Connect with us

Articles

സമരച്ചൂളയിലാണ് ധൈഷണിക യുവത്വം

Published

|

Last Updated

സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ഏറ്റവും ശക്തമായ ജനകീയ ചെറുത്ത് നില്‍പ്പിന് സാക്ഷ്യം വഹിച്ച രാഷ്ട്രീയ സാഹചര്യം 1975ലെ അടിയന്തരാവസ്ഥക്കാലമായിരുന്നു. അതാകട്ടെ, ഇന്ദിരാ ഗാന്ധിയുടെ ഏകാധിപത്യ പ്രവണതക്ക് എതിരായിരുന്നു. അടിയന്തരാവസ്ഥ പ്രഖ്യാപനത്തിന് രണ്ട് വര്‍ഷം മുമ്പ് – 1973ല്‍ രാജ്യത്ത് അന്നത്തെ കോണ്‍ഗ്രസ് സര്‍ക്കാറിന്റെ ജനവിരുദ്ധ നയങ്ങള്‍ക്കെതിരെ പ്രക്ഷോഭങ്ങള്‍ ആരംഭിച്ചിരുന്നു. അതിന് കാരണമായ രാഷ്ട്രീയ സാഹചര്യങ്ങളെ ഒന്നൊന്നായി ഉയര്‍ത്തിക്കാട്ടി തന്റെ സമ്പൂര്‍ണ വിപ്ലവത്തിന്റെ ആശയങ്ങളുമായി ജയപ്രകാശ് നാരായണന്‍ മുന്നോട്ടു പോകുമ്പോള്‍ അദ്ദേഹം തന്റെ പ്രക്ഷോഭത്തിന്റെ ഊര്‍ജമായി കണ്ടത് വിദ്യാര്‍ഥികളെയായിരുന്നു.

ഇന്ദിരാ ഗാന്ധിയുടെ ഭരണത്തിന് കീഴില്‍ ഭരണഘടന പൗരന് നല്‍കുന്ന മൗലികാവകാശങ്ങളെ ഭേദഗതി ചെയ്യാന്‍ അധികാരമുണ്ടെന്ന സുപ്രീം കോടതിയുടെ വിധി ഭരണഘടനാ വിരുദ്ധമാണ് എന്ന് ജയപ്രകാശ് നാരായണന്‍ പറഞ്ഞു. ഇന്നത്തെ ഇന്ത്യയിലും പൗരത്വ വിഷയത്തില്‍ സര്‍ക്കാറിന്റെ നിലപാട് ഭരണഘടനാ വിരുദ്ധമാണ്. അത് വ്യക്തികളുടെ മൗലികാവകാശങ്ങളെയാണ് നിഷേധിക്കുന്നത്. അതിനെതിരെ ഉയരുന്ന പ്രതിരോധങ്ങളുടെ പ്രഭവസ്ഥാനം സര്‍വകലാശാലകളാകുമ്പോള്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങളുടെ കരുത്ത് ഭരണകൂടങ്ങളെ അലോസരപ്പെടുത്തുക തന്നെ ചെയ്യും. അതിനെ സാക്ഷ്യപ്പെടുത്തുന്ന നിരവധി ചരിത്രങ്ങള്‍ക്ക് ലോക രാഷ്ട്രങ്ങള്‍ ഇരുപതാം നൂറ്റാണ്ടില്‍ സാക്ഷ്യം വഹിച്ചിട്ടുണ്ട്. അതിന്റെ തുടര്‍ച്ചയെന്നോണമാണ് പൗരത്വ വിവേചനത്തിലൂടെ ഇന്ത്യന്‍ ബഹുസ്വരതയുടെ ആത്മാവിനെ കത്തിച്ചു ചാരമാക്കാനുള്ള ഭരണകൂട തീരുമാനത്തിനെതിരെ വിദ്യാര്‍ഥികള്‍ ക്ലാസ് മുറിക്ക് പുറത്ത് പുതിയ രാഷ്ട്രീയ പാഠഭേദങ്ങള്‍ സൃഷ്ടിക്കുന്നത്.
ഡിസംബര്‍ ഒമ്പതിന് ലോക് സഭയിലും പന്ത്രണ്ടിന് രാജ്യസഭയിലും ബില്‍ പാസ്സാകുമ്പോള്‍ അതിനെതിരെയുള്ള പ്രതിഷേധം പ്രതിപക്ഷ രാഷ്ട്രീയ കക്ഷികളില്‍ മാത്രം ഒതുങ്ങി നില്‍ക്കുകയായിരുന്നു. അതിന് ശേഷം ലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയ സമരത്തിന് തുടക്കം കുറിച്ചത് ക്യാമ്പസുകളാണ്. ഡിസംബര്‍ പത്താം തീയതിയായിരുന്നു അലിഗഢ് വിദ്യാര്‍ഥികള്‍ നിരാഹാര സമരം ആരംഭിച്ചത്. സി എ ബി, എന്‍ ആര്‍ സി എന്നിവ തള്ളിക്കളയുക എന്നതായിരുന്നു അവരുടെ പ്രധാന മുദ്രാവാക്യങ്ങള്‍. അതിനു ശേഷം ജാമിഅ മില്ലിയ്യയിലെ പ്രക്ഷോഭത്തെ പോലീസ് അടിച്ചമര്‍ത്തിയ രീതിയും അതിനെ ചോദ്യം ചെയ്ത വിദ്യാര്‍ഥികളും പൗരത്വ നിഷേധത്തിനെതിരെ രൂപം കൊള്ളുന്ന സമരത്തിന്റെ ഭാവി സൂചനകളായിരുന്നു. പിന്നീട് അത് ഇന്ത്യയിലെ ജെ എന്‍ യു ഉള്‍പ്പെടെയുള്ള 36ലധികം ക്യാമ്പസുകളിലേക്ക് അതിവേഗം വ്യാപിച്ചു. ആ സമരത്തില്‍ വിദ്യാര്‍ഥികള്‍ ഉയര്‍ത്തിപ്പിടിച്ചത് ഗാന്ധിജിയുടെയും അംബേദ്കറുടെയും ഫോട്ടോയും ഇന്ത്യന്‍ ഭരണഘടനയുമായിരുന്നു. അതോടു കൂടി വിദ്യാര്‍ഥി സമരത്തെ മുന്നോട്ട് നയിക്കുന്ന ആശയത്തിന് വ്യക്തത വന്നു. അതാകട്ടെ ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണം എക്കാലത്തും വെറുക്കുന്ന രണ്ട് പേര്‍. ഒപ്പം ഹിന്ദുത്വ രാഷ്ട്ര നിര്‍മാണത്തിന് എക്കാലത്തും വിഘാതമായി നില്‍ക്കുന്ന ഭരണഘടനയും.

