Connect with us

National

'ഗവര്‍ണര്‍ക്കും നിയമം ബാധകം'; രൂക്ഷവിമര്‍ശവുമായി കപില്‍ സിബല്‍

Published

|

Last Updated

ന്യൂഡല്‍ഹി  |പൗരത്വ നിയമത്തില്‍ കേരള ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നിലപാടുകളില്‍ അതിരൂക്ഷ വിമര്‍ശവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കപില്‍ സിബല്‍. ദൈവത്തിന് മുകളിലാണെന്നാണ് കേരള ഗവര്‍ണറുടെ വിചാരമെന്ന് കപില്‍ സിബല്‍ വിമര്‍ശിച്ചു. രാജ്യത്തെ നിയമം ഗവര്‍ണര്‍ക്കും ബാധകമാണെന്ന് കപില്‍ സിബല്‍ പറഞ്ഞു. സംസ്ഥാന മന്ത്രിസഭകളുടെ തീരുമാനം അനുസരിച്ചാണ് ഗവര്‍ണര്‍ പ്രവര്‍ത്തിക്കേണ്ടതെന്നും കപില്‍ സിബല്‍ പറഞ്ഞു. പൗരത്വ ഭേദഗതി

നിയമത്തിനെതിരെ സംസ്ഥാനം സുപ്രീം കോടതിയെ സമീപിച്ചതിനെതിരെ ഗവര്‍ണര്‍ രംഗത്തെത്തിയിരുന്നു. സര്‍ക്കാര്‍ കാണിച്ചത് ചട്ടലംഘനമാണെന്നും കോടതിയെ സമീപിക്കുന്നത് തന്നെ അറിയിക്കണമെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. എന്നാല്‍ ചട്ടവിരുദ്ധമായി സര്‍ക്കാര്‍ പ്രവര്‍ത്തിച്ചിട്ടില്ലെന്നും കോടതിയെ സമീപിക്കാന്‍ ഗവര്‍ണറുടെ അനുമതി ആവശ്യമില്ലെന്നും നിയമന്ത്രി എ കെ ബാലന്‍ ഇന്ന് പറഞ്ഞിരുന്നു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നടത്തിയ പരസ്യ പ്രതികരണങ്ങള്‍ക്ക് മറുപടിയുമായി ധനമന്ത്രി തോമസ് ഐസകും രംഗത്തെത്തിയിരുന്നു. ഗവര്‍ണര്‍ കാര്യങ്ങള്‍ വ്യക്തമാക്കേണ്ടത് വാര്‍ത്താ സമ്മേളനം നടത്തിയല്ല. ഔചിത്യത്തോടുകൂടിയുള്ള സംവാദങ്ങളാണ് ഉണ്ടാകേണ്ടത്. ഗവര്‍ണര്‍ക്ക് സര്‍ക്കാരില്‍ നിന്ന് വിവരങ്ങള്‍ തേടാമെന്നും അതിനുള്ള മറുപടി സര്‍ക്കാര്‍ നല്‍കുമെന്നും തോമസ് ഐസക് പറഞ്ഞു.ഡല്‍ഹിയില്‍ ജിഎസ്ടി യോഗത്തിനെത്തിയതായിരുന്നു തോമസ് ഐസക്.

Latest