ജനസംഖ്യാ രജിസ്റ്റര്‍ തയാറാക്കില്ല; കേരളത്തില്‍ ജനിച്ച എല്ലാവര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കും: മുഖ്യമന്ത്രി

Posted on: January 15, 2020 11:48 pm | Last updated: January 16, 2020 at 10:54 am

തിരുവനന്തപുരം | കേരളത്തില്‍ ജനിച്ച എല്ലാവര്‍ക്കും ജനന സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ജനസംഖ്യാ രജിസ്റ്റര്‍ സംസ്ഥാനത്ത് തയാറാക്കില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. കേരളത്തില്‍ ദേശീയ ജനസംഖ്യാ രജിസ്റ്ററുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടക്കില്ല. ജനസംഖ്യാ രജിസ്റ്ററില്ലെങ്കില്‍ പൗരത്വ രജിസ്റ്ററിന്റെ ഒരു പ്രവര്‍ത്തനവും ഇല്ല. അതാണ് കേരളം നല്‍കുന്ന ഉറപ്പ്. അതേസമയം, സാമൂഹിക സുരക്ഷയുടെ ഭാഗമായി അങ്കണ്‍വാടി അധ്യാപകര്‍ നടത്തുന്ന സര്‍വേയുടെ പേരില്‍ ആശങ്ക വേണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ദേശീയ ജനസംഖ്യാ രജിസ്റ്റര്‍ എന്നത് ദേശീയ പൗരത്വ രജിസ്റ്ററിന്റെ ആദ്യ ഘട്ടമാണെന്നത് പ്രധാന മന്ത്രി മറച്ചുവക്കുകയാണ്. പൗരത്വ രജിസ്റ്ററിന്റെ പ്രത്യേക നടപടിക്രമങ്ങള്‍ ജനസംഖ്യാ രജിസ്റ്റര്‍ വച്ച് ചെയ്യാമെന്ന് ആഭ്യന്തര മന്ത്രി അമിത് ഷാ പറഞ്ഞിട്ടുണ്ട്. 2003 മുതലാണ് ഇതിനുള്ള നടപടി ബി ജെ പി സര്‍ക്കാര്‍ തുടങ്ങിയത്. ആര്‍ എസ് എസിന്റെ അജന്‍ഡകള്‍ ഘട്ടം ഘട്ടമായി നടപ്പാക്കുന്നതിന്റെ തെളിവാണിത്. ജര്‍മനിയില്‍ ഹിറ്റ്‌ലര്‍ സ്വീകരിച്ചതിന് സമാനമായ കാര്യങ്ങളാണ് ഇതെല്ലാം- മുഖ്യമന്ത്രി പറഞ്ഞു.