Connect with us

Ongoing News

ദിവ്യാനുരാഗത്തിൻ്റെ കാവ്യപ്രപഞ്ചം

Published

|

Last Updated

മനുഷ്യ മനസ്സിൽ സഹസ്രാബ്ദങ്ങളായി തങ്ങി നിൽക്കാൻ കഴിവുള്ള സ്വതന്ത്രമായ സാഹിത്യ സൃഷ്ടി, “ക്ലാസിക്” എന്ന പേരിലാണ് അറിയപ്പെടുന്നത്. കാലത്തെ അതിജീവിക്കുന്ന ചിന്താ മൂല്യങ്ങളുള്ള കൃതികൾ മാത്രമാണ് ക്ലാസിക്കിൽ ഉൾപ്പെടുന്നത്. ഇത്തരത്തിൽ വിശ്വസാഹിത്യം ക്ലാസിക്കായി അംഗീകരിച്ച “മസ്നവി” എന്ന ഒരു ലക്ഷം ഈരടികൾ ഉൾക്കൊള്ളുന്ന രചന കൊണ്ട് കോടിക്കണക്കിന് ജനഹൃദയങ്ങളിൽ തന്റെ ദിവ്യപ്രേമത്താൽ സ്രഷ്ടാവുമായുള്ള ആത്മ സാമീപ്യത്തിന് ഇട വരുത്തിയ ലോക പ്രസിദ്ധ സൂഫീവര്യൻ ജലാലുദ്ധീൻ മുഹമ്മദ് റൂമി, മുൻ റോമാ സാമ്രാജ്യത്തിൽ അനാതോലിയാ എന്നും ഏഷ്യൻ തുർക്കിയെന്നും നാമങ്ങളിലറിയപ്പെടുന്ന റൂമിൽ, ബൽഖ് പ്രദേശത്ത് മതശാസ്ത്ര പണ്ഡിതന്മാരെ കൊണ്ട് സമ്പന്നമായ പ്രസിദ്ധ കുടുംബത്തിൽ ഹിജ്റ: 604 റബീഉൽ അവ്വൽ ആറാം തിയ്യതി ഭൂജാതനായി. ഒന്നാം ഖലീഫ അബൂബക്കർ സിദ്ധീഖ് (റ) ന്റെ വംശപരമ്പരയിൽപ്പെട്ട മുഹമ്മദ് ബഹാഉദ്ദീൻ വലദെന്ന വിഖ്യാത പണ്ഡിതനായിരുന്നു പിതാവ്. മാതാവാകട്ടെ നാലാം ഖലീഫയായ അലി(റ)ന്റെ വംശപരമ്പരയിലും. പരമ്പര കൊണ്ടും ആരാധന കർമങ്ങൾ കൊണ്ടും സംശുദ്ധമായ കുടുംബം.
റൂമിയുടെ അഞ്ചാമത്തെ വയസ്സിൽ തന്നെ പിതാവ് കുടുംബസമേതം ബൽഖ് നഗരം വിട്ടു. പലയിടങ്ങളിലായി സഞ്ചരിച്ച് അവിടങ്ങളിൽ മത പ്രബോധനങ്ങളിൽ വ്യാപൃതനായി. ബഹാഉദ്ദീൻ കുടുംബസമേതം തുർക്കിയുടെ അന്നത്തെ തലസ്ഥാനമായ കോനിയ നഗരത്തിലേക്ക് താമസം മാറ്റി. രണ്ട് വർഷത്തിനു ശേഷം ബഹാഉദ്ദീൻ അവിടെ വെച്ച് മൃതിയടഞ്ഞു.

