Kerala
തദ്ദേശ വാര്‍ഡ് വിഭജനത്തിന്റെ കരടിന് മന്ത്രിസഭാ അംഗീകാരം

തിരുവനന്തപുരം | തദ്ദേശ ഭരണ സ്ഥാപനങ്ങളിലെ വാര്‍ഡ് വിഭജന നടപടികള്‍ ഊര്‍ജിതമാക്കാന്‍ സര്‍ക്കാര്‍ തീരുമാനം. ഇന്ന് ചേര്‍ന്ന് മന്ത്രിസഭാ യോഗം ഇത് സംബന്ധിച്ച ബില്ലിന്റെ കരടിന് അംഗീകാരം നല്‍കി. ഈ മാസം 30 മുതല്‍ നിയമസഭാ സമ്മേളനം ചേരാനും പൗരത്വ രജിസ്റ്ററും ജനസംഖ്യ രജിസ്റ്ററും നടപ്പാക്കില്ലെന്ന് സെന്‍സസ് ഡയറക്ടറെ അറിയിക്കാനും മന്ത്രിസഭാ യോഗം തീരുമാനിച്ചു. എന്നാല്‍ സെന്‍സസ് നടപടികള്‍ മുന്നോട്ടുകൊണ്ടുപോകും.
തദ്ദേശ വാര്‍ഡുകള്‍ വിഭജിക്കുന്നത് സംബന്ധിച്ച ഓര്‍ഡിനന്‍സ് ഗവര്‍ണറുടെ മേശപ്പുറത്താണുള്ളത്. ഓര്‍ഡിനന്‍സില്‍ ഒപ്പിടാനോ തിരിച്ചയക്കാനോ ആരിഫ് മുഹമ്മദ് ഖാന്‍ തയ്യാറായിട്ടില്ല. വിഷയത്തില്‍ ഗവര്‍ണര്‍ക്ക് വിയോജിപ്പുണ്ടെങ്കിലും ഓര്‍ഡിനന്‍സിലെ അതേ കാര്യങ്ങള്‍ തന്നെ ഉള്‍പ്പെടുത്തിയാണ് സര്‍ക്കാര്‍ ബില്ല് തയ്യാറാക്കിയിട്ടുള്ളത്. 20 ദിവസമായി തുടരുന്ന പ്രതിസന്ധിക്ക് ബദല്‍ എന്ന നിലയിലാണ് ബില്ലിന്റെ കരട് തയ്യാറാക്കിയിട്ടുള്ളത്. ബില്ല് നിയമസഭയില്‍ അവതരിപ്പിച്ച് പാസാക്കിയെടുക്കാനാണ് സര്‍ക്കാര്‍ നീക്കം. 30 മുതല്‍ നിയമസഭാ സമ്മേളനം തുടങ്ങാനുള്ള ശിപാര്‍ശയും സര്‍ക്കാര്‍ ഗവര്‍ണര്‍ക്ക് സമര്‍പ്പിക്കും.
മന്ത്രിസഭായോഗ തീരുമാനങ്ങള്‍
എന്‍ പി ആര്‍ പുതുക്കൽ കേരളത്തില്‍ നടത്തില്ല; സഹകരിക്കില്ല
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍ പി ആര്‍) പുതുക്കുന്നതുമായി ബന്ധപ്പെട്ട നടപടികള്‍ സംസ്ഥാനത്ത് നടത്താനോ ഇതുമായി സഹകരിക്കാനോ നിവൃത്തിയില്ലെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിനു കീഴിലുള്ള രജിസ്ട്രാര്‍ ജനറല്‍ ആന്‍റ് സെന്‍സസ് കമ്മീഷണറെ അറിയിക്കാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു.
ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ നടപടികളുമായി മുന്നോട്ടുപോയാല്‍ സംസ്ഥാനത്തെ ക്രമസമാധാനനിലയെ അതു പ്രതികൂലമായി ബാധിക്കുമെന്ന് സംസ്ഥാന പോലീസ് വിഭാഗം റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്.
ജനസംഖ്യാ കണക്കെടുപ്പിനൊപ്പം (സെന്‍സസ്) ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ (എന്‍.പി.ആര്‍) പുതുക്കാന്‍ ശ്രമിച്ചാല്‍ സെന്‍സസ് തന്നെ കൃത്യമായി നടപ്പിലാക്കാന്‍ കഴിയാതെവരുമെന്ന് ജില്ലാ കലക്ടര്‍മാരും സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.
നിയമസഭാ സമ്മേളനം 30 മുതല്‍
ജനുവരി 30 മുതല്‍ നിയമസഭ വിളിച്ചുചേര്‍ക്കുന്നതിന് ഗവര്‍ണറോട് ശുപാര്‍ശ ചെയ്യാന്‍ തീരുമാനിച്ചു.