Connect with us

Malappuram

പൗരത്വം ഔദാര്യമല്ല;  എസ് വൈ എസ് യുവജന പ്രയാണത്തിന് പ്രൗഢ തുടക്കം

Published

|

Last Updated

യുവജന പ്രയാണത്തിന് തുടക്കം കുറിച്ച് ഐക്കരപ്പടിയിൽ എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ സയ്യിദ് മുഹമ്മദ് തുറാബ് അസ്സഖാഫിയും വഴിക്കടവിൽ കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം ജില്ലാ പ്രസിഡന്റ് കൂറ്റമ്പാറ  അബ്ദുറഹ്‌മാൻ ദാരിമിയും ജാഥാ ക്യാപ്റ്റൻമാർക്ക് പതാക കൈമാറുന്നു

മലപ്പുറം | പൗരത്വം ഔദാര്യമല്ല; യുവത്വം നിലപാട് പറയുന്നു എന്ന ശീർഷകത്തിൽ ഈ മാസം 25 ന് പെരിന്തൽമണ്ണയിൽ നടക്കുന്ന എസ് വൈ എസ് ജില്ലാ റാലിയുടെ ഭാഗമായി നടക്കുന്ന യുവജന പ്രയാണത്തിന് പ്രൗഢമായ തുടക്കം. എസ് വൈ എസ് ജില്ലാ പ്രസിഡന്റ് ഇ കെ മുഹമ്മദ് കോയ സഖാഫിയുടെ നേതൃത്വത്തിൽ വഴിക്കടവിൽ നിന്നും ജനറൽ സെക്രട്ടറി കെ പി ജമാൽ കരുളായിയുടെ നേതൃത്വത്തിൽ ഐക്കരപ്പടിയിൽ നിന്നുമാണ് യുവജന പ്രയാണം. ജില്ലയിലെ മുപ്പത് സ്വീകരണ കേന്ദ്രങ്ങളിൽ സമര സദസ്സ് നടക്കും. 250 ടീം ഒലീവ് അംഗങ്ങൾ യാത്രയെ അനുഗമിക്കുന്നുണ്ട്.

വഴിക്കടവിൽ നിന്നും പ്രയാണമാരംഭിച്ച യാത്ര ചുങ്കത്തറ, നിലമ്പൂർ, പൂക്കോട്ടുംപാടം, കാളികാവ്, വണ്ടൂർ, പാണ്ടിക്കാട് കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി പെരിന്തൽമണ്ണയിൽ സമാപിച്ചു. ഐക്കരപ്പടിയിൽ നിന്നും തുടങ്ങിയ യാത്ര പുളിക്കൽ, കൊണ്ടോട്ടി, തൃപ്പനച്ചി, കിഴിശ്ശേരി, കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി ആക്കോട് സമാപിച്ചു. വിവിധ കേന്ദ്രങ്ങളിൽ ഹസൈനാർ സഖാഫി കുട്ടശ്ശരി, മുഈനുദ്ധീൻ സഖാഫി വെട്ടത്തൂർ, ശക്കീർ അരിമ്പ്ര, കരുവള്ളി അബ്ദുറഹീം, വി.പി.എം ഇസ്ഹാഖ്, അബ്ദുറഹ്്മാൻ കാരക്കുന്ന്, സിദ്ധീഖ് സഖാഫി വഴിക്കടവ്, ഉമർ മുസ്്‌ലിയാർ ചാലിയാർ, നജീബ് കല്ലരട്ടിക്കൽ, പി.പി മുജീബ് റഹ്്മാൻ വടക്കേമണ്ണ, ദുൽഫുഖാർ അലി സഖാഫി എന്നിവർ പ്രസംഗിച്ചു. വിവിധ രാഷ്ട്രീയ സാംസ്‌കാരിക നേതാക്കൾ സംസാരിച്ചു.

ഞായറാഴ്ച രാവിലെ 9 ന് പത്തനാപുരത്ത് നിന്ന് ആരംഭിക്കുന്ന യാത്രക്ക് അരീക്കോട്, കാവനൂർ, എടവണ്ണ, കാരക്കുന്ന് എന്നീ കേന്ദ്രങ്ങളിലും പുഴക്കാട്ടിരിയിൽ നിന്ന് ആരംഭിക്കുന്ന യാത്രക്ക് കൊളത്തൂർ, കൂട്ടിലങ്ങാടി, മലപ്പുറം, ആലത്തൂർപടി, ആനക്കയം എന്നീ കേന്ദ്രങ്ങളിലും സ്വീകരണം നൽകും. രണ്ട് യാത്രകളും വൈകുന്നേരം 6 ന് മഞ്ചേരിയിൽ സംഗമിക്കും. പഴയ സ്റ്റാന്റ് ഓഡിറ്റോറിയത്തിൽ നടക്കുന്ന സമാപന സംഗമത്തിൽ ജില്ലാ പ്രസിഡന്റ് ഇ.കെ മുഹമ്മദ് കോയ സഖാഫി, അഡ്വ. കെ.എൻ.എ ഖാദർ എം.എൽ.എ, പ്രൊഫ. എ.പി അബ്ദുൽ വഹാബ്, പി.കെ മുബശിർ, റിയാസ് മുക്കോളി, കെ.പി ജമാൽ കരുളായി, മജീദ് അരിയല്ലൂർ എന്നിവർ പ്രസംഗിക്കും.

.

Latest