കളിയിക്കാവിള സംഭവം: മുഖ്യ പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും

Posted on: January 16, 2020 9:13 am | Last updated: January 16, 2020 at 12:31 pm

തിരുവനന്തപുരം | കളിയിക്കാവിളയില്‍ പോലീസുകാരനെ വെടിവെച്ചു കൊന്ന കേസിലെ മുഖ്യ പ്രതികളായ അബ്ദുല്‍ ഷെമീമിനെയും തൗഫീഖിനെയും ഇന്ന് കോടതിയില്‍ ഹാജരാക്കും. പൊങ്കല്‍ പ്രമാണിച്ച് കോടതിക്ക് അവധിയായതിനാല്‍ തക്കലയില്‍ മജിസ്‌ട്രേറ്റിന്റെ വസതിയിലാകും പ്രതികളെ ഹാജരാക്കുക. കന്യാകുമാരി എസ് പി. ശ്രീനാഥിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം ചൊവ്വാഴ്ച രാത്രി ഉഡുപ്പിയിലെത്തി ഷെമീമിനെയും തൗഫീഖിനെയും തമിഴ്‌നാട് പോലീസിന് കൈമാറിയിരുന്നു. ഇരുവരെയും മജിസ്‌ട്രേറ്റനു മുന്നില്‍ ഹാജരാക്കിയ ശേഷമായിരുന്നു കൈമാറല്‍.

‘അല്‍ ഉമ്മ’ എന്ന നിരോധിത സംഘടനയുടെ തമിഴ്‌നാട്ടിലെ പ്രവര്‍ത്തകരാണ് പ്രതികളെന്നാണ് വിവരം. ഇവര്‍ ബെംഗളൂരുവിലെ അല്‍ ഉമ്മ പ്രവര്‍ത്തകന്‍ ഖ്വാജ മൊയ്തീനിന്റെയും മെഹബൂബ് പാഷയുടെയും നേതൃത്വത്തില്‍ ബെംഗളൂരു കേന്ദ്രമായി തീവ്രവാദ പ്രവര്‍ത്തനങ്ങള്‍ നടത്താറുണ്ടെന്നും വ്യക്തമായതായി പോലീസ് പറയുന്നു. മെഹബൂബ് പാഷയടക്കം അല്‍ ഉമ്മ ഗ്രൂപ്പിലെ 17 പേര്‍ക്കെതിരേ ജനുവരി 11-ന് യു എ പി എ ചുമത്തി ബെംഗളൂരു പോലീസ് കേസെടുത്തിരുന്നു. മെഹ്ബൂബ് ഒളിവിലാണ്.