിലാഷം ആരാഞ്ഞപ്പോള്‍ മൗനമവലംബിച്ച് നിര്‍ഭയ കേസ് പ്രതികള്‍

Posted on: January 23, 2020 1:52 pm | Last updated: January 23, 2020 at 9:53 pm

ന്യൂഡല്‍ഹി | അന്ത്യാഭിലാഷം സംബന്ധിച്ചു ചോദിച്ചപ്പോള്‍ മൗനമവലംബിച്ച് നിര്‍ഭയ കേസിലെ പ്രതികള്‍. ഫെബ്രുവരി ഒന്നിന് വധശിക്ഷക്ക് വിധേയരാകാനിരിക്കുന്ന നാലു പ്രതികളും കുടുംബാംഗങ്ങളെ കാണുന്നതിനുള്ള ആഗ്രഹവും പ്രകടിപ്പിച്ചിട്ടില്ലെന്ന് ജയില്‍ അധികൃതര്‍ പറയുന്നു. ഡല്‍ഹിയില്‍ 23കാരിയെ ഓടുന്ന ബസില്‍ കൂട്ട ബലാത്സംഗത്തിനിരയാക്കിയ കേസില്‍ മുകേഷ് സിംഗ്, വിനയ് ശര്‍മ, അക്ഷയ് സിംഗ്, പവന്‍ ഗുപ്ത എന്നിവരാണ് വധശിക്ഷ കാത്തുകഴിയുന്നത്.

ഫെബ്രുവരി ഒന്നിന് രാവിലെ ആറിന് ഇവരെ തൂക്കിലേറ്റാനാണ് രണ്ടാമതായി ഇറക്കിയ മരണ വാറണ്ടില്‍ ഡല്‍ഹി തീസ് ഹസാരി കോടതി നിര്‍ദേശിച്ചിട്ടുള്ളത്. വധശിക്ഷക്ക് വിധേയമാക്കുന്നതിന് മുമ്പ് പ്രതിക്ക് നിയമപ്രകാരം അന്ത്യാഭിലാഷം അറിയിക്കാനും കുടുംബാംഗങ്ങളെ കാണാനും അവസരം നല്‍കും. സ്വന്തം പേരില്‍ സ്വത്തുണ്ടെങ്കില്‍ അത് ആര്‍ക്കെങ്കിലും കൈമാറുന്നുണ്ടോ എന്നും അറിയിക്കണം. എന്നാല്‍ ഇതുസംബന്ധിച്ച ചോദ്യങ്ങളോടൊന്നും ഇവര്‍ പ്രതികരിക്കുന്നില്ല.

നേരത്തെ, വിനയ് ശര്‍മയും മുകേഷ് സിംഗും നല്‍കിയ തിരുത്തല്‍ ഹരജികള്‍ സുപ്രീം കോടതിയും പവന്‍ ഗുപതനല്‍കിയ ദയാഹരജി രാഷ്ട്രപതിയും തള്ളിയിരുന്നു. ഈ മാസം 22-ന് തൂക്കിലേറ്റാനായിരുന്നു ഡല്‍ഹി കോടതി ആദ്യം ഇറക്കിയ മരണ വാറണ്ടിലുണ്ടായിരുന്നത്. എന്നാല്‍ ദയാഹരജി സമര്‍പ്പിക്കപ്പെട്ടതോടെ ശിക്ഷ നടപ്പിലാക്കുന്നതിന് പുതിയ തീയതി തീരുമാനിക്കുകയായിരുന്നു.