ഗാന്ധി സ്മൃതിയില്‍നിന്നും മഹാത്മാ ഗാന്ധി വെടിയേറ്റ് മരിച്ച് കിടക്കുന്ന ചിത്രം നീക്കി

Posted on: January 18, 2020 11:01 am | Last updated: January 18, 2020 at 1:34 pm

ന്യൂഡല്‍ഹി | ഡല്‍ഹിയിലെ ഗാന്ധി സ്മൃതിയില്‍നിന്നും മഹാത്മാഗാന്ധി വെടിയേറ്റുമരിച്ച് കിടക്കുന്ന ചിത്രങ്ങള്‍ നീക്കി. രാഷ്ട്രപിതാവിന്റെ ഓര്‍മ്മകള്‍ നിറഞ്ഞ ഗാന്ധി സ്മൃതിയില്‍നിന്ന് സര്‍ക്കാര്‍ ആ ചിത്രം നീക്കിയെന്നു പ്രപൗത്രന്‍ തുഷാര്‍ ഗാന്ധി ട്വീറ്റ് ചെയ്തു.
ഞെട്ടിച്ചുവെന്നാണ് തുഷാര്‍ ഗാന്ധി ട്വീറ്റ് .”ബാപ്പുവിന്റെ ഘാതകര്‍ ചരിത്രപ്രമാണങ്ങളെപ്പോലും ഇല്ലാതാക്കുന്നു. ഹേ റാം” എന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. ‘പ്രധാന്‍ സേവകി’ന്റെ നിര്‍ദ്ദേശ പ്രകാരമാണ് ഗാന്ധി സ്മൃതി എന്നറിയപ്പെടുന്ന ബിര്‍ള ഹൗസിലെ ഗാലറിയില്‍ നിന്ന് ചിത്രങ്ങള്‍ മാറ്റിയതെന്ന് അദ്ദേഹം ആരോപിച്ചു.

രാജ്യത്തിന്റെ ‘പ്രധാന്‍ സേവക്’ എന്നാണ് നരേന്ദ്രമോദി തന്നെ സ്വയം വിശേഷിപ്പിച്ചത്. ഇതിനെ പരിഹസിച്ചുകൊണ്ടാണ് തുഷാര്‍ ഗാന്ധിയുടെ പരാമര്‍ശം. ഗാന്ധി സ്മൃതിയുടെയും ദര്‍ശന്‍ സമിതിയുടെയും ചെയര്‍പേഴ്‌സണ്‍ പ്രധാനമന്ത്രിയാണ്.

അതേ സമയം വിമര്‍ശനത്തെ താന്‍ ഭയക്കുന്നില്ലെന്നും എന്നാല്‍ നുണപ്രചാരണം ദൗര്‍ഭാഗ്യകരമാണെന്നും തുഷാര്‍ ഗാന്ധിയുടെ ട്വീറ്റിനോട് സാംസ്‌കാരിക മന്ത്രി പ്രഹ്‌ളാദ് സിംഗ് പട്ടേല്‍ പ്രതികരിച്ചു. ചിത്രം നിറംമങ്ങിയതിനാലാണ് മാറ്റിയതെന്നും ഇത് ഡിജിറ്റല്‍ ദൃശ്യങ്ങളിലുണ്ടെന്നും അദ്ദേഹം പറഞ്ഞു.

സ്വാതന്ത്ര്യം ലഭിച്ചതിന് ശേഷം ഗാന്ധി അവസാനമായി ചെലവഴിച്ചതും വെടിയേറ്റുവീണതും ഡല്‍ഹി തീസ് ജനുവരി മാര്‍ഗില ബിര്‍ളഹൗസിലാണ്. അദ്ദേഹത്തിന്റെ രക്തസാക്ഷിത്വത്തിന് ശേഷം ഇവിടം മ്യൂസിയമാക്കുകയായിരുന്നു.