Connect with us

National

ഭീകരര്‍ക്കൊപ്പം പിടിയിലായ ഡി എസ് പി. ദേവീന്ദര്‍ സിംഗിന്റെ പോലീസ് മെഡല്‍ പിന്‍വലിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി | ജമ്മു കശ്മീരില്‍ ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം അറസ്റ്റിലായ പോലീസ് ഉദ്യോഗസ്ഥന്‍ ദേവീന്ദര്‍ സിംഗിന് മുമ്പ് സമ്മാനിച്ചിരുന്ന ഷേര്‍ ഇ കശ്മീര്‍ മെഡല്‍ പിന്‍വലിച്ചു. ഇതുസംബന്ധിച്ച ഉത്തരവ് കശ്മീര്‍ ലെഫ്റ്റനന്റ് ഗവര്‍ണര്‍ പുറപ്പെടുവിച്ചു. ദേവീന്ദര്‍ സിംഗിനെ സര്‍വീസില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യപ്പെട്ട് ജമ്മു കശ്മീര്‍ പോലീസ് നല്‍കിയ കത്ത് ആഭ്യന്തര മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. ഡി എസ് പി റാങ്കിലുള്ള ദേവീന്ദര്‍ സിംഗിന്റെ സ്ഥാനക്കയറ്റത്തിനുള്ള നടപടികള്‍ മരവിപ്പിച്ചതായി പോലീസ് നേരത്തെ അറിയിച്ചിരുന്നു.

ശനിയാഴ്ച ഹിസ്ബുല്‍ ഭീകരര്‍ക്കൊപ്പം ഡല്‍ഹിയിലേക്ക് പോകുന്നതിനിടെയാണ് ദേവീന്ദര്‍ സിംഗ് അറസ്റ്റിലായത്.
ഡി എസ് പിക്കൊപ്പമുണ്ടായിരുന്ന ഭീകരര്‍ റിപ്പബ്ലിക് ദിനത്തില്‍ ഡല്‍ഹിയില്‍ ആക്രമണം നടത്താന്‍ പദ്ധതിയിട്ടിരുന്നതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ വെളിപ്പെടുത്തിയിരുന്നു. ഭീകരരെ ഡല്‍ഹിയില്‍ എത്തിക്കുന്നതിന് 12 ലക്ഷം രൂപ കൈപ്പറ്റിയതായി ചോദ്യം ചെയ്യലില്‍ ദേവീന്ദര്‍ സിംഗ് സമ്മതിച്ചെന്ന വിവരവും ഉന്നത പോലീസുദ്യോഗസ്ഥര്‍ പുറത്തുവിട്ടിട്ടുണ്ട്.

Latest