വിദ്യാർഥികളുടെ ബഹിഷ്കരണം: അലിഗഡ് സർവകലാശാല പരീക്ഷകൾ വീണ്ടും മാറ്റിവെച്ചു

Posted on: January 16, 2020 9:53 pm | Last updated: January 16, 2020 at 10:05 pm

അലിഗഡ് | വിദ്യാർഥികൾ കൂട്ടമായി പരീക്ഷകൾ ബഹിഷ്കരിക്കാൻ തീരുമാനമെടുത്തതോടെ വീണ്ടും പരീക്ഷകൾ മാറ്റി വെച്ച് അലിഗഡ് മുസ്ലിം സർവകലാശാല അധികൃതരുടെ പ്രഖ്യാപനം. ശൈത്യകാല അവധി കഴിഞ്ഞ് മൂന്ന് ഘട്ടമായി തുറക്കുന്ന സർവകലാശാലയിലെ ആദ്യ ഘട്ടത്തിൽ തുറന്ന എൻജിനീയറിംഗ്, മെഡിസിൻ, മാനേജ്മെന്റ്, യൂനാനി വിഭാഗം വിദ്യാർഥികളാണ് പരീക്ഷകൾ ബഹിഷ്‌കരിക്കാനുള്ള തീരുമാനമെടുത്തത്. തുടർന്ന് നേരത്തെ നിശ്ചയിച്ച എല്ലാ പരീക്ഷകളും മാറ്റി വെച്ചതായി വൈസ് ചാൻസിലറുടെ നേതൃത്വത്തിൽ നടന്ന ചർച്ചകൾക്ക് ശേഷം അറിയിക്കുകയായിരുന്നു.

പൗരത്വ നിയമ ഭേഗഗതിക്കെതിരായി ക്യാമ്പസിൽ നടന്ന വിദ്യാർഥി സമരങ്ങൾക്ക് പിന്നാലെ  സർവകലാശാലക്ക് അവധി പ്രഖ്യാപിക്കുകയായിരുന്നു. മാറ്റിവച്ച പരീക്ഷകൾ അവധിക്കു ശേഷം നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ വിദ്യാർഥികളും അധ്യാപകരും ഒന്നിച്ചുള്ള  സമര പരിപാടികൾ കഴിഞ്ഞ ദിവസങ്ങളിലും തുടർന്നു. ഡിസംബർ പതിനഞ്ചിന് പോലീസിന് ക്യാമ്പസിൽ പ്രവേശിക്കാൻ അനുമതി കൊടുത്ത യൂനിവേഴ്‌സിറ്റി വൈസ് ചാൻസിലറും റെജിസ്ട്രാറും രാജിവെക്കുന്നത് വരെ ക്ലാസ്സുകളും പരീക്ഷകളും ബഹിഷ്‌കരിക്കാൻ വിദ്യാർഥികൾ തീരുമാനിച്ച സാഹചര്യത്തിലാണ് യൂണിവേഴ്‌സിറ്റിയുടെ പുതിയ നീക്കം.