ഗൃഹനാഥനെ വിഷം നല്‍കി കൊലപ്പെടുത്തി; ഒന്നര വര്‍ഷത്തിന് ശേഷം ഭാര്യയും കാമുകനും പിടിയില്‍

Posted on: January 21, 2020 11:36 pm | Last updated: January 22, 2020 at 10:38 am

മലപ്പുറം | ഒന്നര വര്‍ഷം മുമ്പ് കാളികാവില്‍ ഗൃഹനാഥനെ വിഷം നല്‍കി കൊലപ്പെടുത്തിയ സംഭവത്തില്‍ ഭാര്യയും കാമുകനും അറസ്റ്റില്‍. കാളികാവ് മൂച്ചിക്കലില്‍ മരുതത്ത് മുഹമ്മദലിയെ (50) കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ഉമ്മുല്‍ സാഹിറ (42), കാമുകന്‍ പത്തനംതിട്ട ഉന്നക്കാവ് സ്വദേശി ജെയ്‌മോന്‍ പള്ളിനടയില്‍ (37) എന്നിവരെയാണു മലപ്പുറം ജില്ലാ ക്രൈംബ്രാഞ്ച് പിടികൂടിയത്. ഉമ്മുല്‍ സാഹിറയെ തിങ്കളാഴ്ച തമിഴ്‌നാട്ടിലെ ശിവകാശിയില്‍ നിന്നും ജെയ്‌മോനെ ചൊവ്വാഴ്ച് ദിണ്ടിക്കല്ലില്‍ നിന്നുമാണ് അറസ്റ്റ് ചെയ്തത്.

2018 സെപ്റ്റംബര്‍ 21നാണ് മുഹമ്മദലി കൊല്ലപ്പെട്ടത്. ഹൃദയാഘാതമാണ് മരണകാരണമെന്നാണ് അന്ന് കരുതിയത്. പിറ്റേന്നു മൃതദേഹം സംസ്‌കരിച്ചു. പിന്നാലെ രണ്ടു മക്കളെയും കൂട്ടി ഉമ്മുല്‍ സാഹിറ ജെയ്‌മോനൊപ്പം ഒളിച്ചോടി. ഇതോടെയാണു ബന്ധുക്കള്‍ മരണത്തില്‍ ദുരൂഹത സംശയിച്ചത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കിയത്. തുടര്‍ന്നു മൃതദേഹം പുറത്തെടുത്തു നടത്തിയ പോസ്റ്റ്‌മോര്‍ട്ടത്തില്‍ മുഹമ്മദലിയുടെ ആന്തരികാവയവങ്ങളില്‍ വിഷാംശം കണ്ടെത്തി.

ജെയ്‌മോനും ഉമ്മുല്‍സാഹിറയും ശിവകാശിയിലുണ്ടെന്ന രഹസ്യ വിവരത്തെത്തുടര്‍ന്ന് അവിടെയെത്തിയ മലപ്പുറം പൊലീസ് ഉമ്മുല്‍ സാഹിറയെയും രണ്ടു മക്കളെയും കണ്ടെത്തി. എന്നാല്‍ ജെയ്‌മോന്‍ രക്ഷപെട്ടു. തുടര്‍ന്ന് ചൊവ്വാഴ്ച ദിണ്ടിക്കല്ലില്‍ വച്ചാണു ജെയ്‌മോനെ പിടികൂടിയത്.