മാലിദ്വീപിലെ മായക്കാഴ്ചകൾ

ഇന്ത്യൻ മഹാസമുദ്രത്തിൽ ലക്ഷദ്വീപിന്റെ അടുത്തായി 1190 കൊച്ചു ദ്വീപുകൾ അടങ്ങുന്ന രാജ്യമാണ് മാൽഡീവ്‌സ്. ഇത്രയും ദ്വീപുകളുണ്ടെങ്കിലും മാൽഡീവ്‌സുകാർ താമസിക്കുന്നത് വെറും 192 ദ്വീപുകളിൽ മാത്രമാണ്.
Posted on: January 19, 2020 6:20 pm | Last updated: January 19, 2020 at 6:20 pm

ഇന്ത്യൻ മഹാസമുദ്രത്തിൽ ലക്ഷദ്വീപിന്റെ അടുത്തായി 1190 കൊച്ചു ദ്വീപുകൾ അടങ്ങുന്ന രാജ്യമാണ് മാൽഡീവ്‌സ്. ഇത്രയും ദ്വീപുകളുണ്ടെങ്കിലും മാൽഡീവ്‌സുകാർ താമസിക്കുന്നത് വെറും 192 ദ്വീപുകളിൽ മാത്രമാണ്. ബാക്കി ചിലതിൽ താമസമില്ല. ചില ദ്വീപുകളിൽ റിസോർട്ടുകൾ പണിതിരിക്കുന്നു. ബാക്കിയുള്ളവ വിനോദ സഞ്ചാരത്തിന് ഉപയോഗിക്കുന്നതോ വ്യവസായങ്ങൾക്ക് ഉപയോഗിക്കുന്നതോ കൃഷിക്ക് ഉപയോഗിക്കുന്നതോ ആയിരിക്കും. സഞ്ചാരികൾക്ക് അവിടുത്തെ നാട്ടുകാരുമായി സൗഹൃദം സ്ഥാപിക്കാനോ അവരോട് സമ്പർക്കം നടത്താനോ അവസരങ്ങൾ കുറവാണ്.

മാലി ദ്വീപിലേക്ക്

ഇവിടേക്ക് വരാൻ വിസ ആവശ്യമില്ലെങ്കിലും ശ്രദ്ധിക്കേണ്ട അനേകം കാര്യങ്ങളുണ്ട്. ഇതൊരു ഇസ്‌ലാമിക രാഷ്ട്രമാണ്. ശരീഅത്താണ് ഇവിടുത്തെ നിയമം. അതുകൊണ്ട് തന്നെ മദ്യം, പൂജാ വിഗ്രഹങ്ങൾ, പ്രചാരണോദ്ദേശ്യത്തോടെയുള്ള മറ്റ് മത പുസ്തകങ്ങൾ എന്നിവ കൊണ്ടുവരുന്നതിന് കർശന നിയമങ്ങളുണ്ടിവിടെ.

മാൽഡീവ്‌സിലേക്ക് കാൽ വെച്ചതും ഒരു ചാറ്റൽ മഴ പെയ്തു സ്വാഗതമോതിക്കൊണ്ടാണ്. പൊതുവേ ഉഷ്ണ കാലാവസ്ഥയാണവിടെ. ആ മഴ ഏറെ രസകരമായി തോന്നി. ഈ ദ്വീപിന് തൊട്ടടുത്താണ് തലസ്ഥാന നഗരിയായ മാലി പ്രധാന ദ്വീപ്. അവിടെ ഉയർന്ന കെട്ടിടങ്ങളൊക്കെ കാണാം. കുറച്ചപ്പുറത്ത്് വ്യവസായ സ്ഥാപനങ്ങളുടെ ദ്വീപും കാണാം. മാലിയിലെ മാലിന്യങ്ങൾ നിക്ഷേപിക്കാനും ഒരു ദ്വീപുണ്ട്. അന്തർദേശീയ വിമാനത്താവളത്തിനു തൊട്ടടുത്ത് തന്നെയാണ് ദേശീയ ടെർമിനലും. ഇവിടെ നിന്നും മാൽഡീവ്‌സിലെ മറ്റ് എയർപോർട്ടിലേക്ക് പോകാനായി കഹെമിറ ഏവിയേഷന്റെ വിമാനങ്ങളുണ്ട്. പിന്നെ അടുത്തുള്ള റിസോർട്ടുകളിലേക്ക് സ്പീഡ് ബോട്ടിലോ അല്ലെങ്കിൽ സീ പ്ലെയിനിലോ യാത്ര ചെയ്യാം.

മാൽഡീവ്‌സ് നിവാസികൾ

ബോട്ടിൽ കയറുന്നതിന് മുന്നെ ഇവിടുത്തെ ജീവിതങ്ങളിലേക്ക് കണ്ണോടിച്ചു. മാൽഡീവ്‌സ് ജനതയിൽ ഭൂരിഭാഗവും ശ്രീലങ്ക, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ളവരാണ്. മലയാളികൾ ഉൾപ്പെടെ ഒരുപാട് ഇന്ത്യക്കാർ ഇവിടെ ജോലി ചെയ്യുന്നുണ്ട്.

മാൽഡീവ്‌സുകാരായ ജീവനക്കാരിൽ മിക്കവാറും പുകവലിക്കുന്നവരാണ്. ഇവർ ഇംഗ്ലീഷ് ഭാഷ സംസാരിക്കുന്നത് വളരെ നന്നായിട്ടാണ്. ദ്വീപുകൾക്ക് പുറമെ മണൽ തിട്ടകളും കാണാം. ഈ മണൽതിട്ടകൾ കാറ്റിനനുസരിച്ച് മാറിയിരിക്കുന്നു. രാത്രിനേരത്ത് ഇത്തരം മണൽത്തിട്ടകളിൽ ബോട്ടെടുത്ത് വന്നു ചെറിയ ടെന്റൊക്കെ കെട്ടി ആഘോഷിക്കുന്നത് ഇവരുടെ ഇഷ്ടവിനോദമാണ് .
ഇവിടുത്തെ റിസോർട്ടിനെക്കുറിച്ച് ഏറെ വിശേഷങ്ങളുണ്ട്. ഒരു ദ്വീപ് മുഴുവൻ മിക്കവാറും അവരുടേതായിരിക്കും. എന്നാൽ, ഈ ദ്വീപ് എന്ന് പറയുന്നത് അത്ര വലുതൊന്നുമല്ല. 15 മിനുട്ടുകൊണ്ട് ഒരു വട്ടം സൈക്കിൾ ചവിട്ടി കാണാവുന്നതേയുള്ളൂ. വെള്ളത്തിന് മുകളിലുള്ള വീടുകൾ, ബീച്ച് പരിസരത്തെ വീടുകൾ എന്നിവയാണിവിടത്തെ മുഖ്യ ആകർഷണങ്ങൾ. ദൂരെ കടലിനെയും നോക്കി അതിൽ കിടന്ന് വിശ്രമിക്കുന്നത് രസകരമാണ്.

ലൈവ് ഫിഷ് ഫ്രൈ

മീൻ തന്നെയാണ് ഇവിടുത്തെ മുഖ്യ വിഭവം. കടലിൽ നിന്ന് പിടിച്ച ഉടനെ ഉണ്ടാക്കിയ മീൻ വിഭവങ്ങൾ. മീൻ കൊണ്ടുള്ള പലതരം ചമ്മന്തി, ചിക്കനും സസ്യവിഭവങ്ങളും ഇതിനോടൊപ്പമുണ്ടായിരുന്നു. ഇവിടുത്തെ അടുക്കളയിലും ഒരുപാട് മലയാളികളെ കണ്ടു. നമ്മൾ ഒരാഴ്ചയൊക്കെ ഇവിടെ വന്ന് താമസിച്ച് സന്തോഷിക്കുന്നു. പക്ഷെ അവിടെ ജോലി ചെയ്യുന്നവർക്ക് ഈ സന്തോഷം കണ്ടില്ല. കാരണം , മറ്റൊന്നുമല്ല. ബോറടി തന്നെ. ജോലി കഴിഞ്ഞാൽ കാര്യമായൊന്നും അവർക്ക് ചെയ്യാനില്ല. ഒരു ദ്വീപ് എന്നാൽ ഒരു ചെറിയ സ്ഥലം. ആഞ്ഞു നടന്നാൽ അത് തീർന്നു. പിന്നെ വെള്ളമാണ് ചുറ്റും. കുറച്ചപ്പുറമോ ഇപ്പുറമോ പോകാമെന്ന് വെച്ചാൽ അത് വേറെ ദ്വീപിലേക്കാണ്. അങ്ങനെയങ്കിൽ ബോട്ടോ വിമാനമോ വേണം.

ALSO READ  പൊട്ടറ്റോ സ്‌നാക്‌സ്

സഞ്ചാരികളുടെ
ഇഷ്ടകേന്ദ്രം

വിശ്രമം, മധുവിധു ആഘോഷം എന്നിവക്കാണ് മാൽഡീവ്‌സിലേക്ക് മിക്ക സഞ്ചാരികളും എത്തുന്നതെങ്കിലും സമ്പന്നരായ ചിലർ അവരുടെ വിവാഹങ്ങൾ ഇവിടുത്തെ റിസോർട്ടുകളിൽ നടത്താറുണ്ട്. അല്ലെങ്കിൽ വിവാഹത്തോടനുബന്ധമായി ഫോട്ടോയെടുക്കാനും ഈ സ്ഥലം തിരഞ്ഞെടുക്കുന്നവരുണ്ട്. മാൽഡീവ്‌സിലെ കാലാവസ്ഥ കൂടുതലും ആകർഷിക്കുന്നത് തണുത്ത രാജ്യങ്ങളിൽ നിന്നുള്ള സഞ്ചാരികളെയാണ്. നിറപ്പകിട്ടാർന്ന പവിഴപുറ്റുകൾ തന്നെയാണ് മാൽഡീവ്‌സിൽ ഏറ്റവും ഇഷ്ടപ്പെട്ടത്. സ്‌നോർക്കലിംഗ് (snorkeling) ചെയ്യാനായി മൂക്കും വായും അടയ്ക്കുന്ന കണ്ണടയും പിന്നെ താറാവിന്റെ കാൽപാദം പോലെയുള്ള ഷൂവും ധരിച്ച് കടലിലിറക്കിറങ്ങണം. കടലിലെ കാഴ്ചകൾ നയനാനന്ദകരമാണ്. കടലിനടിയിൽ ഇത്രമാത്രം സൗന്ദര്യമോ? ദൂരെ ഭംഗിയുള്ള നീല നിറത്തിൽ പരന്നു കിടക്കുന്ന കടൽ തന്നെ “എന്ത് ഭംഗി’ എന്നു പറഞ്ഞ ഞാൻ, കടലിനടിഭാഗം കണ്ട് ശരിക്കും പകച്ചു പോയി. വിവിധ വർണങ്ങളിലുള്ള മീനുകൾ, നക്ഷത്ര മീൻ, ജലസസ്യങ്ങൾ, മറ്റു ജലജീവികൾ, ഭംഗിയുള്ള കടൽ തട്ട്, ഇതെല്ലാം ഒരു സ്വപ്‌നലോകം പോലെയാണനുഭവപ്പെട്ടത്.

പവിഴപ്പുറ്റുകൾക്കിടയിലൊരു കൊച്ചു രാജകൊട്ടാരം. അവിടെ പടയാളികളായി മഞ്ഞയും ബ്രൗണും വരയുള്ള മീനുകൾ. തോഴിമാരായി നീല നിറത്തിലുള്ള സുന്ദരി മീനുകൾ. ഈ കാഴ്ചകൾ കണ്ട് അത്ഭുതപ്പെടാനേ നേരമുണ്ടായിരുന്നുള്ളൂ.

സ്‌നോർക്കലിംഗ് ചെയ്യാൻ റിസോർട്ടിലെ ഡൈവിംഗ് സെന്ററിന്റെ സഹായമാണ് ഞങ്ങൾ തേടിയത്. അല്ലെങ്കിൽ അതിനുള്ള ഉപകരണങ്ങൾ വാങ്ങി ഇവിടെ നിന്നു തന്നെ കൊണ്ടുപോകാം.

