Connect with us

Ongoing News

ബാറ്റിംഗും ബൗളിംഗും തകര്‍ത്തു; പരമ്പര ഇന്ത്യക്ക്

Published

|

Last Updated

പൂനെ | ശ്രീലങ്കക്കെതിരായ മൂന്നാം ടി 20യില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ ജയം. 78 റണ്‍സിനാണ് ഇന്ത്യ ശ്രീലങ്കയെ തകര്‍ത്തെറിഞ്ഞത്. ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റിംഗിനിറങ്ങിയ ഇന്ത്യ നിശ്ചിത ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 201 റണ്‍സെടുത്തു. മറുപടി ബാറ്റിംഗില്‍ ശ്രീലങ്ക 15.5 ഓവറില്‍ 123 റണ്‍സിന് എല്ലാവരും പുറത്തായി. ഇതോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി. ഗുവാഹത്തിയില്‍ നടന്ന ആദ്യ മത്സരം മഴ മുടക്കിയപ്പോള്‍ ഇന്‍ഡോറിലെ രണ്ടാം മത്സരം ഇന്ത്യ നേടി.

ശ്രീലങ്കന്‍ ബാറ്റിംഗ് നിരയില്‍ രണ്ടക്കം കണ്ടത് രണ്ട് പേര്‍ മാത്രമാണ്. അര്‍ധ ശതകം കണ്ടെത്തിയ ഓള്‍റൗണ്ടര്‍ ധനഞ്ജയ ഡിസില്‍വയും എയ്ഞ്ചലോ മാത്യൂസും. 36 പന്തില്‍ എട്ട് ഫോറും ഒരു സിക്സും സഹിതം 57 റണ്‍സാണ് ധനഞ്ജയയുടെ സമ്പാദ്യം. 20 പന്തില്‍ ഒരു ഫോറും മൂന്ന് സിക്സും സഹിതം എയ്ഞ്ചലോ മാത്യൂസ് 31 റണ്‍സെടുത്തു. ധനുഷ്‌ക ഗുണതിലക (ഒന്ന്), ആവിഷ്‌ക ഫെര്‍ണാണ്ടോ (ഒമ്പത്), കുശാല്‍ പെരേര (10 പന്തില്‍ ഏഴ്), ഒഷാഡ ഫെര്‍ണാണ്ടോ (അഞ്ച് പന്തില്‍ രണ്ട്), ദസൂണ്‍ ഷാനക (ഒന്പത് പന്തില്‍ 9), വാനിന്ദു ഹസരംഗ (0), ലക്ഷണ്‍ സന്ദാകന്‍ (ഒന്ന്), ക്യാപ്റ്റന്‍ ലസിത് മലിംഗ (0) എന്നിങ്ങനെയാണ് പുറത്തായ മറ്റു ലങ്കന്‍ താരങ്ങളുടെ പ്രകടനം. ലഹിരു കുമാര ഒരു റണ്‍സുമായി പുറത്താകാതെ നിന്നു. ഇന്ത്യക്കായി നവ്ദീപ് സെയ്നി 3.5 ഓവറില്‍ 28 റണ്‍സ് മാത്രം വഴങ്ങി മൂന്നു വിക്കറ്റെടുത്തു. ഷാര്‍ദുല്‍ താക്കൂര്‍, വാഷിംഗ്ടന്‍ സുന്ദര്‍ എന്നിവര്‍ രണ്ടും ജസ്പ്രീത് ബുമ്ര ഒരു വിക്കറ്റും വീഴ്ത്തി.

ഇന്ത്യക്കു വേണ്ടി ഓപണര്‍മാരായ ശിഖര്‍ ധവാന്‍ (36 പന്തില്‍ 52), കെ എല്‍ രാഹുല്‍ (36 പന്തില്‍ 54) എന്നിവരുടെ അര്‍ധ സെഞ്ച്വറികളും ഇരുവരും ചേര്‍ന്ന് ഓപണിംഗ് വിക്കറ്റില്‍ പടുത്തുയര്‍ത്തിയ 97 റണ്‍സുമാണ് ഇന്ത്യന്‍ ടീമിന് ആവേശം പകര്‍ന്നത്. അവസാന ഓവറുകളില്‍ മനീഷ് പാണ്ഡെയും (18 പന്തില്‍ പുറത്താകാതെ 31), ഷാര്‍ദൂല്‍ താക്കൂറും (എട്ട് പന്തില്‍ പുറത്താകാതെ 22) ചേര്‍ന്നു നടത്തിയ വെടിക്കെട്ട് ബാറ്റിംഗ് പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 200 കടത്തിയത്. മലയാളി താരം സഞ്ജു സാംസണ്‍ നേരിട്ട ആദ്യ പന്തു തന്നെ സിക്സര്‍ പറത്തിയെങ്കിലും തൊട്ടടുത്ത പന്തില്‍ പുറത്തായി. ശ്രേയസ് അയ്യര്‍ (രണ്ട് പന്തില്‍ നാല്), വിരാട് കോലി (17 പന്തില്‍ 26), വാഷിങ്ടന്‍ സുന്ദര്‍ (പൂജ്യം) എന്നിവരാണ് പുറത്തായ മറ്റു താരങ്ങള്‍. ശ്രീലങ്കക്കായി ലക്ഷന്‍ സന്ദാകന്‍ മൂന്ന് വിക്കറ്റ് വീഴ്ത്തി. ലഹിരു കുമാര, വനിന്തു ഹസരങ്ക എന്നിവര്‍ ഓരോ വിക്കറ്റും സ്വന്തമാക്കി.

Latest