Connect with us

Malappuram

പൗരത്വ പ്രതിഷേധം: സാമൂഹിക മാധ്യമങ്ങൾ നിരീക്ഷിക്കും- കലക്ടർ

Published

|

Last Updated

മലപ്പുറം | വർഗീയ ധ്രുവീകരണത്തിനും സാമുദായിക സംഘർഷത്തിനും വഴിവെക്കുന്ന നീക്കങ്ങൾ തടയാൻ രാഷ്ട്രീയ കക്ഷികളുടേയും മതസംഘടനകളുടെയും പിന്തുണയുണ്ടാകണമെന്ന് ജില്ലാ കലക്ടർ ജാഫർ മാലിക് അഭ്യർഥിച്ചു. ജനാധിപത്യ മാർഗത്തിലുള്ള പ്രതിഷേധങ്ങളെ ഒരു രീതിയിലും തടയില്ല. എന്നാൽ മറ്റ് മതസ്ഥരുടെ വികാരങ്ങൾ വ്രണപ്പെടുത്തുന്ന നടപടികൾ ഉണ്ടാകാൻ പാടില്ല. ഇക്കാര്യങ്ങൾ ചർച്ച ചെയ്യുന്നതിന് താലൂക്ക് തലത്തിൽ രാഷ്ട്രീയപാർട്ടികളുടെയും മതസംഘടനാ നേതാക്കളുടെയും യോഗം വിളിക്കും.

ബസ് ഓപ്പറേറ്റേഴ്‌സ് സംഘടനാ ഭാരവാഹികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവരെയും യോഗത്തിൽ പങ്കെടുപ്പിക്കും. സാമൂഹിക മാധ്യമങ്ങളിലൂടെ വർഗീയ പ്രചരണം നടത്തുന്നവർക്കെതിരെ ഐ ടി ആക്ട് പ്രകാരം ശക്തമായ നടപടിയെടുക്കും. നാട്ടിൽ സമാധാനവും സ്വൈരജീവിതവും ഉറപ്പുവരുത്തുന്നതിന് എല്ലാവരും സഹകരിക്കണമെന്ന് കലക്ടർ പറഞ്ഞു.

വിമാനത്താവളം, റെയിൽവേ സ്‌റ്റേഷൻ എന്നിവിടങ്ങളിലേക്കുള്ള റോഡുകളിൽ ഗതാഗതതടസ്സം ഉണ്ടാക്കുന്നതരത്തിൽ പ്രതിഷേധപ്രകടനങ്ങൾ ഒഴിവാക്കണം. പ്രതിഷേധങ്ങൾ പൊതുനിരത്തുകളിൽ ഒഴിവാക്കുകയും അതിനായി കഴിവതും മൈതാനങ്ങൾ തെരഞ്ഞെടുക്കണമെന്നും കലക്ടർ അഭ്യർഥിച്ചു. പ്രതിഷേധത്തിന് അനുമതി നൽകുമ്പോൾ നിലവിലുള്ള നിബന്ധനകൾ കർശനമായി പാലിക്കാൻ പൊലീസിന് നിർദേശം നൽകിയിട്ടുണ്ടെന്നും കലക്ടർ അറിയിച്ചു. കലക്ടറേറ്റിൽ ചേർന്ന യോഗത്തിൽ വിവിധ രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, പോലീസ്, റവന്യൂ ഉദ്യോഗസ്ഥർ സംബന്ധിച്ചു.