കാരണം അത്രക്കെളുപ്പമാണ് സ്‌നോർക്കലിംഗ്. മാത്രമല്ല അതിനായി അതിദൂരം പോകേണ്ട ആവശ്യമില്ല. നീന്തലറിയണമെന്നുമില്ല. നീന്താനറിയാത്തവർക്ക് ലൈഫ് ജാക്കറ്റിട്ടിറങ്ങാം. നീന്താനറിയുന്നവർക്ക് ചെറുതായി ഊളിയിട്ടു കൂടുതൽ ഭംഗിയുള്ള അടിത്തട്ടു കാണാം. എങ്ങനെയായാലും മനോഹരമായ ഒരു അനുഭവമാണത്.

ഞണ്ടുകളുടെ
ഓട്ടമത്സരം

റിസോർട്ടിലെ ഒരു രാത്രി മാൾഡീവ്‌സുകാരുടെ കളികളിലൊന്നായ ഞണ്ട് ഓട്ടം ( Crab Race) കാണാൻ പറ്റി. അതെ. “ഞണ്ട് ഓട്ടം’ എന്ന് മലയാളീകരിക്കാം. ഒരു തുറന്ന പാത്രത്തിൽ നിറയെ ഞെണ്ടുകളിട്ട് നിറച്ചിട്ടുണ്ട്. ഈ ഞണ്ടുകളിൽ ഓരോന്നു വീതം കാണികൾ തിരഞ്ഞെടുക്കണം. അവിടെ താമസിക്കുന്നവരും ജോലിക്കാരുമൊക്കെ ഓരോന്നിനെ തിരഞ്ഞെടുത്തു. 1, 2, 3, എന്നിങ്ങനെ ആ ഞണ്ടുകളുടെ പുറത്ത് സ്റ്റിക്കർവെച്ചു ഒട്ടിച്ച് വെച്ചിട്ടുണ്ട്. പങ്കെടുക്കുന്ന ആളുടെ പേരും ഞണ്ടിന്റെ നമ്പറും ഒരാൾ നോട്ടിൽ കുറിക്കുന്നുമുണ്ട്. പത്ത് ഡോളർ നൽകി വേണം ഈ കളിയിൽ പങ്കെടുക്കാൻ. അതായത് അഞ്ഞൂറ് രൂപക്ക് മേലെ ഇന്ത്യൻ രൂപ. പണമില്ലാതെ ഇവിടെ ഒന്നും നടക്കില്ല. ഇവിടത്തെ സുവനീർ ഷോപ്പും മസാജ് സെന്ററും അങ്ങനെ തന്നെയാണ്. ചുരുങ്ങിയത് 60 ഡോളർ, 90 ഡോളർ എന്നൊക്കെ കാണാം. ആദ്യം ആ വട്ടത്തിനു പുറത്ത് കടക്കുന്ന ഞണ്ടു ജയിക്കും. അതാണ് മത്സരം. ആ ഓട്ടം കാണുന്നത് രസകരമായിരുന്നു. അങ്ങനെ പരസ്പരം പരക്കം പാഞ്ഞു. ഒരു വീരൻ ആ വട്ടം മുറിച്ചു കടന്നു വിജയിയായി. അങ്ങനെ ഒന്നാമനേയും രണ്ടാമനേയും കണ്ടെത്തി. കളി കഴിഞ്ഞപ്പോൾ എല്ലാരും കളിയും ചിരിയുമൊക്കെയായി അവിടെ തങ്ങി. പിന്നീട് എല്ലാരോടും യാത്ര പറഞ്ഞു തിരിച്ച് എന്റെ ‘കടൽ വീട്ടിലെ’ ബാൽക്കണിയിലെത്തി രാത്രിയോടും തിരകളോടും സംവദിച്ചങ്ങനെ നിന്നു.

ALSO READ  'മോല്യാരുപ്പാപ്പ'