പൗരത്വ ഭേദഗതി നിയമത്തിനെതിരായ ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും; കേരളത്തിന്റെ ഹരജി ഇന്നില്ല

Posted on: January 22, 2020 9:19 am | Last updated: January 22, 2020 at 3:18 pm

ന്യൂഡല്‍ഹി | പൗരത്വ ഭേദഗതി നിയമം (സി എ എ) ചോദ്യം ചെയ്തുള്ള ഹരജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. 133 ഹരജികളാണ് പരിഗണനക്കായി സുപ്രീംകോടതിക്ക് മുന്നിലുള്ളത്. സുപ്രീം കോടതിയുടെ ചരിത്രത്തില്‍ ഇതാദ്യമായാണ് ഒരു കേസില്‍ ഇത്ര അധികം ഹരജികള്‍ വരുന്നത്. നിയമത്തിനെതിരെ രാജ്യമെങ്ങും പ്രക്ഷോഭം തുടരവെ സുപ്രീം കോടതിയുടെ നിലപാട് ഏറെ നിര്‍ണായകം.

കേരള, പഞ്ചാബ് സര്‍ക്കാറുകള്‍ ഭേദഗതി നിയമത്തിനെതിരെ സുപ്രീംകോടതിയെ സമീപിച്ചത് ഫെഡറല്‍ ബന്ധങ്ങള്‍ സംബന്ധിച്ച ചോദ്യങ്ങള്‍കൂടി ചര്‍ച്ചയിലേക്ക് കൊണ്ടുവരുന്നുണ്ട്. അതേ സമയം നിയമത്തിനെതിരെ കേരള സര്‍ക്കാര്‍ നല്‍കിയ സ്യൂട്ട് ഹരജി ഇന്നത്തെ പരിഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. സ്യൂട്ട് ഹരജിയായതിനാല്‍ അത് പ്രത്യേകം പരിഗണിക്കാനാണ് സാധ്യതയെന്നറിയുന്നു. നിയമത്തെ എതിര്‍ത്തും അനുകൂലിച്ചുമുള്ള ഹരജികള്‍ സുപ്രീംകോടതി മുമ്പാകെ എത്തിയിട്ടുണ്ട്.ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെയുടെ നേതൃത്വത്തിലുള്ള മൂന്നംഗ ബെഞ്ചാണ് ഹരജികളില്‍ പ്രാഥമിക വാദം കേള്‍ക്കുന്നത്. ജസ്റ്റിസുമാരായ എസ്. അബ്ദുല്‍ നസീര്‍, സഞ്ജീവ് ഖന്ന എന്നിവരാണ് ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

സുപ്രീംകോടതി കേസ് പരിഗണിക്കുന്ന പശ്ചാത്തലത്തില്‍ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ സര്‍വകലാശാലകളിലും കോളജുകളിലും വിദ്യാര്‍ഥികള്‍ ബന്ദ് പ്രഖ്യാപിച്ചിട്ടുണ്ട്.പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ട് വിവിധ ഹൈക്കോടതികളിലുള്ള കേസുകള്‍ സുപ്രീം കോടതിയിലേക്ക് മാറ്റണമെന്ന കേന്ദ്ര സര്‍ക്കാറിന്റെ അപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും.