അജ്ഞാത വൈറസ് ബാധിച്ച രണ്ടാമത്തെയാളും മരിച്ചു; ഭീതിയൊഴിയാതെ ചൈന

Posted on: January 17, 2020 10:06 pm | Last updated: January 17, 2020 at 10:06 pm

ബീജിംഗ് | ചൈനയില്‍ കൂടുതല്‍ പരിഭ്രാന്തി പടര്‍ത്തി അജ്ഞാത വൈറസ് ബാധിച്ച രണ്ടാമത്തെയാളും മരിച്ചു. വുഹാനില്‍ ചികിത്സയിലായിരുന്ന 69 വയസ്സുകാരനാണ് മരിച്ചത്. കഴിഞ്ഞയാഴ്ച വൈറസ് ബാധയെ തുടര്‍ന്ന് 61കാരന്‍ മരിച്ചിരുന്നു. നിലവില്‍ 41 പേരിലാണ് വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയിരിക്കുന്നത്. ഇതില്‍ 12 പേര്‍ പൂര്‍ണമായി രോഗമുക്തരായതായി വുഹാന്‍ ആരോഗ്യ വിഭാഗം അറിയിച്ചു. അഞ്ച് പേരുടെ നില ഗുരുതരമാണ്. നിരവധി പേര്‍ നിരീക്ഷണത്തില്‍ തുടരുന്നു.

മധ്യ ചൈനീസ് നഗരമായ വുഹാനാണ് രോഗത്തിന്റെ പ്രഭവ കേന്ദ്രം. സാര്‍സ് ഉള്‍പ്പെടെയുള്ള ശ്വാസകോശ രോഗങ്ങള്‍ക്ക് കാരണമാകുന്ന കൊറോണ വൈറസിന്റെ പുതിയ രൂപത്തിലുള്ള വൈറസാണ് പടര്‍ന്നുപിടിച്ചതെന്നാണ് നിഗമനം. 2002-2003 കാലത്ത് സാര്‍സ് രോഗത്തെ തുടര്‍ന്ന് ചൈനയില്‍ 349 പേരും ഹോങ്കോംഗില്‍ 299 പേരും മരിച്ചിരുന്നു.

ചൈനയെ കൂടാതെ തായ്ലന്‍ഡിലും ജപ്പാനിലും ഓരോ കേസുകള്‍ വീതം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇവര്‍ നേരത്തേ വുഹാന്‍ സന്ദര്‍ശിച്ചിട്ടുണ്ട്. 74 വയസ്സുകാരിക്കാണ് തായ്ലന്‍ഡില്‍ രോഗബാധ സ്ഥിരീകരിച്ചത്. മത്സ്യ- മാംസ മാര്‍ക്കറ്റിലെ ജോലിക്കാരിലായിരുന്നു ആദ്യം വൈറസ് ബാധ സ്ഥിരീകരിച്ചത്. ജനുവരി ഒന്നിന് മാര്‍ക്കറ്റ് അടച്ചു. മനുഷ്യരില്‍ നിന്ന് മുനുഷ്യരിലേക്ക് വൈറസ് പകരുന്നതായി ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. രോഗികളുമായി അടുത്തിടപഴകിയവരിലും ചികിത്സിച്ച ആരോഗ്യ വകുപ്പ് ജീവനക്കാരിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിരുന്നില്ല. എന്നാല്‍, ഈ സാധ്യത ഒഴിവാക്കാന്‍ കഴിയില്ലെന്ന് ആരോഗ്യ കമ്മീഷന്‍ വ്യക്തമാക്കിയിട്ടുണ്ട്. രോഗ ബാധ സ്ഥിരീകരിച്ച ഒരാള്‍ മത്സ്യ- മാംസ മൊത്ത വ്യാപാര മാര്‍ക്കറ്റില്‍ ജോലി ചെയ്തിരുന്നതായി വുഹാന്‍ ആരോഗ്യ കമ്മീഷന്‍ അറിയിച്ചു. ഇയാളുടെ ഭാര്യക്കും രോഗമുണ്ടെന്ന് കണ്ടെത്തി.

കൊറോണ വൈറസിന്റെ പുതിയ രൂപത്തിലൂള്ള വൈറസാണ് വുഹാനില്‍ പടര്‍ന്നു പിടിച്ചതെന്നാണ് കരുതപ്പെടുന്നത്. പനിയും ശ്വാസതടസ്സവുമാണ് പ്രധാന രോഗലക്ഷണങ്ങള്‍. ജലദോഷത്തില്‍ നിന്ന് സാര്‍സ് വരെയുള്ള വലിയ അണുബാധകളിലേക്ക് നയിച്ചേക്കാവുന്ന വൈറസുകളുടെ ഒരു വലിയ കുടുംബമാണ് കൊറോണ വൈറസുകള്‍. 2002ല്‍ തെക്കന്‍ ചൈനയില്‍ നിന്നാണ് സാര്‍സ് പൊട്ടിപ്പുറപ്പെട്ടത്. 37 രാജ്യങ്ങളിലായി 8,000ത്തിലേറെ പേര്‍ക്ക് രോഗം ബാധിച്ചു. 800 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അജ്ഞാത വൈറസ് ബാധ സ്ഥിരീകരിച്ച സാഹചര്യത്തില്‍ ചൈനയുടെ അയല്‍ രാജ്യങ്ങളില്‍ കര്‍ശന ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സിംഗപ്പൂര്‍, ഹോങ്കോംഗ് തുടങ്ങിയ അയല്‍ രാജ്യങ്ങളില്‍ നിന്ന് കര്‍ശന പരിശോധനകള്‍ക്ക് ശേഷമാണ് സഞ്ചാരികളെ ചൈനയിലേക്ക് പ്രവേശിപ്പിക്കുന്നത്. ചൈനീസ് ജനതയില്‍ പലരും സ്വന്തം പട്ടണങ്ങളിലേക്കോ വിദേശത്തേക്കോ യാത്ര ചെയ്യുന്ന ചാന്ദ്ര പുതുവത്സര അവധി ദിവസങ്ങള്‍ക്ക് തൊട്ടുമുമ്പാണ് വൈറസ് പൊട്ടിപ്പുറപ്പെട്ടത്.