ഏഴാം വയസ്സ് മുതൽക്കെ പിതാവിന്റെ ആരാധന കർമങ്ങളെ സ്വജീവിതത്തിൽ തുന്നിച്ചേർത്ത റൂമി വളരെ ചെറുപ്പത്തിൽ തന്നെ വിജ്ഞാനദാഹിയും സന്മാർഗ ബോധവുമുള്ള ബാലനായിരുന്നു. പണ്ഡിത ശ്രേഷ്ഠനായ പിതാവിൽ നിന്ന് ആദ്യാക്ഷരങ്ങൾ പഠിച്ച് പിതാവിന്റെ പ്രമുഖ ശിഷ്യന്മാരിലൊരാളായ സയ്യിദ് ബുർഹാനുദ്ധീൻ തിർമിദിയിൽ നിന്ന് ഒമ്പത് വർഷക്കാലം വിദ്യ നുകരുകയും ചെയ്തു. ഉന്നത വിദ്യാഭ്യാസത്തിന് ഡമസ്‌കസും അലപ്പോവും തിരഞ്ഞെടുത്തു. സിറിയയിൽ വെച്ച് ആദ്യമായി പ്രശസ്ത പണ്ഡിതനും സൂഫീവര്യനുമായ മുഹമ്മദ് മുഹ്്യുദ്ദീൻ ഇബ്നു അറബിയുമായി കണ്ടുമുട്ടുകയും അദ്ദേഹത്തിൽ നിന്ന് തത്വജ്ഞാനത്തിന്റെ ബാലപാഠം അഭ്യസിക്കുകയും ചെയ്തു. നിരവധി മഹാത്മാക്കളുമായി ബന്ധം ദൃഢപ്പെടുത്തി സൂഫീ ജ്ഞാനികളിൽ നിന്ന് അറിവിന്റെ ആഴമേറിയ ഗർത്തങ്ങളിലേക്ക് ഇറങ്ങിച്ചെന്നു.
ഹിജ്റ: 623, പത്തൊമ്പതാമത്തെ വയസ്സിൽ ഖ്വാജാ ശറഫുദ്ദീൻ സമർഖന്ദിയുടെ മകൾ ജൗഹർ ഖാത്തൂനെ വിവാഹം കഴിച്ചു. അവരിൽ ഒരു പുത്രൻ ജനിച്ചെങ്കിലും ഭാര്യ പൊടുന്നനെ വിട പറഞ്ഞു. കിറാ ഖാത്തൂൻ എന്ന മറ്റൊരു സ്ത്രീയെ പുനർ വിവാഹം ചെയ്യുകയും ആ ദാമ്പത്യത്തിൽ രണ്ടു പുത്രന്മാരും ഒരു പുത്രിയും ജനിച്ചു.
ശംസേ തബ്രീസും വഴിത്തിരിവും
ഹിജ്റ: 642 ജമാദുൽ ആഖർ 26നാണ് റൂമിയുടെ ജീവിതമാകെ മാറി മറിയുന്നത്. പ്രശസ്ത സൂഫീ തത്വജ്ഞാനിയായ ശംസുദ്ദീൻ മുഹമ്മദ് തബ്രീസ് എന്ന പണ്ഡിതനെ ആദ്യമായി കണ്ടുമുട്ടിയത് ഈ ദിവസമാണ്.
ആരായിരുന്നു ശംസേ തബ്രീസ് ?

