Connect with us

മലപ്പുറത്ത് സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ഭരണഘടനാ സംരക്ഷണ മഹാറാലിയിൽ കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പ്രഭാഷണം നടത്തുന്നു.

മലപ്പുറം | രാജ്യത്തെ വലിയൊരു വിഭാഗത്തെ അസ്വസ്ഥരും അസ്ഥിത്വത്തെക്കുറിച്ച് ആശങ്കാകുലരുമാക്കുന്ന പൗരത്വ ഭേദഗതി നിയമം കേന്ദ്ര സർക്കാർ പുന:പരിശോധിക്കണമെന്നും  ജനവികാരം കണക്കിലെടുക്കണമെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്‌റാഹീമുൽ ഖലീൽ അൽ ബുഖാരി പറഞ്ഞു. മലപ്പുറത്ത് സംഘടിപ്പിച്ച മുഖ്യമന്ത്രിയുടെ ഭരണഘടനാ സംരക്ഷണ മഹാറാലിയിൽ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യ സ്നേഹികളായ മുഴുവനാളുകളും വിവിധ തരത്തിൽ ഇതിനെതിരെ പ്രതിഷേധമുയർത്തിക്കൊണ്ടിരിക്കുന്നു. രാജ്യത്ത് നിലനിൽക്കുന്ന മതസൗഹാർദത്തിനും സാഹോദര്യത്തിനും കളങ്കം വരുത്തുന്ന നടപടികളിൽ നിന്നും കേന്ദ്ര സർക്കാർ പിന്മാറണമെന്ന് അവർ ഒറ്റക്കെട്ടായി ആവശ്യപ്പെടുന്നു. ഇതിനോട് പുറം തിരിഞ്ഞു നിൽക്കാൻ ആർക്കുമാവില്ല.

ലോകത്ത് എവിടെപ്പോയാലും നമ്മുടെ രാജ്യത്തിന്റെ മതേതര പാരമ്പര്യത്തെക്കുറിച്ച് പറഞ്ഞിട്ടേ എന്റെ പ്രഭാഷണം തുടങ്ങാറുള്ളൂ. ഭാഷ, ദേശ, വിശ്വാസ വൈവിധ്യങ്ങളെ ഇത്രയും സുന്ദരമായി കാത്തു പോരുന്ന രാജ്യത്തിന്റെ ഭരണ ഘടനയുടെ സൗന്ദര്യത്തെക്കുറിച്ച് കേൾക്കാൻ വിദേശികൾക്ക് എപ്പോഴും വലിയ താത്പര്യവുമാണ്.

വിശുദ്ധ റമളാൻ ഇരുപത്തിയേഴാം രാവിൽ വിശ്വാസി ലക്ഷങ്ങൾ ഒരുമിച്ചു കൂടുന്ന മഅ്ദിൻ പ്രാർത്ഥനാ സമ്മേളനത്തിലെ എന്റെ പ്രഭാഷണത്തിൽ എല്ലാ വർഷവും ഞാൻ ഉണർത്തുന്ന ഒരു കാര്യമുണ്ട്:  ലോക മുസ്്‌ലിംകൾ ഏറ്റവും പവിത്രമായിക്കരുതുന്ന ഈ പുണ്യ രാവിൽ ഇത്രയും വലിയൊരു ജന സഞ്ചയത്തിന് വേദിയൊരുക്കാൻ അവസരം തരുന്നത് ഭാരതം കാത്തു പോരുന്ന മതേതരത്വവും അവസര സമത്വവുമാണ്.

വീഡിയോ കാണാം:

കേരളം നേരിട്ട രണ്ട് പ്രളയ സമയത്തും മുഖ്യമന്ത്രിയുടെ നേതൃപാടവം കേരളീയർക്ക് പുതുജീവനാണ് നൽകിയത്. അത് പോലെത്തന്നെ പൗരത്വ ഭേദഗതി നിയമത്തിനെതിരെയും അദ്ദേഹത്തിന്റെ നേതൃത്വത്തിൽ കേരളം ഒറ്റക്കെട്ടായി ഭരണ ഘടനാ സംരക്ഷണത്തിനായി നില കൊള്ളുന്നുവെന്നത് വലിയ പ്രതീക്ഷയാണ്. ദേശീയ പൗരത്വ രജിസ്സർ കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം ധീരമാണ്. കേരളത്തിൽ എല്ലാവരും സുരക്ഷിതരെന്ന അദ്ദേഹത്തിന്റെ വാക്കും പിന്തുണയും വലിയ ധൈര്യമാണ് നൽകുന്നത്. പ്രസ്തുത നിയമത്തിനെതിരെ ആദ്യമായി നിയമസഭയിൽ പ്രമേയം പാസാക്കിയും നിയമ പോരാട്ടത്തിനിറങ്ങിയും രാജ്യത്തെ നിരപേക്ഷ സമൂഹത്തിന് വലിയ ആശ്വാസമായിരിക്കുകയാണ്. വിവിധ രാഷ്ട്രീയ പ്രസ്ഥാനങ്ങളെയും മത സാമൂഹിക സാംസ്‌കാരിക സംഘടനകളെയും ഒരുമിപ്പിച്ച്, രാജ്യം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിക്കെതിരെ മുന്നിൽ നിന്ന് നയിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്ന ഇത്തരം ശ്രമങ്ങൾക്ക് പിന്തുണ നൽകേണ്ടത് എല്ലാവരുടെയും ഉത്തരവാദിത്വമാണെന്നും അദ്ദേഹം പറഞ്ഞു.

Latest