ഗവര്‍ണറുടെ അനുമതി വേണ്ട; തദ്ദേശ വാര്‍ഡ് വിഭജന ബില്ലുമായി സര്‍ക്കാര്‍ മുന്നോട്ട്

Posted on: January 17, 2020 8:17 pm | Last updated: January 18, 2020 at 10:09 am

തിരുവനന്തപുരം | തദ്ദേശ വാര്‍ഡ് വിഭജനവുമായി ബന്ധപ്പെട്ട ബില്‍ പാസാക്കാന്‍ ഗവര്‍ണറുടെ അനുമതി വേണ്ടെന്ന നിലപാടിലുറച്ച് സംസ്ഥാന സര്‍ക്കാര്‍. അധിക സാമ്പത്തിക ബാധ്യത ഇല്ലാത്തതിനാലാണിത്. തദ്ദേശ വകുപ്പ്, കരട് തയ്യാറാക്കി നിയമ വകുപ്പിന് നല്‍കിയിട്ടുണ്ട്. ബില്‍ ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം അംഗീകരിക്കും. തദ്ദേശ സ്വയംഭരണ സ്ഥാപന വാര്‍ഡുകള്‍ 2011 സെന്‍സസ് വിവരങ്ങളുടെ അടിസ്ഥാനത്തില്‍ വിഭജിക്കാന്‍ ഉത്തരവിട്ട് സര്‍ക്കാര്‍ കൊണ്ടുവന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ ഗവര്‍ണര്‍ വിസമ്മതിച്ചിരുന്നു.

വാര്‍ഡ് വിഭജനം പുതിയ സെന്‍സസ് നടപടി ക്രമങ്ങളെ ബാധിക്കുമെന്ന് വ്യക്തമാക്കി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഗവര്‍ണര്‍ക്ക് പരാതി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഓര്‍ഡിനന്‍സില്‍ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ കൂടുതല്‍ വിശദീകരണം തേടി ഫയല്‍ മടക്കി. തുടര്‍ന്ന് വാര്‍ഡ് വിഭജനം സെന്‍സസ് നടപടികളെ ബാധിക്കില്ലെന്നും ആശങ്ക വേണ്ടെന്നും അറിയിച്ച് സര്‍ക്കാര്‍ വീണ്ടും ഓര്‍ഡിനന്‍സ് ഗവര്‍ണര്‍ക്ക് കൈമാറിയിരുന്നു.
അതിനിടെ, വാര്‍ഡ് വിഭജനം നടത്താന്‍ സംസ്ഥാന സര്‍ക്കാറിന് അധികാരമില്ലെന്ന നിലപാട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ആവര്‍ത്തിച്ചു.