ഒരേ സമയം രണ്ട് തരത്തിലുള്ള പ്രതികരണങ്ങളാണ് സംഘ്പരിവാര്‍ ശക്തികളെ അരിശം കൊള്ളിച്ചത്. ഒന്ന് ഹിന്ദുത്വ രാഷ്ട്ര നിര്‍മാണത്തില്‍ ഒരിടത്തും പ്രത്യക്ഷപ്പെടാന്‍ പാടില്ലാത്തവരാണ് ഗാന്ധിജിയും അംബേദ്കറും. മറ്റൊന്ന് ഇവര്‍ മുന്നോട്ട് വെച്ച ആശയധാരയിലൂടെ ക്യാമ്പസ് രാഷ്ട്രീയം മുന്നോട്ട് പോയാല്‍ അത് എക്കാലത്തും ഫാസിസ്റ്റ് ഭരണകൂടത്തിന്റെ മുന്നോട്ടുള്ള നീക്കത്തെ തടസ്സപ്പെടുത്തും. ഈ തിരിച്ചറിവില്‍ നിന്നാണ് ക്യാമ്പസിന് പുറത്ത് നിന്നുവരുന്ന ക്രിമിനലുകള്‍ വിദ്യാര്‍ഥികളെ ക്രൂരമായി മര്‍ദിച്ചത്. എന്നിട്ടും രാജ്യത്തെ ക്യാമ്പസ് പൗരത്വ വിഷയത്തില്‍ മാതൃകാപരമായ സമരങ്ങളുമായി മുന്നോട്ടു പോകുകയാണ്. അവിടെ ഏതെങ്കിലും മതമോ ദേശമോ വസ്ത്രമോ ലിംഗമോ പ്രതിഷേധ മാര്‍ഗത്തില്‍ ഒരു വിധത്തിലും തടസ്സം നിന്നില്ല. തോക്ക് ചൂണ്ടിയ പോലീസുകാരന് പുഷ്പം നല്‍കി സര്‍ഗാത്മക സമരത്തിന്റെ ഇന്ത്യന്‍ ധൈഷണിക മുഖം വിദ്യാര്‍ഥികള്‍ ലോകത്തിന് കാണിച്ചു കൊടുത്തു. ഇത് ഒരിക്കലും ഫാസിസ്റ്റ് ഭരണ കൂടത്തിന് കണ്ടുനില്‍ക്കാന്‍ കഴിയില്ല.

ഇന്ത്യന്‍ ക്യാമ്പസുകളെ സവര്‍ണ ഹിന്ദുത്വത്തിന്റെ പിടിയിലൊതുക്കാന്‍ ഭരണകൂടം തന്നെ നേരിട്ട് പല പദ്ധതികളും പ്രയോഗിച്ചിട്ടുണ്ട്. ഉന്നത പഠനത്തിനുള്ള ഭൗതിക സാഹചര്യങ്ങള്‍ ഇല്ലാതാക്കിയും ഫണ്ട് വെട്ടിക്കുറച്ചുമാണ് ആ പരീക്ഷണങ്ങള്‍ ഇപ്പോഴും തുടരുന്നത്. അതിനൊപ്പം ന്യൂനപക്ഷ സമുദായത്തിലെയും ദളിത് വിഭാഗത്തിലെയും വിദ്യാര്‍ഥികള്‍ അനുഭവിക്കുന്ന പീഡനങ്ങള്‍ വേറെയും. എന്നിട്ടും വിദ്യാര്‍ഥികള്‍ പ്രതിഷേധവുമായി മുന്നോട്ട് കുതിക്കുകയാണ്. ഇതിനെ എങ്ങനെയെങ്കിലും പ്രതിരോധിക്കണം എന്നത് ഫാസിസ്റ്റ് ഭരണകൂടത്തിന്റെ രാഷ്ട്രീയത്തിന്റെ ഭാഗമാണ്. അതിന്റെ ഭാഗമായിട്ടായിരിക്കാം രാത്രിയില്‍ മുഖം മറച്ച ഭരണകൂട പാദസേവകരായ അക്രമികള്‍ ജെ എന്‍ യുവിലെ വിദ്യാര്‍ഥികളെ മാരകമായി അക്രമിച്ചത്. ഇതൊക്കെ നടക്കുന്നത് രാജ്യ തലസ്ഥാനത്താണ് എന്നുകൂടി ഓര്‍ക്കേണ്ടതുണ്ട്. അധികാരം ഏത് രീതിയിലും ജനങ്ങള്‍ക്ക് മേല്‍ പ്രയോഗിക്കാം എന്ന് ഭരണകൂടം പച്ചയില്‍ പറയുമ്പോള്‍ അതിന്റെ ഫലം എന്തായിരിക്കും എന്ന് ചരിത്രം പറയുന്നുണ്ട്. എന്നാല്‍, ചരിത്രം പഠിക്കാത്തവരോട് എന്ത് പറഞ്ഞിട്ടും കാര്യമില്ലല്ലോ.

1968ല്‍ ചെക്കോസ്ലോവാക്യയിലും ഫ്രാന്‍സിലും ഹംഗറിയിലും ഭരണകൂടങ്ങളെ മാറ്റിമറിച്ചതില്‍ വിദ്യാര്‍ഥി പ്രക്ഷോഭങ്ങള്‍ വഹിച്ച പങ്ക് ചെറുതല്ല. അത്രമാത്രം ശക്തമാണ് ഏതൊരു രാജ്യത്തെയും ക്യാമ്പസുകള്‍. എന്നാല്‍ അതിനെ വ്യക്തതയോടെ മുന്നോട്ട് നയിക്കാന്‍ രാഷ്ട്രീയ നേതൃത്വത്തിന് കഴിയേണ്ടതുണ്ട്. 1973ല്‍ ജയപ്രകാശ് നാരായണന്‍ ഇന്ദിരാ ഗാന്ധിക്ക് എതിരെയുള്ള സമരത്തിന്റെ മുമ്പില്‍ വിദ്യാര്‍ഥികളെയാണ് നിര്‍ത്തിയത്. അവരെ സമരത്തിന്റെ മുന്നണി പോരാളികളാക്കുമ്പോള്‍ പ്രക്ഷോഭത്തിന്റെ രാഷ്ട്രീയത്തെക്കുറിച്ച് ജെ പി വിദ്യാര്‍ഥികളെ ഉദ്‌ബോധിപ്പിച്ചിരുന്നു. തിരഞ്ഞെടുക്കപ്പെട്ട യൂനിവേഴ്‌സിറ്റികളിലെ വിദ്യാര്‍ഥി പ്രതിനിധികളെ 1974 ജനുവരി ഏഴ്, എട്ട് തീയതികളില്‍ ഡല്‍ഹിയിലേക്ക് വിളിച്ച് വരുത്തി. രണ്ട് ദിവസത്തെ ആ യോഗത്തില്‍, എന്തിനു വേണ്ടിയാണ് സമ്പൂര്‍ണ വിപ്ലവം എന്നും അതില്‍ വിദ്യാര്‍ഥികളുടെ പങ്കിനെക്കുറിച്ചും ജയപ്രകാശ് നാരായണന്‍ വ്യക്തമായി പറഞ്ഞു കൊടുത്തു. ഇത്തരമൊരു രാഷ്ട്രീയ ദിശാബോധം നല്‍കാന്‍ ഇന്നത്തെ ഇന്ത്യയില്‍ ഒരു നേതാവ് ഇല്ല എന്നത് വസ്തുതയാണ്. അതിനര്‍ഥം വിദ്യാര്‍ഥി സമരങ്ങള്‍ക്ക് രാഷ്ട്രീയമില്ല എന്നല്ല. മറിച്ച് ക്യാമ്പസ് സമരത്തെ രാജ്യവ്യാപകമായ പ്രക്ഷോഭമാക്കി മാറ്റാന്‍ ഫാസിസ്റ്റ് ഭരണകൂടത്തെ ചെറുക്കുന്ന രാഷ്ട്രീയ നേതൃത്വത്തിന് കഴിയണം.