മുഹമ്മദ് ഇബ്നു അലീ ഇബ്നു മാലിക് ദാദ് എന്നാണ് പൂർണ നാമം. ധിഷണാശാലിയും കുശാഗ്രബുദ്ധിയുമുള്ള ആത്മീയ ജ്യോതിസ്സ്. ഹൃദയാന്തരങ്ങളിൽ ചാലിട്ടൊഴുകുന്ന തിരു നബി പ്രേമത്താൽ സ്ഫുരിക്കുന്ന വദനം. നിരവധി കറാമത്തുകളുടെ ഉടമ. ലളിത ജീവിതം നയിച്ച തബ്രീസ് തന്റെ ദിവ്യപ്രേമ രഹസ്യങ്ങൾ പങ്കുവെക്കാൻ അനുയോജ്യമായ ഒരു കൂട്ടുകാരനുവേണ്ടി നിരന്തരം പ്രാർഥിക്കാറുണ്ടായിരുന്നുവത്രെ. റൂമിയാൽ ആ പ്രാർഥന സഫലമായി. തത്ഫലമായി തബ്രീസും റൂമിയും നിഗൂഢജ്ഞാന വിഷയങ്ങളെ സംബന്ധിച്ച് ദിവസങ്ങളോളം ഗഹനമായി ചർച്ച ചെയ്തു. സംഗീതത്തെ വെറുത്ത റൂമിക്ക് സംഗീതത്തോട് എന്നൊന്നുമില്ലാത്ത ഇഷ്ടം.
ഒരിക്കൽ “എന്റെ മരണത്തിനായി ഞാൻ വിളിക്കപ്പെടുകയാണെന്ന് പറഞ്ഞ് തബ്രീസ് അപ്രത്യക്ഷനായി. തബ്രീസില്ലാത്ത ജീവിതം റൂമിക്ക് സഹിക്കാവുന്നതിലുമപ്പുറമായിരുന്നു. തന്റെ വിരഹ വേദന “ദിവാനേ ശംസേ തബ്രീസ്” ലൂടെ വിലാപ കാവ്യങ്ങളായി ഒഴുകി.

തബ്രീസിന് ശേഷം റൂമി ഏറെ സ്നേഹിച്ച വ്യക്തി തന്റെ ശിഷ്യനുമായിരുന്ന ഹുസാമുദ്ധീൻ സെൽബിയെയായിരുന്നു. തന്റെ ക്ലാസിക് രചനക്ക് പ്രചോദനം നൽകിയത് സെൽബിയാണെന്ന് റൂമി മസ്നവിയിൽ വ്യക്തമാക്കുന്നുണ്ട്. സൂഫി ദർശന സാഹിത്യത്തിൽ അക്കാലത്ത് സ്വീകാര്യമായ പ്രമുഖ ഗ്രന്ഥങ്ങളേക്കാൾ മഹോന്നതമായ ഒരു ഗ്രന്ഥം രചിക്കണമെന്ന സെൽബിയുടെ അഭ്യർഥനയാണ് മസ്നവി രചനക്ക് തുടക്കം കുറിക്കുന്നത്. ദിവ്യ സംയോജനത്തിന്റെ നിഗൂഢ ജ്ഞാനങ്ങളും ദൈവ ദൃഷ്ടാന്തങ്ങളുമാണ് മസ്നവിയിലടങ്ങിയിട്ടുള്ളത്.

ഗാനരചനകളുടെ സാഹചര്യത്തെ കുറിച്ച് ദൗലത്ശാഹ് പറയുന്നു: ” റൂമിയുടെ വസതിയിൽ ഒരു തൂണുണ്ട്. പ്രണയ സാഗരത്തിൽ അദ്ദേഹം മുങ്ങുമ്പോൾ ആ തൂണിൽ പറ്റിപ്പിടിച്ച് അതിന് ചുറ്റും വട്ടംകറങ്ങും. വികാരഭരിതനായി ഉറക്കെ കവിതകൾ ആലപിക്കും. സമീപത്തുള്ളവർ അത് എഴുതിയെടുക്കും. ” ഇവ്വിധം പതിനഞ്ച് വർഷം കൊണ്ട് മസ്നവിയുടെ ആറ് ഭാഗങ്ങൾ പൂർത്തിയാക്കിയപ്പോഴേക്കും മരണം റൂമിയെ തേടിയെത്തി. മരണത്തിനു മുമ്പ് രോഗബാധിതനായി അവശനായി കിടക്കുന്ന അവസാനത്തെ ഏഴ് ദിവസം പകലും രാവും ഇടവിടാതെ അതിശക്തമായ ഭൂകമ്പം കോനിയ നഗരത്തെ പിടിച്ചു കുലുക്കി. സത്യത്തിൽ ഭൂമി റൂമിക്കു വേണ്ടി കേഴുകയായിരുന്നു. ഹിജ്റ 672 ജമാദുൽ ആഖർ അഞ്ചിന് 68 ാം വയസ്സിൽ വിട പറഞ്ഞു.

Latest