Connect with us

Kerala

ശബരിമല: പുനഃപരിശോധന റിട്ട് ഹരജികള്‍ വിശാല ബെഞ്ച് പരിഗണിക്കില്ലെന്ന് സുപ്രീം കോടതി

Published

|

Last Updated

ന്യൂഡല്‍ഹി |  ശബരിമല യുവതീപ്രവേശനവുമായി ബന്ധപ്പെട്ട് അഞ്ചംഗ ബെഞ്ച് ചൂണ്ടിക്കാട്ടിയ നിയമപ്രശ്‌നങ്ങള്‍ സുപ്രീം കോടതി വിശാല ബെഞ്ച് പരിശോധന തുടങ്ങി. ശബരിമലയില്‍ യുവതി പ്രവേശനത്തിനെതിരെ സമര്‍പ്പിക്കപ്പെട്ട പുനഃപരിശോധന, റിട്ട് ഹരജികളില്‍ ഈ ബെഞ്ച് വാദം കേള്‍ക്കില്ലെന്ന് ചീഫ് ജസ്റ്റിസ് എസ് എ ബോബ്‌ഡെ. കഴിഞ്ഞ നവംബറില്‍ സുപ്രീം കോടതിയുടെ അഞ്ചംഗ ബെഞ്ച് ഉന്നയിച്ച മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ എന്നതുള്‍പ്പെടെ ഏഴു ചോദ്യങ്ങളാണ് പരിഗണിക്കുകയെന്നും അദ്ദേഹം പറഞ്ഞു. ഒമ്പതംഗ ബെഞ്ചിന്റെ വിധിയുടെ അടിസ്ഥാനത്തിലായിരിക്കും ശബരിമല യുവതി പ്രവേശത്തിനെതിരായ പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീം കോടതി തീരുമാനമെടുക്കുക.

മതസ്വാതന്ത്ര്യം സംബന്ധിച്ച ഭരണഘടനാ വകുപ്പുകളിലെ വ്യവസ്ഥകള്‍, ഭരണഘടനയിലെ ക്രമസമാധാനം, ധാര്‍മികത തുടങ്ങിയ പ്രയോഗങ്ങളില്‍ വ്യക്തത, ഹൈന്ദവ വിഭാഗങ്ങള്‍ എന്ന പ്രയോഗത്തിന്റെ അര്‍ഥം, ഏതെങ്കിലും മതത്തിന്റെയോ വിഭാഗത്തിന്റെയോ ഒഴിച്ചുകൂടാനാവാത്ത മതാചാരങ്ങള്‍ക്കു ഭരണഘടനാ സംരക്ഷണം നല്‍കിയിട്ടുണ്ടോ, മതാചാരങ്ങളില്‍ ഇടപെടാന്‍ കോടതിക്ക് അധികാരമുണ്ടോ, ദര്‍ഗയിലോ മസ്ജിദിലോ മുസ്‌ലിം സ്ത്രീയുടെ പ്രവേശനം, പാഴ്‌സിയല്ലാത്ത ആളെ വിവാഹം ചെയ്ത പാഴ്‌സി വനിതയുടെ ആരാധനാലയ പ്രവേശനം, ദാവൂദി ബോറ സമൂഹത്തിലെ സ്ത്രീകളുടെ ചേലാ കര്‍മം തുടങ്ങിയകാര്യങ്ങള്‍ മാത്രമാണ് ഒമ്പതംഗ ബെഞ്ച് പരിഗണിക്കുന്നത്.

ശബരിമലയില്‍ എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും പ്രവേശം അനുവദിച്ച ഭരണഘടന ബെഞ്ചിന്റെ വിധിക്കെതിരായ പുനഃപരിശോധന ഹരജികള്‍ പരിഗണിക്കുന്നതിനിടെയാണ് പൊതുവായ നിയമപ്രശ്‌നങ്ങള്‍ ഉയര്‍ന്നുവന്നത്. ഈ ചോദ്യങ്ങള്‍ വിശാല ബെഞ്ച് പരിഗണിക്കാനും അതുവരെ ശബരിമല പുനഃപരിശോധന പരിഗണനയില്‍ നിലനിര്‍ത്താനും അഞ്ചംഗ ബെഞ്ച് തീരുമാനിക്കുകയായിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ രൂപവത്ക്കരിച്ച ഒമ്പതംഗ ബെഞ്ചാണ് വിഷയം പരിശോധിക്കുന്നത്.

 

Latest