കണ്ണിലൊഴിക്കുന്ന മരുന്ന് വെള്ളത്തില്‍ കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊന്നു; ഭാര്യക്ക് 25 വര്‍ഷം തടവ്

Posted on: January 17, 2020 9:51 pm | Last updated: January 18, 2020 at 10:09 am

വാഷിംഗ്ടണ്‍ | കണ്ണിലൊഴിക്കുന്ന തുള്ളിമരുന്ന് കുടിവെള്ളത്തില്‍ കലര്‍ത്തി നല്‍കി ഭര്‍ത്താവിനെ കൊലപ്പെടുത്തിയ കേസില്‍ ഭാര്യക്ക് 25 വര്‍ഷം തടവ്. സൗത്ത് കരോളിന സ്വദേശിനിയും നഴ്സുമായ ലെന ക്ലേറ്റനാണ് (53) കോടതി ശിക്ഷ വിധിച്ചത്. ഫിസിക്കല്‍ തെറാപ്പി റിസോഴ്സസ് എന്ന കമ്പനിയുടെ സ്ഥാപകനായിരുന്ന ലെനയുടെ ഭര്‍ത്താവ് സ്റ്റീവന്‍ ക്ലേറ്റന്‍ (64) 2018 ജൂലൈ 21നാണ് മരിച്ചത്. അപകട മരണമെന്നായിരുന്നു ആദ്യ നിഗമനം. എന്നാല്‍, കണ്ണില്‍ ഒഴിക്കുന്ന മരുന്നിലെ രാസവസ്തുവിന്റെ സാന്നിധ്യം പോസ്റ്റ്മോര്‍ട്ടത്തില്‍ കണ്ടെത്തിയതോടെയാണ് കാര്യങ്ങള്‍ മാറിമറിഞ്ഞത്. തുടര്‍ന്ന് 2018 ആഗസ്റ്റില്‍ കൊലപാതകക്കുറ്റം ചുമത്തി ലെനയെ അറസ്റ്റ് ചെയ്തു. പിന്നീട് ഇവര്‍ കുറ്റം സമ്മതിച്ചു.

തങ്ങള്‍ക്കിടയില്‍ പ്രശ്നമുണ്ടായതോടെ അദ്ദേഹത്തെ ഒന്ന് അസ്വസ്ഥനാക്കാനാണ് കണ്ണിലൊഴിക്കുന്ന മരുന്ന് വെള്ളത്തില്‍ കലക്കി നല്‍കിയതെന്നും മരിക്കുമെന്ന് കരുതിയില്ലെന്നും അവര്‍ കോടതിയില്‍ പറഞ്ഞു. മൂന്ന് ദിവസമാണ് മരുന്ന് കലക്കി നല്‍കിയത്. അതിന് പിന്നാലെയാണ് ഗോവണിയില്‍ നിന്ന് വീണ് സ്റ്റീവന്‍ മരിച്ചത്. കോടിക്കണക്കിന് ഡോളര്‍ വിലയുള്ള സ്വത്തുക്കളുടെ ഉടമയായിരുന്ന സ്റ്റീഫന്റെ സ്വത്ത് കൈക്കലാക്കാന്‍ ലെന വില്‍പത്രം കത്തിച്ചുകളഞ്ഞെന്നും അന്വേഷണത്തില്‍ കണ്ടെത്തി. ഇതോടെ പ്രതിക്ക് 25 വര്‍ഷം തടവുശിക്ഷ വിധിക്കുകയായിരുന്നു.