Connect with us

Kerala

അന്യാധീനപ്പെട്ട വഖ്‌ഫ് സ്വത്തുക്കൾ തിരിച്ചുപിടിക്കാൻ ഉദ്യോഗസ്ഥരെ നിയോഗിക്കണം: കാന്തപുരം

Published

|

Last Updated

പുതുതായി തിരഞ്ഞെടുക്കപ്പെട്ട വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ ഹംസക്ക് കോഴിക്കോട്ട് നടന്ന സ്വീകരണ ചടങ്ങിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ ഉപഹാരം നൽകുന്നു

കോഴിക്കോട് | അന്യാധീനപ്പെട്ട വഖ്ഫ് സ്വത്തുക്കൾ കണ്ടെത്തി സമുദായത്തിന് ഉപകാരപ്പെടുന്ന രൂപത്തിൽ വിനിയോഗിക്കാൻ പുതുതായി തിരഞ്ഞെടുക്കപ്പെട്ട സംസ്ഥാന വഖ്ഫ്‌ബോർഡിന് സാധിക്കണമെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ. വഖ്ഫ് സ്വത്തുക്കൾ പലയിടത്തും വ്യക്തികളുടെ കൈവശമാണ്. അവ പിടിച്ചെടുക്കാനാവശ്യമായ ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ അഡ്വ. ടി കെ ഹംസക്കും മറ്റ് അംഗങ്ങൾക്കും സുന്നി സംഘടനകൾ നൽകിയ സ്വീകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ട് കാന്തപുരം ആവശ്യപ്പെട്ടു.

വഖ്ഫിന് വരുമാനമുണ്ടാക്കേണ്ടത് പാവങ്ങളെ ഞെക്കിപ്പിഴിഞ്ഞല്ല. പകരം വഖ്ഫ് ഭൂമിയിൽ ആദായകരമായ പല സംരംഭങ്ങളും കൊണ്ടുവരികയും അത് സമുദായത്തിന്റെ ഉന്നതിക്ക് ഉപയോഗപ്പെടുത്തുകയുമാണ് വേണ്ടത്.

വഖ്ഫിന്റെ അധികാരത്തർക്കം നിലനിൽക്കുന്നിടത്ത് നിക്ഷ്പക്ഷമായി കൈകാര്യം ചെയ്യാൻ വഖ്ഫ്‌ ബോർഡിന് സാധിക്കണം. തർക്കം നിലനിൽക്കുന്നിടത്ത് ഒറ്റയടിക്ക് ഇലക്‌ഷൻ നടത്തുകയെന്നത് ശരിയല്ല. പ്രശ്‌നത്തിന്റെ നിജസ്ഥിതി മനസ്സിലാക്കിയ ശേഷം പരിഹാരം നിർദേശിക്കുകയാണ് വേണ്ടത്. പ്രശ്‌ന പരിഹാരത്തിന് തിരഞ്ഞെടുപ്പ് നടത്തുകയാണെങ്കിൽ തന്നെ നിഷ്പക്ഷമായ കമ്മീഷനെ നിയോഗിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ചടങ്ങിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീം ഖലീലുൽ ബുഖാരി അധ്യക്ഷത വഹിച്ചു. മന്ത്രിയായും എം പിയായും മറ്റും ഭരണരംഗത്ത് നിപുണത തെളിയിച്ച ടി കെ ഹംസക്ക് വഖ്ഫ് ബോർഡിന്റെ ചെയർമാൻ എന്ന നിലയിലും മികവ് തെളിയിക്കാനാകുമെന്ന് അദ്ദേഹം പറഞ്ഞു.

വഖ്ഫ് ബോർഡ് അംഗങ്ങളായ അഡ്വ. ശറഫുദ്ദീൻ, പ്രൊഫ. കെ എം എ റഹീം, ഹജ്ജ് കമ്മിറ്റി ചെയർമാൻ സി മുഹമ്മദ് ഫൈസി, എൻ അലി അബ്ദുല്ല, കെ കെ അഹ്മദ്കുട്ടി മുസ്‌ലിയാർ, സയ്യിദ് ശറഫുദ്ദീൻ ജമലുല്ലൈലി, സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫി, പ്രൊഫ. എ കെ അബ്ദുൽ ഹമീദ്, ഇ യഅ്ഖൂബ് ഫൈസി, അശ്ഹർ പത്തനംതിട്ട, വി പി എം ഫൈസി വില്യാപ്പള്ളി സംബന്ധിച്ചു.

നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കും: ചെയർമാൻ

കോഴിക്കോട് | കേരളത്തിലെ വഖ്ഫ് തർക്കങ്ങൾ സംബന്ധിച്ച് നിഷ്പക്ഷമായ തീരുമാനങ്ങളെടുക്കുമെന്ന് വഖ്ഫ് ബോർഡ് ചെയർമാൻ ടി കെ ഹംസ. സമുദായത്തിലെ പാവങ്ങളെ സഹായിക്കാൻ ഒരുപാട് സാധ്യതകളുണ്ട്.
ഇത് ലക്ഷ്യമാക്കി തന്റെ കാലയളവിൽ ഒരുപാട് ക്ഷേമപ്രവർത്തനങ്ങൾ ഉദ്ദേശിക്കുന്നുണ്ട്. വഖ്ഫ് സ്വത്തുക്കൾ മോചിപ്പിക്കാൻ നടപടിയുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

നേരത്തേ ഇന്ത്യയിലെ വഖ്ഫ് സ്വത്തുക്കളെപ്പറ്റി പഠിക്കുന്നതിന് നിയോഗിക്കപ്പെട്ട സമിതിയിൽ എം പി എന്ന നിലക്ക് അംഗമായിരുന്നു. കോടിക്കണക്കിന് രൂപയുടെ വഖ്ഫ് സ്വത്തുക്കൾ അന്യാധീനപ്പെട്ടു കിടക്കുന്ന നെഞ്ച് പൊട്ടുന്ന കാഴ്ചകളാണ് അന്ന് കാണാൻ കഴിഞ്ഞത്. ഇത് സംബന്ധിച്ച് കേന്ദ്ര സർക്കാറിന് റിപ്പോർട്ട് നൽകിയിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

Latest