Connect with us

National

നിര്‍ഭയ കേസ്: വധശിക്ഷക്ക് എതിരായ പ്രതികളുടെ തിരുത്തല്‍ ഹരജി തള്ളി

Published

|

Last Updated

ന്യൂഡല്‍ഹി |  നിര്‍ഭയ കൂട്ട ബലാത്സംഗക്കേസില്‍ വധശിക്ഷ വിധിച്ചെതിനെതിരെ രണ്ട് പ്രതികള്‍ സമര്‍പ്പിച്ച തിരുത്തല്‍ ഹരജി സുപ്രീം കോടതി തള്ളി.  നാല് പ്രതികളില്‍ വിനയ് ശര്‍മ, മുകേഷ് കുമാര്‍ എന്നിവര്‍ സമര്‍പ്പിച്ച ഹരജിയാണ് തള്ളിയത്.  വധശിക്ഷക്ക് വിധിക്കപ്പെട്ട അക്ഷയ് കുമാര്‍ സിങ്, പവന്‍ ഗുപ്ത എന്നിവര്‍ തിരുത്തല്‍ ഹരജി നല്‍കിയിരുന്നില്ല.

പ്രതികള്‍ ദയ അര്‍ഹിക്കുന്നില്ലെന്ന് ജസ്റ്റിസ് എന്‍ വി രമണ അധ്യക്ഷനായ ബെഞ്ച് ചൂണ്ടിക്കാട്ടി. തിരുത്തല്‍ ഹരജി തള്ളിയ സാഹചര്യത്തില്‍ പ്രതികള്‍ക്ക് മുമ്പിലുള്ളത് ഇനി രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുകയാണ്. നിലവിലെ സാഹചര്യത്തില്‍ ദയാഹരജി രാഷ്ട്രപതി തള്ളാനാണ് സാധ്യത. ഇതിനാല്‍ നേരത്തെ പ്രഖ്യാപിച്ചത് പോലെ കേസിലെ നാല് പ്രതികളുടേയും വധശിക്ഷ ഈ മാസം 22ന് തന്നെ തിഹാര്‍ ജയിലില്‍ നടന്നേക്കും. ഇതിനുള്ള ഒരുക്കങ്ങള്‍ തിഹാര്‍ ജയിലില്‍ പുരോഗമിക്കുകയാണ്. ജസ്റ്റിസുമാരായ അരുണ്‍ മിശ്ര, ആര്‍ എഫ് നരിമാന്‍, ആര്‍ ഭാനുമതി, അശോക് ഭൂഷണ്‍ എന്നിവരാണ് തിരുത്തല്‍ ഹരജി തള്ളിയ ബെഞ്ചിലെ മറ്റ് അംഗങ്ങള്‍.

ജനുവരി ഏഴിനാണ് നിര്‍ഭയകേസില്‍ കുറ്റക്കാരെന്ന് കണ്ടെത്തിയ നാലു പ്രതികളെയും ദല്‍ഹി പാട്യാല ഹൗസ് കോടതി വധശിക്ഷ്‌ക്ക് വിധിച്ചത്. ജനുവരി 22 ന് പ്രതികളെ തൂക്കിലേറ്റായിരുന്നു കോടതി ഉത്തരവ്. കേസില്‍ ഒന്നാംപ്രതിയായിരുന്ന രാംസിങ് തിഹാര്‍ ജയിലില്‍ തൂങ്ങി മരിച്ചിരുന്നു.

2012 ഡിസംബര്‍ 16നാണ് 23 കാരിയായ പെണ്‍കുട്ടിയെ ദല്‍ഹിയില്‍ ആറു പേര്‍ ചേര്‍ന്ന് ഓടുന്ന ബസില്‍വെച്ച് ക്രൂരമായ ലൈംഗികാക്രമണത്തിന് ശേഷം റോഡില്‍ തള്ളിയിട്ടത്. 2012 ഡിസംബര്‍ 29 ന് സിംഗപ്പൂരിലെ മൗണ്ട് എലിസബത്ത് ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി മരണപ്പെടുകയായിരുന്നു. പെണ്‍കുട്ടിയുടെ മരണവുമായി ബന്ധപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭമാണ് അരങ്ങേറിയത്.

 

Latest