യോജിച്ച് മഹാശക്തിയാകാനുള്ള സത്ബുദ്ധി കാണിക്കണം; പ്രതിപക്ഷത്തെ വീണ്ടും ക്ഷണിച്ച് മുഖ്യമന്ത്രി

Posted on: January 22, 2020 11:00 pm | Last updated: January 23, 2020 at 9:17 am

പാനൂര്‍ | പൗരത്വ നിയമ ഭേദഗതിക്കെതിരായ പോരാട്ടത്തില്‍ യോജിച്ച് മഹാശക്തിയാകാനുള്ള സത്ബുദ്ധി കാണിക്കണമെന്ന് പ്രതിപക്ഷത്തോട് മുഖ്യമന്ത്രി പിണറായി വിജയന്‍. ഓരോരുത്തര്‍ക്കും അവരുടേതായ ശക്തിയുണ്ട്. രാജ്യവും ജനതയും ഒരു ഭീഷണി നേരിടുമ്പോള്‍ എല്ലാവരുടെയും ശക്തി ചേര്‍ത്ത് മഹാശക്തിയാകാനാണ് നോക്കേണ്ടത്. അത് ചിലര്‍ക്ക് മനസിലാകുന്നേയില്ല. ഭിന്നിച്ചു നില്‍ക്കുന്നതിന് പകരം യോജിച്ച് മഹാശക്തിയാകണമെന്നാണ് അത്തരക്കാരോടുള്ള അഭ്യര്‍ഥനയെന്നും കണ്ണൂരിലെ പാനൂര്‍ പാലക്കൂലില്‍ ഇ എം എസ് മന്ദിരം ഉദ്ഘാടനം ചെയ്തു പ്രസംഗിക്കവെ അദ്ദേഹം പറഞ്ഞു.

ലോക രാജ്യങ്ങള്‍ക്കിടയില്‍ ഇന്ത്യ ചരിത്രത്തിലിതേ വരെയില്ലാത്ത വിധം ഒറ്റപ്പെട്ടിരിക്കുകയാണ്. പൗരത്വ നിയമത്തിന്റെ പേരില്‍ ജനതയെ ഭിന്നിപ്പിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കം കാരണം വിവിധ രാജ്യങ്ങളിലെ ഭരണാധികാരികള്‍ ഇന്ത്യാ സന്ദര്‍ശനം വേണ്ടെന്നു വെക്കുന്ന സ്ഥിതിയാണ്. ഐക്യരാഷ്ട്ര സഭയടക്കം ഇക്കാര്യത്തിലെ ഇന്ത്യന്‍ ഭരണാധികാരികളുടെ നിലപാട് തെറ്റാണെന്ന് പറഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ സ്വഭാവം തന്നെ മാറ്റുന്നതാണ് പൗരത്വ നിയമ ഭേദഗതി.

മതേതര രാഷ്ട്രമായ ഇന്ത്യയില്‍ എല്ലാ മതക്കാര്‍ക്കും ഉള്ള അവകാശം മുസ്‌ലിം വിഭാഗത്തിനും വേണം. അവരെ എന്തിനാണ് മാറ്റി നിര്‍ത്തുന്നത്. അതുകൊണ്ടു തന്നെയാണ് ദേശീയ പൗരത്വ രജിസ്റ്ററിനാധാരമായ ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ കേരളത്തില്‍ നടത്തേണ്ടെന്ന് സര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിനായുള്ള വീട് കയറിയുള്ള കണക്കെടുപ്പ് കേരളത്തില്‍ നടക്കില്ലെന്നും സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ഏത് നിയമവും ഭരണഘടനക്ക് കീഴിലേ നിലനില്‍ക്കൂ. ഭരണഘടനക്ക് അപ്പുറം പോകാന്‍ ആര്‍ക്കും കഴിയില്ല. ഭരണഘടന അനുസരിച്ച് ജനങ്ങള്‍ക്കു വേണ്ടിയുള്ള കാര്യങ്ങള്‍ ചെയ്യാനാണ് സര്‍ക്കാര്‍. അല്ലാതെ ആര്‍ എസ് എസ് അജന്‍ഡ നടപ്പാക്കാനല്ല. മുഖ്യമന്ത്രി വ്യക്തമാക്കി.