Connect with us

International

അടിയന്തര ലാന്‍ഡിംഗിനായി വിമാനത്തില്‍ നിന്നും ഇന്ധനം പുറത്തുവിട്ടു: 60 വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം

Published

|

Last Updated

ലോസ് ആഞ്ചലസ് | അടിയന്തര ലാന്‍ഡിംഗില്‍ വിമാനത്തിന്റെ ഭാരം കുറയ്ക്കുന്നതിനായി ഇന്ധനം പുറത്തേക്കൊഴുക്കിയതിനെ തുടര്‍ന്ന് പരിസരത്തെ സ്‌കൂളില്‍ പഠിക്കുന്ന അറുപത് കുട്ടികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടു. ലോസ് ആഞ്ചല്‍സിലെ കുഡാഹി, സൗത്ത് ലോസ് ആഞ്ചലസ്, ജോര്‍ദാന്‍ ഹൈസ്‌കൂള്‍ എന്നീ വിദ്യാലയങ്ങള്‍ക്ക് സമീപമാണ് സംഭവം നടന്നതെന്ന് ലോസ് ആഞ്ചല്‍സ് എ ബി സി സ്റ്റേഷന്‍ അറിയിച്ചു.

ഇന്ധനം പരിസരത്തെ അന്തരീക്ഷത്തില്‍ കലര്‍ന്നതോടെയാണ് വിദ്യാര്‍ഥികള്‍ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടത്. ഉടന്‍ തന്നെ വിദ്യാര്‍ഥികളെ സ്‌കൂളില്‍ നിന്ന് ഒഴിപ്പിക്കുകയും ലോസ് ആഞ്ചല്‍സ് അഗ്‌നിശമന സേനാംഗങ്ങളും പാരാമെഡിക്കല്‍ ഡിപ്പാര്‍ട്ട്‌മെന്റുകളും ചേര്‍ന്ന് അടിയന്തര ശുശ്രൂഷ നല്‍കുകയും ചെയ്തതായി ലോസ് ഏഞ്ചല്‍സ് കൗണ്ടി അഗ്‌നിശമന വകുപ്പ് അറിയിച്ചു. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ടെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ പറഞ്ഞു,

ലോസ് ആഞ്ചലസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും 149 യാത്രക്കാരും 15 ജീവനക്കാരുമായി ചൈനയിലെ ഷാങ്ഹായിലേക്കു പുറപ്പെട്ട ഡെല്‍റ്റ ഐയര്‍ ലൈന്‍സാണ് എന്‍ജിന്‍ തകരാറു മൂലം തിരിച്ചിറക്കിയത്. വിമാനം സുരക്ഷിതമായി ഇറക്കുന്നതിനാണ് ഇന്ധനം പുറത്തേക്കൊഴുക്കിയതെന്ന് ഡെല്‍റ്റ വക്താവ് അഡ്രിയാന്‍ ഗീ പറഞ്ഞു.

Latest