മുംബൈ സ്‌ഫോടന കേസ് പ്രതി ‘ഡോക്ടര്‍ ബോംബ് ‘ പരോളിലിറങ്ങി മുങ്ങി

Posted on: January 17, 2020 12:07 pm | Last updated: January 17, 2020 at 1:56 pm

മുംബൈ | മുംബൈ സ്‌ഫോടന പരമ്പര കേസില്‍ ശിക്ഷിക്കപ്പെട്ട ഡോക്ടര്‍ ജലീല്‍ അന്‍സാരി പരോളിലിറങ്ങി മുങ്ങി. ഡോക്ടര്‍ ബോംബ് എന്ന പേരില്‍ അറിയപ്പെടുന്ന 68കാരനായ ജലീല്‍ അന്‍സാരിയെ പരോളിലിരിക്കെ വ്യാഴാഴ്ചയാണ് കാണാതാവുന്നത്.ജലീലിനെ കാണാതായ കാര്യം മകന്‍ പോലീസ് സ്‌റ്റേഷനില്‍ അറിയിക്കുകയായിരുന്നു

അഗ്രിപാഡ മോമിന്‍പുര സ്വദേശിയായ അന്‍സാരി അജ്‌മേര്‍ ജയിലില്‍ ജീവപര്യന്തം തടവ് ശിക്ഷ അനുഭവിച്ചു കൊണ്ടിരിക്കെയാണ് 21 ദിവസത്തെ പരോളില്‍ പുറത്ത് പോവുന്നത്. പരോള്‍കാലാവധി കഴിഞ്ഞ് വെള്ളിയാഴ്ച ഹാജരാവേണ്ടതായിരുന്നു. അഗ്രിപാഡ പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ ദിവസവും 10.30നും 12 മണിക്കുമിടയില്‍ ഹാജര്‍ രേഖപ്പെടുത്തേണ്ടതുണ്ട്. എന്നാല്‍ വ്യാഴാഴ്ച ഇയാള്‍ പോലീസ് സ്‌റ്റേഷനിലെത്തിയില്ല. വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം അന്‍സാരിയുടെ മകന്‍ ജെയിദ് അന്‍സാരി പിതാവിനെ കാണാനില്ലെന്ന് പറഞ്ഞ് പോലീസ് സ്‌റ്റേഷനിലെത്തുകയായിരുന്നു.
സിമി, ഇന്ത്യന്‍ മുജാഹിദ്ദീന്‍ പോലുള്ള നിരോധിത സംഘടനകള്‍ക്ക് ബോംബ് ഉണ്ടാക്കി കൊടുക്കാന്‍ സഹായിച്ചു എന്നതാണ് ജലീല്‍ അന്‍സാരിക്കെതിരേയുള്ള കേസ്.