Connect with us

Kannur

പൗരത്വ നിയമം: ആർക്കും തെറ്റിദ്ധാരണയില്ല; ഉള്ളത് യഥാർഥ ധാരണ: കാന്തപുരം

Published

|

Last Updated

തലശ്ശേരി| പൗരത്വ ഭേദഗതി നിയമം സംബന്ധിച്ച് ഒരു വിഭാഗം വീടുകളിലും സദസ്സുകളിലും കയറിപ്പറ്റി തെറ്റിദ്ധാരണകൾ പരത്തിക്കൊണ്ടിരിക്കുകയാണെന്ന് അഖിലേന്ത്യാ സുന്നി ജംഇയ്യത്തുൽ ഉലമ ാ ജനറൽ സെക്രട്ടറി കാന്തപുരം എ പി അബൂബക്കർ മുസ്‌ല്യാർ പറഞ്ഞു. തലശ്ശേരിയിൽ ഭരണഘടന സംരക്ഷണ റാലിയിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഇന്ത്യൻ ഭരണഘടനയെ മാറ്റി മറിച്ചുകൊണ്ട് ജാതിയുടെയും മതത്തിന്റെയും പേരിൽ ഇവിടെ വിഭജനമുണ്ടാക്കി പ്രത്യക നിയമം തന്നെ ഉണ്ടാക്കാൻ ശ്രമിക്കുമ്പോഴാണ് നമ്മൾ ഈ നിയമം സംബന്ധിച്ച് തെറ്റിദ്ധരിച്ചു എന്ന് ചിലർ പറയുന്നത്. നമുക്ക് നിയമം സംബന്ധിച്ച് യാതൊരു തെറ്റായ ധാരണയും ഇല്ല. യഥാർഥ ധാരണയും അറിവും തന്നെയാണ് ഉള്ളത്. എല്ലാ ജാതി മതക്കാർക്കും എല്ലാ ആശയക്കാർക്കും ജീവിക്കാനുള്ള പൂർണ സ്വാതന്ത്യം ഇന്ത്യയിൽ ഉണ്ട്, അത് എടുത്തുകളയാനുള്ള ശ്രമം കേന്ദ്ര സർക്കാർ തുടങ്ങിയിട്ട് നാളുകളായി. മുസ്‌ലി‌ംകളെ ഒഴിവാക്കി നാളെ ഒരു പ്രത്യേക വിഭാഗത്തിന്റേതാണ് ഇന്ത്യ എന്ന് സമർഥിക്കാൻ ശ്രമിക്കുകയാണിവർ. ഇത് ഒരിക്കലും അംഗീകരിക്കാൻ കഴിയില്ല. മുസ്‌ലിംകളെ ഒഴിവാക്കിയാൽ നാളെ മറ്റൊരു വിഭാഗത്തെയും ഒഴിവാക്കും എന്നത് സംശയമില്ലാത്ത കാര്യമാണ് .

മുത്വലാഖ് നിയമം കൊണ്ടുവന്നതും നിയമവിരുദ്ധമായിട്ടായിരുന്നു. സാധാരണ സിവിൽ കേസ് വേണ്ടുന്ന വിഷയം ക്രിമിനലാക്കി മാറ്റി. പിന്നെയാണ് കശ്മീർ വിഭജനം. പ്രത്യേക വകുപ്പ് എടുത്തുകളഞ്ഞപ്പോഴും ഇന്ത്യയുടെ നന്മ ഓർത്ത് ആരും ഒന്നും ശബ്ദിച്ചില്ല. ബാബരി മസ്ജിദ് വിധിയിൽ അത് ഉണ്ടാക്കിയത് മുസ്‌ലിംകളാണെന്നും അമ്പലം തകർത്ത് ഉണ്ടാക്കിയതല്ലെന്നും എല്ലാം പറഞ്ഞ് മുസ്‌ലിം സമുദായത്തിന് കിട്ടേണ്ടതാണെന്ന് ഇപ്പോൾ പറയും എന്നുതോന്നുന്ന വിധത്തിൽ എത്തിച്ച് അവസാനം അത് മുസ്‌ലിംകൾക്ക് കൊടുക്കാൻ പാടില്ലെന്ന് പറഞ്ഞു. ഇങ്ങനെ വിധി വന്നപ്പോഴും ആരും പ്രകോപനം ഉണ്ടാക്കരുതെന്നും അക്രമം നടത്തരുതെന്നുമുള്ള ആഹ്വാനമാണ് സമുദായ നേതാക്കൾ നടത്തിയത്. അപ്പോഴാണ് പുതിയ ബില്ലും കൊണ്ട് വരുന്നത്. ഇത് വ്യക്തമായും ഭരണഘടനക്ക് വിരുദ്ധമാണ്. അംഗീകരിക്കാൻ സാധിക്കില്ലെന്നും കാന്തപുരം പറഞ്ഞു.

Latest