സ്യൂട്ട് ഫയല്‍ ചെയ്യുമ്പോള്‍ തന്നോട് ആലോചിച്ചില്ല; സംസ്ഥാന സര്‍ക്കാറിനെ രൂക്ഷമായി വിമര്‍ശിച്ച് ഗവര്‍ണര്‍

Posted on: January 16, 2020 12:30 pm | Last updated: January 16, 2020 at 9:53 pm

തിരുവനന്തപുരം | പൗരത്വ നിയമ ഭേദഗതിക്കെതിരെ സുപ്രീം കോടതിയില്‍ സ്യൂട്ട് ഫയല്‍ ചെയ്യുമ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ തന്നോട് ആലോചിച്ചില്ലെന്ന ആരോപണവുമായി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. സര്‍ക്കാര്‍ നടപടിയെ അദ്ദേഹം നിശിതമായി വിമര്‍ശിച്ചു. വിഷയത്തില്‍ ഗവര്‍ണറോട് ആലോചിക്കാതെ കോടതിയെ സമീപിച്ച സര്‍ക്കാര്‍ നടപടി പ്രോട്ടോക്കോള്‍ ലംഘനമാണ്. താനൊരു റബ്ബര്‍ സ്റ്റാമ്പല്ലെന്നും ഗവര്‍ണര്‍ പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ പോകുന്നതിനോട് എതിര്‍പ്പില്ല. ഭരണഘടന പ്രകാരം അവര്‍ക്ക് അതിന് അവകാശമുണ്ട്. പക്ഷെ ആ വിവരം ഗവര്‍ണറെ അറിയിച്ചില്ലെന്നും നടപടി അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണെന്നും ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു.

അതേസമയം, ഭരണഘടനയും നിയമവും മറികടന്നതു കൊണ്ടാണ് തദ്ദേശ വാര്‍ഡുകളുടെ എണ്ണം വര്‍ധിപ്പിക്കുന്നതിനുള്ള ഓര്‍ഡിനന്‍സില്‍ ഒപ്പിടാന്‍ വിസമ്മതിച്ചതെന്ന് ഗവര്‍ണര്‍ വ്യക്തമാക്കി. ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്ന് പറഞ്ഞിട്ടില്ല. അതേ കുറിച്ച് ചില ചോദ്യങ്ങള്‍ ഉയര്‍ത്തുക മാത്രമാണ് ചെയ്തത്. സര്‍ക്കാര്‍ നടപടി ഭരണഘടനാപരമാണോയെന്ന് പരിശോധിക്കും. നിയമത്തിനു മുകളിലാണെന്നാണ് ചിലര്‍ കരുതുന്നത്. മാധ്യമ പ്രവര്‍ത്തകരോടു സംസാരിക്കവെ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. അതിനിടെ, ഗവര്‍ണര്‍ ഒപ്പിട്ടില്ലെങ്കിലും ബില്ല് കൊണ്ടുവരാമെന്ന് സര്‍ക്കാറിന് അഡ്വക്കേറ്റ് ജനറലിന്റെ ഉപദേശം ലഭിച്ചു.