ഗോവ മന്ത്രിയെ ഭീഷണിപ്പെടുത്തി പണം അപഹരിക്കാന്‍ ശ്രമം: മൂന്നുപേര്‍ അറസ്റ്റില്‍

Posted on: January 23, 2020 12:01 am | Last updated: January 23, 2020 at 12:02 am

പനാജി | കള്ളക്കേസില്‍ കുടുക്കുമെന്ന് ഭീഷണിപ്പെടുത്തി ഗോവ മന്ത്രിയില്‍ നിന്ന് പണം അപഹരിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ മൂന്നുപേര്‍ അറസ്റ്റില്‍. സംസ്ഥാന പി ഡബ്ല്യു ഡി വകുപ്പു മന്ത്രി ദീപക് പ്രഭു പോസ്‌കറിന്റെ കയ്യില്‍ നിന്ന് പണം തട്ടാന്‍ ശ്രമിച്ചത്. മഹാരാഷ്ട്രക്കാരായ പ്രദീപ് മാലിക്, അമോര്‍ സ്വാമി, ആര്‍ പാട്ടീല്‍ എന്നിവരാണ് മന്ത്രിയുടെ ഔദ്യോഗിക വസതിക്കു പുറത്തുനിന്ന് അറസ്റ്റിലായത്. ഇവരെ വിശദമായി ചോദ്യം ചെയ്തുവരികയാണെന്ന് പനാജി പോലീസ് ഇന്‍സ്‌പെക്ടര്‍ സുധേഷ് നായിക് അറിയിച്ചു.

മൂന്നു കോടി രൂപ നല്‍കണമെന്നും ഇല്ലെങ്കില്‍ കള്ളക്കേസില്‍ കുടുക്കുമെന്നും ഭീഷണിപ്പെടുത്തി അജ്ഞാത നമ്പറില്‍ നിന്നും തനിക്ക് വിളി വന്നതായി മന്ത്രി പോസ്‌കര്‍ പറഞ്ഞു. ആദ്യം അത് ഗൗരവമായെടുത്തില്ലെങ്കിലും പിന്നീട് ആവര്‍ത്തിച്ചു ഫോണില്‍ വിളിച്ച് ഭീഷണി തുടര്‍ന്നതോടെ പോലീസില്‍ വിവമരമിറിയിക്കുകയായിരുന്നുവെന്ന് അദ്ദേഹം വ്യക്തമാക്കി.