Connect with us

National

സഖ്യത്തിനില്ലെന്ന് ബി ജെ പി പ്രഖ്യാപിച്ച സാഹചര്യത്തിലും സി എ എ വിരുദ്ധ നിലപാടില്‍ മാറ്റമില്ല: എസ് എ ഡി

Published

|

Last Updated

ന്യൂഡല്‍ഹി | ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പില്‍ സഖ്യത്തിനില്ലെന്ന് ബി ജെ പി പ്രഖ്യാപിച്ച സാഹചര്യത്തിലും പൗരത്വ നിയമ ഭേദഗതിക്കെതിരായ നിലപാടില്‍ ഉറച്ചു നില്‍ക്കുന്നതായി പ്രഖ്യാപിച്ച് ശിരോമണി അകാലിദള്‍ (എസ് എ ഡി). “എന്‍ ഡി എ സര്‍ക്കാര്‍ പാസാക്കിയ സി എ എയെ എതിര്‍ത്ത് തങ്ങള്‍ നടത്തിയ പ്രസ്താവനയാണ് ബി ജെ പിയെ അസ്വസ്ഥരാക്കിയത്. എന്നാല്‍, എസ് എ ഡിക്ക് സ്വന്തം നിലപാടുണ്ട്. അതില്‍ ഉറച്ചുനില്‍ക്കുകയും ചെയ്യും. നിയമസഭാ തിരഞ്ഞെടുപ്പില്‍ സ്വീകരിക്കേണ്ട പാര്‍ട്ടി തന്ത്രങ്ങള്‍ സംബന്ധിച്ച് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാക്കള്‍ ഉടന്‍ യോഗം ചേര്‍ന്ന് തീരുമാനിക്കും”- എസ് എ ഡി വക്താവ് ദല്‍ജിത് സിംഗ് ചീമ പറഞ്ഞു.

ദീര്‍ഘകാലമായി തങ്ങളുടെ സഖ്യകക്ഷിയായ ശിരോമണി അകാലിദളുമായി ഇത്തവണ സഖ്യത്തിനില്ലെന്ന് ബി ജെ പി നേതൃത്വം പ്രഖ്യാപിച്ചിരുന്നു. ദേശീയ തലസ്ഥാനത്ത് പത്തു ലക്ഷത്തോളം സിഖ് വോട്ടര്‍മാരുണ്ടെന്നാണ് കണക്ക്. സംസ്ഥാനത്തെ 70 നിയമസഭാ സീറ്റുകളില്‍ പത്തെണ്ണത്തിലെങ്കിലും, പ്രത്യേകിച്ച് പശ്ചിമ ഡല്‍ഹിയില്‍ സിഖ് വോട്ടുകള്‍ നിര്‍ണായകമാകും. എസ് എ ഡിക്കു പുറമെ, ഹരിയാനയില്‍ ബി ജെ പിയുടെ പുതിയ സഖ്യ കക്ഷിയായ ജന്‍നായക് ജനത പാര്‍ട്ടി (ജെ ജെ പി)യും ഡല്‍ഹി തിരഞ്ഞെടുപ്പില്‍ ബി ജെ പിയോടൊന്നിച്ച് മത്സരിച്ചേക്കില്ലെന്നാണ് സൂചന.

Latest