Connect with us

National

'പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്'; ഐഷി ഘോഷിന് ആശംസകൾ നേർന്ന് മുഖ്യമന്ത്രി

Published

|

Last Updated

ഡൽഹി | ജെ എന്‍ യു വിദ്യാര്‍ഥി യൂണിയന്‍ പ്രസിഡന്റ്‌ ഐഷി ഘോഷിന് ആശംസകളുമായി മുഖ്യമന്ത്രി പിണറായി വിജയന്‍. ജെ എന്‍ യുവിലെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ ശക്തി അവളുടെ കണ്ണുകളിലുണ്ടെന്നും നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും നേരുന്നുവെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. കേരളഹൗസില്‍ ഐഷി ഘോഷുമായി മുഖ്യമന്ത്രി കൂടിക്കാഴ്‌ച നടത്തി.

നീതിക്കു വേണ്ടി ജെ എൻ യു വിദ്യാർഥി യൂണിയൻ നടത്തുന്ന പോരാട്ടത്തിൽ രാജ്യം മുഴുവൻ കൂടെയുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. നിങ്ങൾ നടത്തുന്ന സമരവും നിങ്ങൾക്ക് സംഭവിച്ചതും എല്ലാവർക്കും അറിയാം. അദ്ദേഹം പറഞ്ഞു. തുടർന്ന് വിദ്യാർഥികളുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് മുഖ്യമന്ത്രി ആരാഞ്ഞു.

സുധാൻവ ദേശ്പാണ്ഡെ രചിച്ച സഫ്ദർ ഹഷ്മിയുടെ ജീവചരിത്രം ഹല്ലാ ബോൽ മുഖ്യമന്ത്രി ഒയ്ഷിയ്ക്ക് സമ്മാനിച്ചു. കേരളം നൽകിയ പിന്തുണയ്ക്ക് ഐഷി നന്ദി അറിയിച്ചു. മുഖ്യമന്ത്രിയുടെ നിലപാട് ജെ എൻ യു. സമരങ്ങൾക്ക് പ്രചോദനം നൽകിയിട്ടുണ്ടെന്നും ഒയ്ഷി പ്രതികരിച്ചു. ജെ എൻ യു വിദ്യാർഥികളായ നിഖിൽ വർഗീസ് മാത്യു, നിതീഷ് നാരായണൻ, എസ് എഫ് ഐ ദേശീയ ജനറൽ സെക്രട്ടറി മയൂഖ് ബിശ്വാസ് എന്നിവരും കൂടിക്കാഴ്ചയിൽ പങ്കെടുത്തു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റ്: 

സംഘപരിവാര്‍ തിട്ടൂരങ്ങള്‍ക്കെതിരെ രാജ്യതലസ്ഥാനത്തെ ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാല ഐതിഹാസികമായ പ്രതിരോധ സമരത്തിലാണ്. പരിവാര്‍ ക്യാംപസിനകത്തുകയറി അഴിഞ്ഞാടി. മുഷ്‌ക്കുകൊണ്ട് ജവഹര്‍ലാല്‍ നെഹ്റു സര്‍വ്വകലാശാലയുടെ പ്രതിരോധത്തെ തീര്‍ത്തുകളയാമെന്നായിരുന്നു സംഘപരിവാറിന്റെ വ്യാമോഹം.

[irp]

വിട്ടുവീഴ്ചയില്ലാത്ത പോരാട്ടവീറാണ് ക്യാംപസ് കാഴ്ചവെച്ചത്. ജെഎന്‍യു വിദ്യാര്‍ത്ഥി യൂണിയന്‍ പ്രസിഡന്റും ജെഎന്‍യു നേതാവുമായ ഐഷി ഘോഷാണ് ഐതിഹാസിക പോരാട്ടത്തിന് നേതൃത്വം നല്‍കിയത്. പൊട്ടിയ തലയുമായി വീണ്ടും സമരരംഗത്തേക്ക് വരികയായിരുന്നു ഐഷി. ചികിത്സാര്‍ത്ഥം ആശുപത്രിയില്‍ പോയ ഐഷി കേരളാ ഹൗസിലെത്തി. രക്തസാക്ഷി സഫ്ദര്‍ ഹാഷ്മിയെക്കുറിച്ച് സുധാന്‍വാ ദേശ്പാണ്ഡെ എഴുതിയ “ഹല്ലാ ബോല്‍” എന്ന പുസ്തകം ഐഷിക്കുനല്‍കി.

ജെ എന്‍ യുവിലെ വിദ്യാര്‍ഥികളുടെ പോരാട്ടത്തിന്റെ ശക്തി ഈ പെണ്‍കുട്ടിയുടെ കണ്ണുകളിലുണ്ട്. നീതിക്ക് വേണ്ടിയുള്ള സമരത്തിന് എല്ലാവിധ ആശംസകളും.

Latest