വാളക്കുളം സി കെ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ അന്തരിച്ചു

Posted on: January 21, 2020 12:51 am | Last updated: January 21, 2020 at 9:30 am

തിരൂരങ്ങാടി | പ്രമുഖ പണ്ഡിതനും സമസ്ത കേന്ദ്രമുശാവറ അംഗവും കാരന്തൂര്‍ സുന്നി മര്‍കസ് ശരീഅത്ത് കോളേജ് മുദരിസുമായ വാളക്കുളം ബീരാന്‍കുട്ടി മുസ്‌ലിയാര്‍ (84) അന്തരിച്ചു.

അറിയപ്പെട്ട പണ്ഡിതനായിരുന്ന വാളക്കുളം പരേതനായ ചെങ്ങണക്കാട്ടില്‍ അഹ്മദ് മുസ്‌ലിയാരുടേയും കോട്ടക്കല്‍ ബീരാന്‍കുട്ടിയുടെ മകള്‍ കുഞ്ഞീമയുടേയും മകനായി 1935ല്‍ ജനിച്ച ബീരാന്‍ മുസ്‌ലിയാര്‍ പ്രാഥമികപഠനത്തിന് ശേഷം സ്വന്തംപിതാവില്‍ നിന്നാണ് മതപഠനം കരസ്ഥമാക്കിയത്. പിന്നീട് തലക്കടത്തൂര്‍ അബ്ദു മുസ്‌ലിയാരുടേയും ശേഷം കുറ്റൂര്‍ കമ്മുമുസ്‌ലിയാരുടെ ദര്‍സില്‍ ചേര്‍ന്നു.

നീണ്ട പത്തുവര്‍ഷം വിഖ്യാത പണ്ഡിതനായ മര്‍ഹൂം കൈപ്പറ്റ ബീരാന്‍കുട്ടി മുസ്‌ലിയാരുടെ ദര്‍സില്‍ പഠനം നടത്തിയ ബീരാന്‍കുട്ടി മുസ്‌ലിയാര്‍ വിജ്ഞാനത്തിന്റെ സര്‍വമേഖലകളും സ്വായത്തമാക്കി വിജ്ഞാനത്തില്‍ അവഗാഹം നേടുകയായിരുന്നു. കൈപ്പറ്റയുടെ ദര്‍സില്‍ പഠിച്ചുകൊണ്ടിരിക്കെ തന്നെ ഉസ്താദിന്റെ നിര്‍ദേശ പ്രകാരം കോട്ടക്കല്‍ കൂര്യാട് ജുമുഅ മസ്ജിദില്‍ മുദരിസായി. പിന്നീട് കാനാഞ്ചേരി ജുമുഅ മസ്ജിദിലുമായി നീണ്ട മുപ്പത്തിനാല് വര്‍ഷം മുദരിസായി സേവനം ചെയ്ത ബീരാന്‍കുട്ടി മുസ്‌ലിയാര്‍ 1993 മുതല്‍ 2007 വരേ മര്‍കസ് ശരീഅത്ത് കോളജ് മുദരിസായി സേവനം ചെയ്തിട്ടുണ്ട്. പ്രമുഖ പണ്ഡിതന്‍മാര്‍ അടങ്ങുന്ന വലിയ ശിഷ്യസമ്പത്തിന്റെ ഉടമയാണ് ബീരാന്‍കുട്ടി മുസ്‌ലിയാര്‍.

അസുഖം കാരണം വീട്ടില്‍ വിശ്രമജീവിതം നയിക്കുമ്പോഴും ദീനീവിജ്ഞാനവുമായി ഇടപെട്ടു കഴിയുകയായിരുന്നു അദ്ദേഹം. പ്രമുഖ പണ്ഡിതരടക്കം പലരും അദ്ദേഹത്തിന്റെ വീട്ടില്‍ വന്ന് കിതാബുകള്‍ ഓതുകയും സംശയനിവാരണം നേടുകയും ചെയ്തിരുന്നു. ഭാര്യ: കോട്ടക്കല്‍ കൂരിയാട് തേനു മുസ്‌ലിയാരുപ്പാപ്പയുടെ മകന്‍ അബ്ദുല്ല മുസ്‌ലിയാരുടെ മകള്‍ ഖദീജ. മക്കളില്ല. മയ്യിത്ത് നിസ്‌കാരം ഇന്ന് കാലത്ത് ഒന്പത് മണിക്ക് പൂക്കിപ്പറന്പ് സുന്നി ജുമുഅ മസ്ജിദില്‍ ആരംഭിക്കും. ഖബറടക്കം 12 മണിക്ക്.