2014ല്‍ മോദി സര്‍ക്കാര്‍ അധികാരത്തില്‍ വന്നതിന് ശേഷം നമ്മുടെ ക്യാമ്പസ് അനുഭവിച്ചത് സവര്‍ണ ഹിന്ദുത്വത്തിന്റെ ആധിപത്യങ്ങളാണ്. അതിന്റെ ഇരകള്‍ മതന്യൂനപക്ഷങ്ങളും ദളിതുകളുമാണ്. ഹൈദരാബാദ് യൂനിവേഴ്‌സിറ്റിയില്‍ “എന്റെ ജന്മം തന്നെയാണ് എന്റെ ശാപം” എന്ന് എഴുതി വെച്ച് ആത്മഹത്യ ചെയ്ത രോഹിത് വെമൂല എന്ന വിദ്യാര്‍ഥിയുടെ അദൃശ്യമായ സാന്നിധ്യം ഇപ്പോഴും ഇന്ത്യന്‍ ക്യാമ്പസുകളിലെ ഓരോ ചെറുത്തു നില്‍പ്പിനും ശക്തിപകരുന്നുണ്ട്. അതിനു ശേഷം ജെ എന്‍ യുവില്‍ കനയ്യ കുമാറിന്റെ നേതൃത്വത്തില്‍ നടന്ന സമരത്തെ ഇപ്പോഴും മുന്നോട്ട് നയിക്കുന്നത് സ്വാതന്ത്ര്യം എന്ന മുദ്രാവാക്യം തന്നെയാണ്. ജെ എന്‍ യുവില്‍ നിന്ന് പിടിച്ചു കൊണ്ടുപോയി ഇപ്പോഴും എവിടെയാണെന്ന് അറിയാത്ത നജീബ്, കടുത്ത ജാതിവിവേചനത്തിന്റെ ഭാഗമായി ആത്മഹത്യ ചെയ്ത എത്രയോ വിദ്യാര്‍ഥികള്‍.. അവരുടെ പട്ടിക നീളും. ഒരു സ്വതന്ത്ര ജനാധിപത്യ രാജ്യത്തെ ക്യാമ്പസുകള്‍ എന്തുകൊണ്ട് ഇങ്ങനെയൊക്കെ ആയിത്തീരുന്നു എന്നിടത്താണ് ഭരണകൂടം വിദ്യാര്‍ഥികളെ ഉന്നംവെക്കുന്നതിന്റെ ലക്ഷ്യങ്ങളെ തിരിച്ചറിയേണ്ടത്.

ഒരു രാജ്യം അതിന്റെ യൗവനത്തെ കാത്ത് സൂക്ഷിക്കുന്നത് യുവതയിലൂടെയാണ്.
മഹത്തായ ഇന്ത്യന്‍ ജനാധിപത്യത്തെ ഇനിയും വികസിപ്പിക്കാന്‍ കഴിയുക പുതിയ തലമുറക്കാണ്. അത്തരം തലമുറയെ വാര്‍ത്തെടുത്ത ചരിത്രമുണ്ട് രാജ്യത്തെ ജെ എന്‍ യു ഉള്‍പ്പെടെയുള്ള ക്യാമ്പസുകള്‍ക്ക്. അവിടെ പഠിച്ച എത്രയോ വിദ്യാര്‍ഥികള്‍ പിന്നീട് ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ഉന്നത നേതൃസ്ഥാനത്ത് എത്തിയിട്ടുണ്ട്. ഇനിയും അത്തരം നേതൃത്വങ്ങള്‍ ഇന്ത്യക്ക് ആവശ്യമാണ്. എന്നാല്‍ നിലവിലെ ഇന്ത്യന്‍ ഫാസിസ്റ്റ് ഭരണകൂടം ഏറ്റവും കൂടുതല്‍ ഭയക്കുന്നത് ധൈഷണിക യുവത്വത്തെയാണ്. കാരണം, അവര്‍ ലോകത്തെ സര്‍വ വിവേചനങ്ങളെയും ചോദ്യം ചെയ്യും, മാനവികതക്ക് വേണ്ടി ശബ്ദിച്ചുകൊണ്ടിരിക്കും. അവരെ ഉന്മൂലനം ചെയ്യുക എന്നതാണ് ലോകത്തെ ഏതൊരു ഫാസിസ്റ്റ് ഭരണാധികാരിയും ചെയ്തിട്ടുള്ളത്. ജെ എന്‍ യുവില്‍ എത്തിയ ക്രിമിനലുകളും അതിന്റെ ഭാഗമാണ്. അതിനെതിരെ ജനാധിപത്യ വിശ്വാസികളുടെ ഐക്യപ്പെടലാണ് ഇപ്പോഴത്തെ അടിയന്തര ആവശ്യം.