കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറുടെ അനുവാദം വാങ്ങണമെന്ന് നിര്‍ബന്ധമില്ല: ജസ്റ്റിസ് സദാശിവം

Posted on: January 21, 2020 12:48 pm | Last updated: January 21, 2020 at 8:01 pm

ചെന്നൈ | പൗരത്വ ഭേദഗതി നിയമത്തിനെതിരെ കേരള സര്‍ക്കാര്‍സുപ്രീം കോടതിയെ സമീപിച്ചതുമായി ബന്ധപ്പെട്ട വിവാദത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളെ തള്ളി മുന്‍ കേരളാ ഗവര്‍ണറും സുപ്രീം കോടതി ചീഫ് ജസ്റ്റിസുമായിരുന്ന ജസ്റ്റിസ് പി സദാശിവം. സുപ്രധാന വിഷയങ്ങള്‍ വരുമ്പോള്‍ ഗവര്‍ണറെ മുന്‍കൂട്ടി അറിയിക്കുന്നതാണ് ഉചിതമെങ്കിലും അത് ഒരു ഭരണഘടനാ ബാധ്യതയല്ലെന്ന് സദാശിവം പറഞ്ഞു. എന്നാല്‍, സംസ്ഥാന സര്‍ക്കാരിന്റെ ദൈനംദിന കാര്യങ്ങള്‍ ഗവര്‍ണറെ അറിയിക്കേണ്ടതില്ല. കോടതിയെ സമീപിക്കുമ്പോള്‍ ഗവര്‍ണറുടെ അനുവാദം വാങ്ങിയിരിക്കണമെന്ന നിര്‍ബന്ധവുമില്ല.

പൗരത്വ ഭേദഗതി നിയമത്തെ ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍സുപ്രീം കോടതിയെ സമീപിച്ചത് തന്നെ അറിയിച്ചില്ലെന്ന് ചൂണ്ടിക്കാട്ടി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ചീഫ് സെക്രട്ടറി വിശദീകരണം നല്‍കിയെങ്കിലും ഇത് തൃപതികരമല്ലെന്ന് അദ്ദേഹം വ്യക്തമാക്കി. പൗരത്വ നിയമത്തിനെതിരേകേരള നിയമസഭയില്‍ പ്രമേയം പാസാക്കിയതിനെതിരെയും ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു.